|    Jan 21 Sat, 2017 4:20 pm
FLASH NEWS

ഗോഡ്ഫാദര്‍ ഇല്ലാത്തതിനാല്‍ മന്ത്രിസ്ഥാനം ലഭിച്ചില്ലെന്ന പരാമര്‍ശം; ഇഎസ് ബിജിമോളോട് സിപിഐ വിശദീകരണം തേടി

Published : 2nd July 2016 | Posted By: SMR

തിരുവനന്തപുരം: ഇഎസ് ബിജിമോള്‍ എംഎല്‍എയോട് വിശദീകരണം തേടാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനം. പാര്‍ട്ടിയില്‍ തനിക്ക് ഗോഡ്ഫാദറില്ലാത്തതിനാലാണ് മന്ത്രിപദം കിട്ടാതിരുന്നതെന്ന ബിജിമോളുടെ പരാമര്‍ശത്തെത്തുടര്‍ന്നാണ് വിശദീകരണം തേടിയത്. ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ബിജിമോള്‍ ഈ പരാമര്‍ശം നടത്തിയത്.
പരാമര്‍ശം പാര്‍ട്ടിക്ക് അത്യന്തം അവഹേളനപരമാണെന്നാണ് സംസ്ഥാന എക്‌സിക്യൂട്ടീവിലുണ്ടായ പൊതുവികാരം. ഇതെത്തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത്. സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ ബിജിമോള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കുമെന്നാണ് വിവരം. തിരഞ്ഞെടുപ്പു കാലത്ത് തന്നെ കൊല്ലാന്‍ ചിലര്‍ ശ്രമിച്ചെന്നും വളരെ ഭയന്നാണ് പ്രചാരണത്തില്‍ പങ്കെടുത്തതെന്നും ബിജിമോള്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ പാര്‍ട്ടിയിലുള്ളവര്‍ തന്നെയാണെന്ന ഗുരുതരമായ ആരോപണവും അവര്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന്, ജില്ലാ കമ്മിറ്റി വിശദീകരണം ചോദിച്ചപ്പോള്‍ തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് അവര്‍ ഖേദപ്രകടനം നടത്തുകയുണ്ടായി. ഗോഡ്ഫാദര്‍ പരാമര്‍ശത്തിലും ബിജിമോളുടെ വിശദീകരണം അനുസരിച്ചാവും നടപടി.
മന്ത്രിമാരെ നിശ്ചയിക്കുന്നതിനെ ചൊല്ലി സിപിഐയില്‍ വലിയ തര്‍ക്കങ്ങളാണുണ്ടായത്. സി ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചയ്ക്കും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ബിജിമോളുടെ പരാമര്‍ശം. മന്ത്രിസ്ഥാനത്തേക്ക് ബിജിമോളുടെ പേരും ആദ്യഘട്ടത്തില്‍ ഉയര്‍ന്നുകേട്ടെങ്കിലും പിന്നീടൊഴിവാക്കുകയായിരുന്നു.
വനിതാ നേതാവെന്ന രീതിയിലാണ് ബിജിമോള്‍ ആദ്യം സാധ്യതാ പട്ടികയില്‍ ഇടം നേടിയിരുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവിലാണ് ബിജിമോളുടെ നിലപാടിനെതിരേ വിമര്‍ശനം ഉണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 324 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക