|    Nov 22 Wed, 2017 11:05 am
FLASH NEWS
Home   >  News now   >  

ഗോഡ്‌സെയെ തള്ളിപ്പറയാന്‍ ആര്‍എസ്എസിന് ധൈര്യമുണ്ടോയെന്ന് പിടി തോമസ്

Published : 27th July 2016 | Posted By: sdq

pt thomas in dihaദോഹ: മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ശരിയാണെന്നും സാങ്കേതികമായി മാത്രമാണ് ഈ കേസില്‍ ആര്‍എസ്എസ് രക്ഷപ്പെട്ടതെന്നും പി ടി തോമസ് എംഎല്‍എ. ഹൃസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ അദ്ദേഹം ഇന്ത്യന്‍ മീഡിയ ഫോറം(ഐഎംഎഫ്) സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. പ്രസ്താവനയില്‍ മാപ്പുപറയണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാന്‍ കഴിയില്ലെന്ന രാഹുലിന്റെ നിലപാടിനോടൊപ്പമാണ് പാര്‍ട്ടി. ഗാന്ധി വധത്തില്‍ പങ്കില്ലെങ്കില്‍ ഘാതകനായ ഗോഡ്‌സയെ തള്ളിപ്പറയാന്‍ ആര്‍എസ്എസിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഗോഡ്‌സെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നെന്നും ഇയാളെ തള്ളിപ്പറയാന്‍ ഇന്നേവരെ ഒരു സംഘപരിവാര സംഘടനയും തയാറായിട്ടില്ലെന്നും ഇയാളുടെ ചിതാഭസ്മം അഖണ്ഡഭാരതത്തില്‍ വിതറാന്‍ കാത്ത് നില്‍ക്കുന്നവരാണ് ആര്‍എസ്എസുകാരെന്നും തോമസ് പറഞ്ഞു. ബിജെപിയെ ഒരുകാലത്തും അനുകൂലിക്കുകയോ കൂടെ കൂട്ടുകയോ ചെയ്യാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല.  


എതിരാളികളെ അക്രമിച്ച് കീഴ്‌പ്പെടുത്താനും നിയമം കൈയിലെടുക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. സിപിഎം കേരളത്തില്‍ കലാപത്തിന് കോപ്പുകൂട്ടുകയാണ്. സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള അക്രമവും കലാപവുമാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത് എന്നതാണ് കോടിയേരിയുടെ പ്രസ്താവനയില്‍ നിന്നു മനസ്സിലാക്കേണ്ടത്. വയലില്‍ പണി വരമ്പത്ത് കൂലി എന്നൊക്കെപ്പറഞ്ഞ് ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരു നേതാവ് അക്രമത്തിന് ആഹ്വാനം ചെയ്യുകയും അണികളോട് കായിക ബലം നേടാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നത് കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാണ്. സ്വന്തം പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ തന്നെ പൊലിസിനേയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്ന രീതി അത്യന്തം അപകടകരമാണ്. കലാപത്തിന് ആഹ്വാനം ചെയ്തതിന് കോടിയേരിക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ രംഗത്ത് വരണമെന്നും ഇതിനെതിരേ പ്രതിഷേധം ഉയരണമെന്നും പി ടി തോമസ് പറഞ്ഞു. വ്യത്യസ്തനായ മുഖ്യമന്ത്രിയാണ് താനെന്ന പുകമറ സൃഷ്ടിച്ച് ഭരണത്തിലേറിയ പിണറായി വിജയന്റെ മുഖം മൂടി അമ്പത് ദിവസം കൊണ്ട് അഴിഞ്ഞു വീണു. തനിക്ക് ചുറ്റും ചില അവതാരങ്ങള്‍ പ്രത്യക്ഷ്യപ്പെട്ടേക്കാമെന്നും അവര്‍ താനുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നുമൊക്കെയാണ് പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പ്രഖ്യാപിച്ചത്.
എന്നാല്‍ എംകെ ദാമോദരനെ നിയമോപദേശകനാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും സാമ്പത്തിക ഉപദേഷ്ടാവിന്റെ നിയമനങ്ങളുമെല്ലാം പ്രഖ്യാപിച്ചതിന്റെ നേര്‍ വിപരീതങ്ങളായാണ് ജനം കണ്ട് കൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സംഭവിച്ച അപാകതയും മറ്റു ചില കാരണങ്ങളും കൊണ്ടാണ് പല സീറ്റുകളും നഷ്ടമായത്. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ 16 സീറ്റെങ്കിലും കൂടുതല്‍ നേടാന്‍ കഴിയുമായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ 40 ശതമാനം ഉത്തരവാദിത്വം നേതാക്കള്‍ക്കാണ്. സര്‍ക്കാറിന്റെ അവസാന കാലത്തെടുത്ത തീരുമാനങ്ങള്‍ വിനയായി. നേമത്ത് സ്ഥാനാര്‍ഥിയുടെ ഇമേജാണ് വോട്ടുചോര്‍ച്ച ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയില്‍ നിന്നു ആരും വിട്ടുപോകരുതെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. എന്നാല്‍, ചിലര്‍ അത്തരത്തില്‍ തീരുമാനമെടുക്കുന്നുവെങ്കില്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. താഴെതട്ട് വരേയുള്ള പാര്‍ട്ടി ഭാരവാഹികളുടെ ബാഹുല്യം കോണ്‍ഗ്രസിന് പറ്റിയ വീഴ്ചയാണ്. ഈ വിഷയം താന്‍ രാഹുല്‍ഗാന്ധിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. സാക്കിര്‍നായിക്കിന്റെ വിഷയത്തില്‍ ഇടി മുഹമ്മദ് ബഷീറിന്റെ അഭിപ്രായത്തോട് ഇപ്പോഴും വിയോജിപ്പു തന്നെയാണ് ഉള്ളത്. സാക്കിര്‍ നായിക്കിന്റെ പല നിലപാടുകളും അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്നും അതിനാലാണ് മുസ്‌ലിം ലീഗ് അഭിപ്രായത്തോട് വിയോജിപ്പ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ഐഎംഎഫ് വൈസ് പ്രസിഡന്റ് ആര്‍ റിന്‍സ് അധ്യക്ഷത വഹിച്ചു. ഐഎംഎ റഫീക് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക