|    Jul 16 Mon, 2018 6:51 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗോകുലം എഫ്‌സി ഇനി ഐ ലീഗില്‍ പന്തുതട്ടും

Published : 21st September 2017 | Posted By: fsq

 

ടി  പി  ജലാല്‍

മലപ്പുറം: മലപ്പുറത്തെ പ്രഥമ പ്രഫഷനല്‍ ക്ലബ്ബായി ഗോകുലം എഫ്‌സിക്ക് ഐ ലീഗ് പ്രവേശനം. ഇന്നലെ വൈകീട്ടാണ് ഇതു സംബന്ധിച്ച് എഐഎഫ്എഫിന്റെ ഔദ്യോഗിക ഉത്തരവ് ലഭിച്ചതെന്ന് കോച്ച് ബിനോ ജോര്‍ജ് അറിയിച്ചു. ഒരു വയസ്സ് പൂര്‍ത്തിയാവും മുമ്പ് തന്നെ ഐ ലീഗില്‍ കളിക്കാന്‍ ക്ലബ്ബിന് അവസരം ലഭിച്ചിരിക്കുകയാണ്. നവംബറിലാണ് ഐലീഗ് ആരംഭിക്കുക. ഇതിന് മുന്നോടിയായി  ക്ലബ്ബ് പുതിയ താരങ്ങളെ കണ്ടെത്തും. ഇതിനൊപ്പം ക്ലബ്ബിന്റെ പേരും മാറും. കമ്പനി പേര് ടീമിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്നതാണ് ഫുട്‌ബോള്‍ ഫെഡറേഷന്റെ നിയമം. മലബാര്‍ എഫ്‌സിയെന്ന പേരിലാവും ടീം ഐ ലീഗില്‍ കളിക്കാനിറങ്ങുക. ഇതിന് പുറമെ ടീമിന്റെ ഹോം ഗ്രൗണ്ടും മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ നിന്നും കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലേക്ക് മാറും. മഞ്ചേരിയിലെ സ്‌പോര്‍ട്‌സ്  കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ ഫഌഡ്‌ലിറ്റ് സംവിധാനം സ്ഥാപിക്കാത്തതാണ് ഗോകുലത്തിന് ഹോംഗ്രൗണ്ട് നഷ്ടമാക്കിയത്. നേരത്തെ സ്റ്റേഡിയം വിട്ടു കിട്ടുന്നതിലും പ്രശ്‌നങ്ങള്‍ തല പൊക്കിയതോടെ തന്നെ കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ടിരുന്നു. അസോസിയേഷന്‍ ഇതിന് പച്ചക്കൊടി കാണിക്കുകയും ചെയ്തു. നവംബറിന് മുമ്പായി ഫഌഡ്‌ലിറ്റ് സ്ഥാപിച്ചെങ്കില്‍ മാത്രമേ ടീം മലപ്പുറം ജില്ലയില്‍ തുടരുകയുള്ളൂ. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് അതിന് സാധ്യതയും കുറവാണ്. ലൈറ്റ് സ്ഥാപിക്കാന്‍ ഒരു യോഗം പോലും ഇതു വരെ വിളിച്ചിട്ടില്ല. ഇതിനിടക്ക് വേങ്ങര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും തിരിച്ചടിയായി. മാത്രമല്ല നിര്‍മാണം നീളുന്നതോടെ അനുവദിച്ച 4.1 കോടി രൂപ നഷ്ടപ്പെടാനും സാധ്യതയേറെയാണ്. ഹോം ഗ്രൗണ്ടായി മഞ്ചേരി തിരഞ്ഞെടുത്തതിലും ഐ ലീഗ് സ്‌പോണ്‍സര്‍മാരായ റിലയന്‍സിന്  താല്‍പര്യക്കുറവുണ്ടെന്നാണ് വിവരം.  കഴിഞ്ഞ ഏപ്രില്‍ 23 നാണ്  ടീം ആദ്യമായി കെപിഎല്ലിലൂടെ മല്‍സര രംഗത്തെത്തിയത്.  ടീം രൂപീകരിച്ചതിന് ശേഷം ഒഡീഷയിലെ ടൂര്‍ണമെന്റ് നേടുകയും  ഗോവയില്‍ നടന്ന ടൂര്‍ണമെന്റില്‍ റണ്ണേഴ്‌സ് അപ്പ് ആവുകയും ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss