|    Apr 19 Thu, 2018 10:57 pm
FLASH NEWS

ഗോത്രവര്‍ഗ അവകാശ സംരക്ഷണത്തിനും ദാരിദ്ര്യ ലഘൂകരണത്തിനുമായി നല്‍സയുടെ പദ്ധതികള്‍ക്ക് തുടക്കമായി

Published : 17th July 2016 | Posted By: SMR

കല്‍പ്പറ്റ: ഗോത്രവര്‍ഗ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും ദാരിദ്ര്യ ലഘൂകരണത്തിനുമായി ദേശീയ ലീഗല്‍ സര്‍വീസ് അതോറിറ്റി (നല്‍സ) യുടെ രണ്ട് പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുനെല്ലി ഡിടിപിസി ഹാളില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് നിര്‍വഹിച്ചു.
കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ ഇടയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപ്പിലാക്കുന്നതാണ് ഈ പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും വിവിധ പദ്ധതികള്‍ കാര്യക്ഷമമായി പെട്ടന്ന് നടപ്പിലാക്കുന്നതിനായി ഉദ്യോഗസ്ഥരുമായ ഇടപെടുകയും അവര്‍ അതിന് തയാറാകുന്നില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ദാരിദ്ര്യ നിര്‍മാര്‍ജനം വരുമാനത്തിന്റെ മാത്രം കാര്യമല്ല. ആരോഗ്യം, വീട്, പോഷകാഹാരം, തൊഴിലില്ലായ്മ, കുടിവെള്ളം എന്നിവയുടെ കാര്യത്തിലെല്ലാം ദാരിദ്ര്യ നിര്‍മാര്‍ജനമാണ് ഉണ്ടാവേണ്ടത്. അവസരത്തിലും അന്തസ്സിലും ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും ഒരേ നിലവാരം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോത്രവര്‍ഗ വിഭാഗത്തി ല്‍പ്പെടുന്നവര്‍ ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്. ആദിവാസി ഭവന നിര്‍മാണത്തില്‍ വന്‍ ചൂഷണം നടക്കുന്നതായി നിലമ്പൂര്‍ കരുളായിയിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചതിന്റെ അനുഭവം വിവരിച്ച് അദ്ദേഹം പറഞ്ഞു.
അമ്പതിലേറെ വീടുകളുള്ള കോളനിയില്‍ നാല്‍പത്തഞ്ചോളം വീടുകള്‍ തകര്‍ന്നുകിടക്കുകയായിരുന്നു. കുറേ വീടുകള്‍ ആന തകര്‍ത്തതായിരുന്നു. ബാക്കി വീടുകള്‍ ആവശ്യത്തിന് നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കാത്തതിനാലും തകര്‍ന്നു. നമ്മുടെ ഇടയിലുള്ള കരാറുകാര്‍ നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് ഉണ്ടാക്കിയ ഭവനങ്ങളാണ് തകര്‍ന്നുകിടക്കുന്നത്. നിര്‍മാണ മികവില്ലാത്തതുകൊണ്ടല്ല. നിര്‍മിക്കാനാവശ്യമായ ചേരുവകള്‍ വേണ്ടുംവിധം ചേര്‍ക്കാന്‍ പണം നല്ല പോലെ ചെലവഴിക്കേണ്ടി വരും. ലാഭം കൊയ്യാന്‍ വേണ്ടി ആദിവാസികളെ ചൂഷണം ചെയ്ത് അവര്‍ക്ക് അര്‍ഹതയുള്ള ഭവനങ്ങള്‍ പോലും ഉണ്ടാക്കിക്കൊടുക്കാതിരിക്കുകയാണെന്നും ജസ്റ്റിസ് പറഞ്ഞു.
ജില്ലാ സെഷന്‍സ് ജഡ്ജി ഡോ.വി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജി കെ സത്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ജില്ലാ സബ് ജഡ്ജി എ ജി സതീഷ്‌കുമാര്‍, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, സബ് കലക്ടര്‍ ശീറാം സാംബശിവറാവു, നോര്‍ത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി, കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്‍ എല്‍ ബൈജു, തൃശൂര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി മുജീബ് റഹ്മാന്‍, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍ ജെ ഹനസ്, സുല്‍ത്താന്‍ ബത്തേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി ഡി സജി, മാനന്തവാടി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാജു കെ ജോസഫ്, ഐടിഡിപി പ്രൊജക്ട് ഓഫിസര്‍ പി വാണിദാസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി ജി വിജയകുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പാരാലീഗല്‍ വോളന്റിയര്‍മാര്‍, ട്രൈബല്‍ വോളന്റിയര്‍മാര്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന അക്കാദമിക് സെഷനില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എ ജി സതീഷ് കുമാര്‍, മാനന്തവാടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം വേണുഗോപാല്‍ ക്ലാസെടുത്തു.
പട്ടിക വര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ദാരിദ്ര്യ ലഘൂകരണ പദ്ധതിയില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നുവെന്ന് പദ്ധതിയില്‍ ഉറപ്പാക്കും. ഇവര്‍ക്കാവശ്യമായ നിയമ സഹായം നല്‍കും. പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ഉന്നമനമാണ് പദ്ധതിയുടെ ലക്ഷ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss