|    Jan 19 Thu, 2017 9:56 am
Home   >  Pravasi  >  Gulf  >  

ഗേള്‍സ് സ്‌കൂളുകളില്‍ അബായ നിരോധനം: വാര്‍ത്ത മന്ത്രാലയം നിഷേധിച്ചു

Published : 30th September 2016 | Posted By: SMR

teach-for-qatar

ദോഹ: രാജ്യത്തെ ഗേള്‍സ് സ്‌കൂളുകളില്‍ അധ്യാപകര്‍ അബായ ധരിക്കുന്നത് നിരോധിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം നിഷേധിച്ചു. അധ്യാപകരുള്‍പ്പെടെ ജീവനക്കാര്‍ക്ക് മാന്യമായ ഏത് വസ്ത്രവും തിരഞ്ഞെടുക്കാനുള്ള അധികാരം സ്‌കൂളുകള്‍ക്ക് ആണെന്നും മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.
സ്‌കൂള്‍ കാംപസില്‍ അബായ വിലക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചെന്ന് ചില സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളുകള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഒരു സര്‍ക്കാര്‍ പ്രൈമറി ഗേള്‍സ് സ്‌കൂള്‍ സപ്തംബര്‍ 27 തിയ്യതി വച്ച് ഇറക്കിയ നോട്ടിസാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിച്ചത്. ഒരു മുന്‍ കോളമിസ്റ്റ് ഇത് ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് വാര്‍ത്ത വൈറലായതെന്ന് ദോഹ ന്യൂസ് റിപോര്‍ട്ടില്‍ പറയുന്നു.  ഇതേ തുടര്‍ന്ന് ക്യാംപസില്‍ അബായ നിരോധിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി.
വിദ്യാഭ്യാസ ഡയറക്ടര്‍ ഫൗസിയ അല്‍ഖാത്തിര്‍ അധ്യക്ഷം വഹിച്ച ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ മാനേജര്‍മാരുടെ യോഗ തീരുമാനമനുസരിച്ച് സ്‌കൂള്‍ കാംപസില്‍ അബായ നിരോധിച്ചു എന്നും 2016 ഒക്ടോബര്‍ മുതല്‍ അബായ അല്ലാത്ത മാന്യമായ വസ്ത്രം ധരിക്കണമെന്നും നോട്ടിസില്‍ പറയുന്നതായാണ് കോളമിസ്റ്റ് ഫൈസല്‍ മര്‍സൂഖിയുടെ ട്വീറ്റ്. വിദ്യാഭ്യാസ ഡയറക്ടറുടേ മേല്‍നോട്ടത്തില്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിനു ശേഷമാണ് സ്‌കൂള്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കഴിഞ്ഞ ദിവസം അറബി പത്രം അര്‍റായ റിപോര്‍ട്ട് ചെയ്തിരുന്നു. യോഗത്തെ തുടര്‍ന്ന് തങ്ങള്‍ സ്വമേധയാ അബായ നിരോധിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നുവെന്ന് പേരു പരാമര്‍ശിക്കാത്ത സ്‌കൂള്‍ മേധാവിയെ ഉദ്ധരിച്ചായിരുന്നു അല്‍റായ റിപ്പോര്‍ട്ട്. അധ്യാപകരുടെ പ്രതികരണങ്ങളും റിപോര്‍ട്ടിനൊപ്പമുണ്ടായിരുന്നു.
കുട്ടികള്‍ അധ്യാപകരെ രണ്ടാം രക്ഷിതാക്കളായാണ് കാണുന്നതെന്നും എന്നും കറുപ്പ് നിറത്തിലുള്ള അബായക്ക് പകരം ഭംഗിയും നിറപ്പകിട്ടുമുള്ള വേഷം ധരിച്ച ടീച്ചറോട് ഗുണപരവും വൈകാരികമായ അടുപ്പം കുട്ടികള്‍ക്കുണ്ടാകുമെന്ന് ഒരു അധ്യാപിക അല്‍റായയോട് പ്രതികരിച്ചു. അതേസമയം ആണ്‍കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികമാര്‍ അബായ ധരിക്കുന്നതാണ് നല്ലതെന്നും അവര്‍ അഭിപ്രായപ്പെട്ടു. പല അധ്യാപികമാരും അബായ വിലക്കിനെ അനുകൂലിച്ചപ്പോള്‍ ചിലര്‍ അബായ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. അധ്യാപകര്‍ ഇറക്കമുള്ളതും ഇറക്കം കുറഞ്ഞതുമായ വസ്ത്രം ധരിക്കുന്ന പല സ്‌കൂളുകളുമുണ്ടെന്നും അതാണ് നിരോധിക്കേണ്ടതെന്നും ചില അധ്യാപകര്‍ പ്രതികരിച്ചു.
അബായ നിര്‍ബന്ധമാണെന്നോ പാടില്ലെന്നോ നിര്‍ദേശിച്ച് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഖത്തര്‍ വിദ്യാഭ്യാസ പൊതുവിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററില്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. സ്‌കൂളുകളില്‍ അധ്യാപകരും അധ്യാപകേതര ജീവനക്കാരും മാന്യമായ വേഷം ധരിക്കണമെന്നാണ് വ്യക്തമായ നയമെന്നും മന്ത്രാലയം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 239 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക