|    Nov 14 Wed, 2018 5:49 am
FLASH NEWS
Home   >  Kerala   >  

ഗൊരഖ്പൂര്‍ ദുരന്തത്തിന് ഒരാണ്ട് തികയുന്നു; ഡോ. കഫീല്‍ ഖാന്‍ ആറിന് കോഴിക്കോട്

Published : 4th August 2018 | Posted By: afsal ph


കോഴിക്കോട്: ഗൊരഖ്പൂര്‍ ബിആര്‍ഡി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് നൂറോളം കുഞ്ഞുങ്ങള്‍ മരിച്ചതിനെ തുടര്‍ന്ന് യോഗി സര്‍ക്കാര്‍ അന്യായമായി ജയിലിലടച്ച ഡോ. കഫീല്‍ ഖാന്‍ ആറിന് കോഴിക്കോട്ടെത്തുന്നു. രാവിലെ 11ന് ഫറൂഖ് കോളജിലെത്തുന്ന അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിക്കും. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കാണുന്ന കഫീല്‍ഖാന്‍ തനിക്കെതിരെ യുപി സര്‍ക്കാര്‍ തുടരുന്ന പ്രതികാര നടപടികളെ കുറിച്ചും വിവരിക്കും.
ഗൊരഖ്പൂര്‍ ബിആര്‍ഡി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതു കാരണം ജാപ്പനീസ് എന്‍സഫലൈറ്റിസ് ബാധിതരായ നൂറോളം കുഞ്ഞുങ്ങള്‍ ദാരുണമായി കൊല്ലപ്പെട്ടിട്ട് ഓഗസ്റ്റ് 10ന് ഒരു വര്‍ഷം തികയുകയാണ്. രോഗ ബാധിതരായ കുഞ്ഞുങ്ങളെ സ്വന്തം ചിലവില്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഡോ. കഫീല്‍ ഖാന്‍ ഇന്നും സസ്‌പെന്‍ഷനിലാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്ന, അനാരോഗ്യകരമായ ചുറ്റുപാടില്‍ ജീവിക്കുന്നവരാണ് കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍. ഉത്തര്‍പ്രദേശിലെ ആരോഗ്യമേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെപ്പറ്റിയോ അനാസ്ഥയെപ്പറ്റിയോ ഹിന്ദുത്വ തീവ്രവാദ ഭരണകൂടത്തെപ്പറ്റിയോ ഒരിക്കലും മറുപടി കിട്ടാത്ത ചോദ്യങ്ങളുമായി പൊതുജനമധ്യത്തിലോ മാധ്യമങ്ങളോടോ സംസാരിക്കാന്‍ കഴിയാതെ ജീവിക്കുകയാണ് കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍. കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട ഇവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പുറംലോകത്തെത്തിച്ച് ഡോ. കഫീല്‍ ഖാനായിരുന്നു. ഇതോടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ പ്രതികാര നടപടികള്‍ ആരംഭിച്ചു. വ്യാജ കേസ് ചുമത്തി എട്ട് മാസത്തോളം ജയിലിലടച്ചു. ഏപ്രില്‍ 25ന് അലഹബാദ് ഹൈക്കോടതി ഡോ. കഫീല്‍ നിരപരാധിയാണെന്ന് വിധിച്ചു. തുടര്‍ന്ന് 2018 മെയ് 10ന് ഡോ. കഫീല്‍ പുറത്തിറങ്ങിയെങ്കിലും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഫീല്‍ഖാന് ഇതുവരെ സാധിച്ചിട്ടില്ല. രാജിവെച്ചു പുതിയൊരു ജീവിതം തുടങ്ങാന്‍ പോലും അദ്ദേഹത്തിനെ യോഗി സര്‍ക്കാര്‍ സമ്മദിക്കുന്നില്ല. കഫീല്‍ ഖാന്റെ സഹോദരനെ കൊല്ലാനുള്ള ശ്രമവും ഇതിനിടെ നടന്നു. 2018 ജൂണ്‍ 9ന് ഡോ. കഫീലിന്റെ ചെറിയ സഹോദരന്‍ കാഷിഫ് മന്‍സൂറിന് നേരെ വധശ്രമമുണ്ടായത്. റംസാന്‍ മാസത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങവെ കാഷിഫിനെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും വെടിവെച്ച് സംഘപരിവാര്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രസന്ദര്‍ശനത്തിനായി സംഭവം നടന്നതിന്റെ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. ബിജെപി എംപി കമലേഷ് പസ്വാനും ഭരണകൂടവുമാണ് ഇതിനു പിന്നിലെന്ന് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും വാര്‍ത്തയാക്കാന്‍ പോലും മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറായില്ല. തന്റെ പോരാട്ടങ്ങക്ക് കേരളത്തില്‍ നിന്നാണ് ഏറെ പിന്തുണ ലഭിച്ചതെന്ന് കഫീല്‍ ഖാന്‍ കരുതുന്നു. നമ്മള്‍ പോരാടുകയാണ്. 2019ലെ തെരഞ്ഞെടുപ്പിനോടുള്ള പോരാട്ടം കൂടിയാണിത്. ഈ ഭരണകൂടം സൃഷ്ടിച്ച ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും ദരിദ്രര്‍ക്കും എതിരെ വെറുപ്പും അതിക്രമവും നിറഞ്ഞ സാമൂഹികാന്തരീക്ഷത്തോടാണ് ഈ പോരാട്ടം. ദിവസേന മുസ്‌ലിംകളെയും ദലിതരെയും കൊലപ്പെടുത്തുന്നു.അവര്‍ക്കെല്ലാം വേണ്ടിയാണ് നമ്മള്‍ പോരാടുന്നതെന്നും കഫീല്‍ ഖാന്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss