|    Aug 21 Mon, 2017 5:41 pm
FLASH NEWS

ഗോത്രതാളം പദ്ധതി : വിദ്യാര്‍ഥികളുടെ അരങ്ങേറ്റം അഞ്ചിന്

Published : 3rd August 2017 | Posted By: fsq

 

കല്‍പ്പറ്റ: ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൗണ്‍സലിങ് ജില്ലാ സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഗോത്രതാളം പദ്ധതിയുടെ ഭാഗമായി വിവിധ ഗോത്രകലകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ അരങ്ങേറ്റം അഞ്ചിന് രാവിലെ 10ന് പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടക്കുമെന്നു സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തുറമുഖ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ഗദ്ദിക കലാകാരന്‍ പി കെ കരിയനെ ഒ ആര്‍ കേളു എംഎല്‍എ ആദരിക്കും. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ബ്രോഷര്‍ പ്രകാശനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. പി പി പ്രകാശന്‍ പദ്ധതി വിശദീകരണം നടത്തും. കരിയര്‍ ഗൈഡന്‍സ് സെല്‍ സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ ഡോ. സി എം അസീം, ഹയര്‍ സെക്കന്‍ഡറി റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആനിമോള്‍ കുര്യന്‍ സംസാരിക്കും. ജില്ലയിലെ വിവിധ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഗോത്രവിഭാഗത്തിലെ 35 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 52 പേരാണ് അരങ്ങേറ്റം കുറിക്കുന്നത്. അന്യംനിന്നുപോവുന്ന ഗോത്രകലകളെയും സംസ്‌കാരത്തെയും സംരക്ഷിക്കാനും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും ലക്ഷ്യംവയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ഗദ്ദിക, വട്ടക്കളി, കമ്പളനൃത്തം, കുനട്ട, തോട്ടി, കോല്‍ക്കളി, ഗോത്രനൃത്തം മുതലായ കലാരൂപങ്ങളിലും ആദിവാസികളുടെ തനതു പാട്ടുകളിലുമാണ് പരിശീലനം നല്‍കിയത്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ്‌സ് കൗണ്‍സലിങ് സെല്‍ ആണ് പരിശീലന പദ്ധതി ആവിഷ്‌കരിച്ചത്. ഏഴുലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു. ഇത്തരം ഒരു പരിശീലനം സംസ്ഥാനത്തുതന്നെ ആദ്യമായാണ് സംഘടിപ്പിക്കുന്നതെന്നു സംഘാടകര്‍ പറഞ്ഞു. കരിയര്‍ ഗൈഡന്‍സ് കോ-ഓഡിനേറ്റര്‍ സി ഇ ഫിലിപ്, കണ്‍വീനര്‍ കെ ബി സിമില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ. ബാവ കെ പാലുകുന്ന്, കെ അബ്ദുല്‍ റഷീദ്, കെ ഷാജി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക