|    Sep 26 Wed, 2018 6:30 am
FLASH NEWS

ഗെയ്ല്‍: ഇരകളെ നേരിടാന്‍ പോലിസിന് പ്രത്യേക പരിശീലനം

Published : 14th December 2017 | Posted By: kasim kzm

മുക്കം: വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എരഞ്ഞിമാവില്‍ നടന്നുവരുന്ന ജനകീയ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 19ന് പ്രതിരോധ വലയം തീര്‍ക്കാനിരിക്കെ സമരത്തെ അടിച്ചൊതുക്കാന്‍ പോലീസിന് പ്രത്യേകപരിശിലനം. ഭരണകൂടവും പോലിസും ഗെയിലിന് എത്രമാത്രം വിധേയപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഇരകളെ ഭയപ്പെടുത്താന്‍ ലക്ഷ്യമിട്ട് പുതിയ പരിശീലനപരിപാടി. പ്രവൃത്തി ഒരു നിമിഷം പോലും മുടങ്ങാന്‍ പാടില്ലെന്ന ഡിജിപിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് വനിതാ പോലിസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്  മുക്കത്ത് പ്രത്യേക പരിശീലനം നല്‍കുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട് ബറ്റാലിയനിലെ 100 ഓളം പോലീസുകാര്‍ക്കാണ് പരിശീലനം. 19ന് സ്ത്രീകളെയും കുട്ടികളേയും അണിനിരത്തി സമരസമിതി പദ്ധതി പ്രദേശത്ത് പ്രതിരോധ വലയം തീര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെടുന്നവന് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം പോലും പൂര്‍ണമായി നിഷേധിക്കാനുള്ള സന്നാഹമാണ് പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രവൃത്തി തടയുമെന്ന സന്ദേഹത്തെ തുടര്‍ന്നാണ് സമര രംഗത്ത് സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെ കുറിച്ചും ഗ്രനേഡ്, കണ്ണീര്‍വാതകം ഉള്‍പ്പെടെയുള്ളവ പ്രയോഗിക്കുന്നതിനെ കുറിച്ചും ക്ലാസ് നല്‍കി വരുന്നത്. സമരക്കാരുടെ ഭാഗത്ത് നിന്ന് കല്ലേറും മറ്റുമുണ്ടായാല്‍ അതിനെ ഏത് രീതിയില്‍ പ്രതിരോധിക്കണമെന്നതിനെ കുറിച്ചും പരിശീലനം നല്‍കുന്നുണ്ട്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകള്‍ സമരത്തിന് നേതൃത്വം നല്‍കുന്ന സാഹചര്യത്തില്‍ എന്തെങ്കിലും സംഘര്‍ഷമുണ്ടായാല്‍ അവിടെ ഉടന്‍ നടപടി സ്വീകരിക്കുന്നതിനായാണ് പരിശീലനമെന്ന് സിറ്റി പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍  മെറിന്‍ ജോസഫ്  പറഞ്ഞു. ആദ്യ ദിവസം ലാത്തിവീശലിലാണ് പരിശീലനം നല്‍കിയത്. മുക്കം – അരീക്കോട് റോഡില്‍ മുക്കം പാലത്തിന് സമീപമാണ് മോബ് ഓപ്പറേഷന്‍ പരിശീലനം നടന്നത്. വയനാട് ഡിസിപി ചൈത്ര, ഡിവൈഎസ്പി സജീവന്‍, മുക്കം എസ്‌ഐ അഭിലാഷ്  നേതൃത്വം നല്‍കി .മൂന്ന്് ദിവസങ്ങളിലായി രാവിലെയും വൈകുന്നേരവുമായി നടക്കുന്ന പരിശീലനം വെളളിയാഴ്ച സമാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss