|    Apr 27 Fri, 2018 2:26 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഗോഗ്വായ്ക്കും ഗുസ്തിക്കുമപ്പുറം

Published : 14th May 2016 | Posted By: SMR

slug-a-bദൈവത്തിന്റെ സ്വന്തം നാട്ടില്‍, ക്ഷമിക്കണം സോമാലിയയില്‍, ചിന്തയും പ്രവൃത്തിയും തമ്മിലുള്ള ബന്ധത്തിന് എത്രകണ്ട് ഇടംകിട്ടാറുണ്ടെന്നത് ആലോചനാമൃതമാണ്. പുറ്റിങ്ങല്‍ ദുരന്തപ്പിറ്റേന്ന് കതിനയുടെ പാര്‍ശ്വഫലങ്ങളെപ്പറ്റിയായിരുന്നു കൂലംകഷമായ ചിന്ത. കാതുതകര്‍ക്കുന്ന ഡെസിബല്‍ തോതിന്‍മേല്‍ മുടിനാരിഴകീറി. തിരഞ്ഞെടുപ്പു പ്രചാരണത്തിന് കര്‍ട്ടന്‍ വീഴുമ്പോള്‍ ഇന്നാട്ടിലുണ്ടായ ഒച്ചഭീകരതയുടെ കണക്കെടുക്കാന്‍ ആളില്ല. ജനായത്ത പ്രക്രിയയുടെ പേരില്‍ അതങ്ങ് സഹിച്ചുവിടുകയാണു നാട്ടുകാര്‍.
മദ്യനയം തൊട്ട് സോമാലിയ വരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ പൗരസമക്ഷം എടുത്തിട്ടലക്കി. ഓരോന്നും അല്‍പായുസ്സായി അന്തരീക്ഷത്തില്‍ ലയിച്ചു. വെടിയുതിര്‍ക്കുന്നു എന്നല്ലാതെ ലക്ഷ്യവേധിയാവണമെന്ന ഉദ്ദേശ്യമൊന്നും ഉതിര്‍ക്കുന്നവര്‍ക്കുപോലുമില്ല. ഒരജണ്ടയ്ക്ക് തീവ്രതയോ ആത്മാര്‍പ്പണമോ ഉണ്ടായിരിക്കണമെന്ന് അവതരിപ്പിക്കുന്നവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ ദുശ്ശാഠ്യമേതുമില്ല. അതുകൊണ്ട് ഭൂമിമലയാളത്തിലെ ഏറ്റവും മികച്ച ഉഡായിപ്പ് തന്നെയാണ് ഉദ്ഘാടനച്ചരക്കായി രംഗത്തിറക്കിയത്- മദ്യനയം. ഇല്ലാത്ത നിരോധനത്തിന്റെ പേരില്‍ യുഡിഎഫും വര്‍ജനമെന്ന കൗണ്ടര്‍ ഉഡായിപ്പില്‍ ഇടതുപക്ഷവും ഇതിനു രണ്ടിനുമിടയിലെ ത്രിശങ്കുവില്‍ മൂന്നാംമുന്നണിയും ഭാവാഭിനയം നടത്തി. പിന്നീട് മുഖ്യമായും അന്തരീക്ഷം നിറച്ചത് ഗൂഢാലോചനാ തിയറികളാണ്. ബിജെപിയെ അച്ചുതണ്ടാക്കി മറ്റു രണ്ടു മുന്നണിയും അന്യോന്യം വെടിയുതിര്‍ത്തു. ഒരുപക്ഷം കോലീബി കാര്‍ഡ് ഉയര്‍ത്തിയപ്പോള്‍ മറുപക്ഷം സിപിഎം-ആര്‍എസ്എസ് ധാരണ ഉന്നയിച്ചു. ബിജെപിയാവട്ടെ കോമാലീ എന്ന പുതിയ നമ്പറിറക്കി.
തങ്ങളുടെ ശക്തി എതിരാളികള്‍ തിരിച്ചറിഞ്ഞു എന്നു പറഞ്ഞ് മേനിനടിക്കാന്‍ ഹിന്ദുത്വപരിവാരം നാവുവളച്ചതേയുള്ളൂ, മോദിയുടെ ചടപടലാറ്റി സംഗതിയാകെ കുഴച്ചുകളഞ്ഞു. അതോടെ കടുത്ത ബിജെപി വിരുദ്ധനായി നടിച്ചുകൊണ്ട് ചാണ്ടി അഗ്നിശുദ്ധിവരുത്താന്‍ ശ്രമിച്ചു. വികസനവും അഴിമതിയും മതനിരപേക്ഷതയും പറഞ്ഞ് വോട്ട്പിടിക്കാനിറങ്ങിയവര്‍ ചരടുപൊട്ടിയ പട്ടങ്ങളായി അന്തരീക്ഷത്തില്‍ പാറിനടന്നപ്പോള്‍ പൗരന്‍ ആദിബിന്ദുവില്‍ത്തന്നെ സന്ദിഗ്ധനായി നിന്നു. എന്തിന്റെ പേരിലാണ് വോട്ട് കുത്തുക?
മുന്നിലുള്ളത് മൂന്നു മുന്നണികളാണ്. മൂന്നാമനെ ആദ്യമെടുക്കാം. അക്കൗണ്ട് തുറക്കുക എന്നതാണ് പ്രധാന അജണ്ട. അതിനുവേണ്ടി 140 മണ്ഡലങ്ങളില്‍ മല്‍സരിക്കുക എന്നതുതന്നെ യുക്തിയില്ലാത്ത രാഷ്ട്രീയമാണ്. 140 ഇടത്തുനിന്നു ലോട്ടറിയെടുക്കുക, ഏതെങ്കിലുമൊന്ന് അടിച്ചാല്‍ ഭാഗ്യം. ഭാഗ്യപരീക്ഷണത്തെ രാഷ്ട്രീയപദ്ധതിയായി കണക്കാക്കുന്നത് ജനാധിപത്യത്തിന് ആശാസ്യമല്ല. അതുകൊണ്ട് അക്കൗണ്ട് തുറക്കല്‍ മോഹത്തിനു മറപിടിക്കാനാണ് തിരഞ്ഞെടുപ്പ് അജണ്ടകള്‍ വച്ചിരിക്കുന്നതുതന്നെ. മറ്റു രണ്ടു മുന്നണികള്‍ക്കുമുള്ള ‘കുറ്റപത്ര’മാണ് ഈ കച്ചേരിയുടെ കേന്ദ്രതന്തു. അതൊന്നു നോക്കുക. 1956ല്‍ കേരളം സ്വര്‍ഗമായിരുന്നു. തുടര്‍ന്നുള്ള 60 കൊല്ലംകൊണ്ട് നാടു കുട്ടിച്ചോറായി എന്നാണ് ആമുഖവെടി. എന്താണ് ഇതിനര്‍ഥം? കോളനിവാഴ്ചയിലും രാജവാഴ്ചയിലും നാട് പറുദീസയായിരുന്നെന്നും ജനാധിപത്യം വന്നു സര്‍വവും അലമ്പാക്കിയെന്നുമല്ലേ?
കേരളത്തില്‍ എഴുത്തും കണക്കുകൂട്ടലുമറിയുന്ന പിള്ളേരില്ലാതാവുന്നു എന്നതാണ് മറ്റൊരു കണ്ടെത്തല്‍. ഏതോ ഒരു പത്രവാര്‍ത്തയെ ഉദ്ധരിച്ചാണീ ആക്ഷേപം. അതേ വാര്‍ത്തയില്‍ പറയുന്നുണ്ട്, കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം കേമമാണെന്ന്. അക്ഷരമറിയാത്ത പിള്ളേരുതന്നെയാണ് ഈ കേമത്തം കാട്ടുന്നതും! ഈജാതി അബദ്ധപഞ്ചാംഗമായി ഒരു മുന്നണിയുടെ അജണ്ടപ്പുസ്തകം മാറുന്നതില്‍ അതിശയമില്ല. വ്യക്തമായ കാഴ്ചപ്പാടും അതിനനുസരിച്ചുള്ള നിലപാടുമല്ല, അധികാരത്തില്‍ ഏതുവിധേനയുമൊന്നു നുഴഞ്ഞുകയറുക എന്നതു മാത്രമാണ് ഉന്നമെന്നു സാരം.
ഭരണമുന്നണിയുടെ മുഖ്യ അജണ്ട ഭരണത്തുടര്‍ച്ച. അതിനുള്ള അവകാശപത്രമാണ് വികസനം. വലിയ കെട്ടിടങ്ങള്‍, തുറമുഖം, വിമാനത്താവളം, ഐടി പാര്‍ക്ക് ഇത്യാദി കമ്പക്കെട്ടിനാണ് ടിയാന്മാര്‍ വികസനം എന്നു പറയുന്നത്. വലിയ നിര്‍മാണങ്ങള്‍ക്ക് വന്‍തോതില്‍ നിര്‍മാണസാമഗ്രികള്‍ വേണം. കല്ലും മണ്ണും സുലഭമാവണമെങ്കില്‍ പാറമടകളും പുഴകളും സുഗമമായി തുരക്കണം. തുറമുഖക്കാര്യത്തില്‍ അനുഭവം ഗുരുവായുണ്ട്- വല്ലാര്‍പ്പാടം. ആന്റണിയുടെ കാലത്ത് ഇതുപോലെ ഘോഷിച്ച ഒരു പദ്ധതി വേറെയില്ല. ഇപ്പോള്‍ പല്ലവി വിഴിഞ്ഞത്തിന്‍മേലാണ്. ഒരു സ്വകാര്യ വ്യക്തിക്ക് അങ്ങോട്ടുചെന്ന് തീറെഴുതിയ ഇടപാടിനെയാണ് ഇപ്പോള്‍ മഹാനേട്ടമായി ഘോഷിക്കുന്നത്.
ഈ നയത്തിന്റെ സയാമീസ് ഇരട്ടയാണ് അഴിമതി. അത് പഴയകാലത്തെപ്പോലെ ഒറ്റപ്പെട്ടതോ വ്യക്തിഗതമോ അല്ല. പുതിയ വികസനനയത്തിന്‍ കീഴില്‍ അതിനൊരു ഘടനാപരമായ അസ്തിത്വവും അനിവാര്യതയും കൈവന്നിരിക്കുന്നു. രാഷ്ട്രീയനേതൃത്വത്തിന് ടി നയം മുന്നേറ്റാന്‍ ഉദ്യോഗസ്ഥശ്രേണിയുടെ പിന്‍ബലം വേണം. അത് സപ്ലൈ ചെയ്യാന്‍ വിമുഖരായ ഉദ്യോഗസ്ഥര്‍ ഒതുക്കപ്പെടും. ഈ പ്രക്രിയയില്‍ സ്വാഭാവികമാവുന്ന അഴിമതി മൂടിവയ്ക്കാന്‍ ‘സ്വന്തം’ ഉദ്യോഗസ്ഥ ടീമിന്റെ അനിവാര്യത വേറെ. അങ്ങനെ അഴിമതിക്കു മീതെയുള്ള അഴിമതിയുമായി ഈ കൂട്ടുകെട്ട് മാറുന്നു. ഉദാഹരണമായി, വെറും രണ്ടംഗങ്ങളുടെ അധിക പിന്‍ബലം മാത്രമുണ്ടായിരുന്നിട്ടും കാലാവധി പൂര്‍ത്തിയാക്കിയതാണ് ഈ മന്ത്രിസഭയുടെ കേമത്തമായി പ്രചരിക്കപ്പെടുന്നത്. ആ മിടുക്കിന്റെ അണിയറ എന്തെന്നറിയാന്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഒരു ഫയല്‍പൂഴ്ത്തല്‍ മാത്രം മതി. പിഡബ്ല്യുഡി കരാറുകള്‍ക്കുമേല്‍ വിജിലന്‍സ് നല്‍കിയ റിപോര്‍ട്ട്. മരാമത്തുമന്ത്രിയും ധനമന്ത്രിയും കൈക്കൂലി പറ്റിയ കണക്ക് നിരത്തിയിട്ട് നടപടിക്കായി ശുപാര്‍ശ ചെയ്യുന്ന ടി റിപോര്‍ട്ട് ആഭ്യന്തരമന്ത്രി ഭംഗിയായി മുക്കി. കാരണം, ഇപ്പറയുന്ന രണ്ടു മന്ത്രിമാര്‍ രണ്ടു പ്രമുഖ ഘടകകക്ഷിക്കാരാണ്.
ഈ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിന്റെ അജണ്ട സ്വാഭാവികമായിത്തന്നെ അഴിമതിയില്‍ ഊന്നേണ്ടതായിരുന്നു. കടലാസില്‍ അവര്‍ അതു ചെയ്തിട്ടുണ്ടെങ്കിലും പ്രചാരണകാലേ അജണ്ടയുടെ ഫോക്കസ് പോയി. പ്രതിയോഗികള്‍ സെറ്റ് ചെയ്യുന്ന അജണ്ടകള്‍ക്കു പിന്നാലെ പോവുന്ന ഇടതുപക്ഷത്തെയാണ് മിക്കപ്പോഴും കണ്ടത്. വികസനം പറയാതെ തങ്ങള്‍ക്കും രക്ഷയില്ലെന്ന മട്ട്. അതും മധ്യവര്‍ഗത്തിനു സുഖിക്കുന്ന വികസനം പറയണം. ചാണ്ടിപ്പടയുടെ വികസന സങ്കല്‍പത്തില്‍നിന്ന് അഴിമതി കിഴിച്ചാല്‍ തങ്ങളായി എന്ന മട്ടിലാണ് ഇടതുപക്ഷത്തിന്റെ കച്ചേരി.
നേരാണ്, അടിസ്ഥാനപരമായ വിഷയം വികസനം തന്നെയാണ്. എന്നാല്‍, എന്തുതരം വികസനം? സത്യത്തില്‍, സ്ഥാനാര്‍ഥികളെല്ലാംതന്നെ സ്വന്തം മണ്ഡലങ്ങളില്‍ ഏതാണ്ട് ഒരേതരം വികസനസങ്കല്‍പമാണ് നിരത്തുന്നത്- മധ്യവര്‍ഗാധിഷ്ഠിത പ്രത്യക്ഷ വികസനം.
ഭൂലഭ്യത നന്നേ കുറഞ്ഞുകഴിഞ്ഞ കേരളത്തില്‍ ഭൂവിതരണവും വിനിയോഗവും എങ്ങനെ? അതിന്‍മേല്‍ എന്തു മാറ്റമാണു വരുത്തേണ്ടത്? എവ്വിധം? അടിസ്ഥാനപരമായ ഈ രാഷ്ട്രീയ ചോദ്യം ഒരു മുന്നണിയും ഉന്നയിക്കുന്നില്ല. ഒരുവേള ഭൂവിതരണത്തെ കാതലായി പരിഷ്‌കരിച്ച് രാഷ്ട്രീയക്കുഴപ്പത്തിലാകാന്‍ ആരും തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല എന്നിരിക്കട്ടെ. അപ്പോഴും ഭൂവിനിയോഗം എങ്ങനെയായിരിക്കണം എന്ന ചോദ്യം എല്ലാവരെയും വെല്ലുവിളിക്കുകയാണ്. ഭൂമിയെ ഓരോ അംശമായി വേര്‍തിരിച്ച്- കല്ലും മണ്ണും ധാതുവും ജലവും മരവുമൊക്കെയായി- ചൂഷണം ചെയ്യുന്ന പൊതുവികസനസങ്കല്‍പം കലശലായ ഭീഷണി ഏറ്റുവാങ്ങുന്നത് മനുഷ്യരില്‍നിന്നല്ല, പ്രകൃതിയില്‍നിന്നാണ്. ദേശവും കാലാവസ്ഥയും എടങ്ങേറിലാവുന്നു. അവിടെയാണ് നിലവിലെ വികസനസങ്കല്‍പം പാരയാവുന്നത്. വ്യക്തമായ ഒരു ബദല്‍ സങ്കല്‍പം മൂന്നു മുന്നണികളെയും ഒഴിഞ്ഞുപോവുന്നു. മൂന്നു നിലയ്ക്ക് മീതേ പോവുന്ന കെട്ടിടം വേണ്ടെന്നുവയ്ക്കാന്‍ ചാണ്ടിപ്പടയ്ക്ക് പറ്റില്ല. കാരണം, നാട്ടിലെ മധ്യവര്‍ഗത്തിനത് മോഹഭംഗമുണ്ടാക്കും. ഏറ്റവും കുറച്ച് സ്ഥലം മാത്രം ആവശ്യമുള്ള വ്യവസായമാണ് ഐടി. അതിന് ഏറ്റവുമധികം ഭൂമി പതിച്ചുകൊടുക്കുന്ന പരിഹാസ്യതയെ വികസനമെന്നു വിളിച്ചാര്‍ക്കുന്നത് മുന്നണികള്‍ മാത്രമല്ല, നാട്ടുകാര്‍ കൂടിയാണ്. ഇമ്മാതിരി വികസന നയത്തിന്റെ പരിണതഫലങ്ങളിലൊന്നാണ് മാലിന്യക്കെണി. ഉപഭോഗം കൂട്ടി സാമ്പത്തിക വളര്‍ച്ച പുഷ്ടിപ്പെടുത്തുന്ന നവ ഉദാരവല്‍ക്കരണ സങ്കല്‍പത്തിന്റെ പ്രത്യക്ഷഫലം. അവിടെയും എടങ്ങേറിലാവുന്നത് അടിസ്ഥാന തട്ടകം തന്നെ- ഭൂമി. അതുകൊണ്ടുതന്നെ, റെട്ടറിയും പച്ചയായ നുണയും ചെട്ടിമിടുക്കും വച്ചുള്ള പ്രചാരണകോലാഹലത്തില്‍ പൗരാവലിയുടെ അടിസ്ഥാന അജണ്ട ഭൂമി മാത്രമാവുന്നു. അതിന് ഇനിയും തട്ടുകേടുണ്ടാവാതെ എങ്ങനെ ജീവിതനില മെച്ചപ്പെടുത്താം? ഇതേ ചോദ്യത്തിലാണ് പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ പരിഹാരവും കിടക്കുന്നത്. വസ്തുനിഷ്ഠവും സത്യസന്ധവുമായ അജണ്ട ഏതു സ്ഥാനാര്‍ഥിക്കുണ്ട് എന്നതാണു വോട്ടര്‍ നോക്കേണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss