|    Dec 15 Fri, 2017 3:55 pm
FLASH NEWS
Home   >  Sports  >  Football  >  

ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം പരീക്ഷ

Published : 3rd December 2017 | Posted By: vishnu vis

ആബിദ്
കോഴിക്കോട്:  ഐ ലീഗില്‍ കേരളത്തില്‍ നിന്നുള്ള ഏകടീമായ ഗോകുലം കേരള എഫ് സി യുടെ ആദ്യ ഹോം മാച്ച് ഇന്ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. കരുത്തരായ ചെന്നൈ എഫ്‌സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍. രാത്രി എട്ടിനാണ് മല്‍സരം.ഐ ലീഗില്‍ ഏറ്റവും നല്ല കളി പുറത്തെടുത്ത് ആദ്യ നാലില്‍ ഇടംനേടി സൂപ്പര്‍കപ്പില്‍ പങ്കെടുക്കുകയെന്ന സ്വപ്‌നവുമായാണ് ഗോകുലം  കളത്തിലിറങ്ങുന്നത്. ഷില്ലോങ്ങില്‍ ലജോങ്  എഫ്‌സിയുമായി നടന്ന ആദ്യ മല്‍സരത്തില്‍ ഒരു ഗോളിന് തോറ്റിരുന്നെങ്കിലും സ്വന്തം  കാണികളുടെ പിന്തുണയുടെ കരുത്തില്‍ വിജയം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ടീം. 10  മലയാളി  താരങ്ങളാണ് ഗോകുലത്തിനായി ബൂട്ടണിയുന്നത്. വിവാ കേരളക്ക് ശേഷം മലയാളികളുടെ മാനം കാക്കാനുള്ള തയ്യാറെടുപ്പുമായാണ് ക്ലബ്ബിന്റെ വരവ്.  11 മാസം മുമ്പ് രൂപം കൊണ്ട ഗോകുലം ക്ലബ്ബ് മികച്ച  താരനിരയെ തന്നെ കളത്തിലിറക്കുന്നുണ്ട്. രണ്ടാം മല്‍സരവും ഗോകുലത്തിന്റെ ആദ്യ ഹോം മാച്ചുമാണെന്നതിനാല്‍ കേരള കാണികളുടെ ഈറ്റില്ലമായ കോഴിക്കോട് സ്‌റ്റേഡിയത്തില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ക്ലബ്ബിനായേക്കും. വയനാട് സ്വദേശിയായ സുശാന്ത് മാത്യുവാണ് ഗോകുലത്തിന്റെ ക്യാപ്റ്റന്‍. കോച്ച് ബിനോ ജോര്‍ജ്ജും സഹ കോച്ച് കെ ഷാജിറുദ്ദീനും ടീമിന്റെ മുന്നൊരുക്കത്തിന് മുന്നിലാണ്. മുന്‍ മുഹമ്മദന്‍സ് താരം ഉസ്മാന്‍ ആഷിക്. ഉസ്‌ബെക്കിസ്താന്‍ താരം  ഗുലാം ഉറുനോവ്, സെയര്‍ താരം ലേലോ എംബിലി, ഐവറി കോസ്റ്റ് താരം കാമോ സ്റ്റെഫാനി, അഫ്ഗാന്‍ താരം ഫൈസല്‍, ഡല്‍ഹി യുനൈറ്റഡ് താരം മുഹമ്മദ് സലാഹ്, ടി മുഹമ്മദ് ഇര്‍ഷാദ് തുടങ്ങിയവരുടെ നേതൃത്വമാണ് ടീമിന് കരുത്ത്. അഞ്ച് സന്തോഷ് ട്രോഫി താരങ്ങളും നാല് വിദേശ താരങ്ങളും ഒരു ഐ എസ് എല്‍ താരവുമുള്‍പ്പടെയുള്ള ചെന്നൈ എഫ് സി ടീമില്‍ നാല് പേര്‍ മലയാളികളാണ്. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ മലയാളി കുടുംബത്തിലെ സുസേരാജാണ് ക്യാപ്റ്റന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക