|    Oct 20 Sat, 2018 11:42 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗെയില്‍ : സമരസമിതിയുടെ ആവശ്യങ്ങള്‍ തള്ളി സര്‍വകക്ഷി യോഗം

Published : 7th November 2017 | Posted By: fsq

 

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരസമിതി മുന്നോട്ടു വച്ച സുപ്രധാന ആവശ്യങ്ങള്‍ വ്യവസായ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തള്ളി. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി അലൈന്‍മെന്റ് പുതുക്കണമെന്നും നഷ്ടപരിഹാരത്തുക മാര്‍ക്കറ്റ് വിലയുടെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കണമെന്നുമുള്ള ആവശ്യങ്ങളാണ് സര്‍വകക്ഷി യോഗം പൂര്‍ണമായും തള്ളിയത്. നോട്ടിഫിക്കേഷന്‍ ഇറങ്ങിയതിനാല്‍ ഇനി അലൈന്‍മെന്റ് മാറ്റുക പ്രായോഗികമല്ലെന്നു യോഗത്തിനു ശേഷം മന്ത്രി എ സി മൊയ്തീന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അലൈന്‍മെന്റ് മാറ്റി പുതിയ ഭൂമി നിശ്ചയിച്ചാല്‍ അവിടെയും പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ പിന്നോട്ടുപോവില്ല. എന്നാല്‍, നിലവിലെ അലൈന്‍മെന്റില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചു. പദ്ധതിക്ക് ഭൂമിയേറ്റെടുക്കുന്നതു സംബന്ധിച്ച ചട്ടപ്രകാരം മാര്‍ക്കറ്റ് വില കണക്കാക്കി നഷ്ടപരിഹാര തുക നിശ്ചയിക്കാനാവില്ല. എന്നാല്‍, പരമാവധി ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്‍കുന്ന കാര്യം ഗെയില്‍ അധികൃതരുമായി സംസാരിച്ചു തീരുമാനിക്കും. ഭൂമി ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുണ്ടാക്കും. 10 സെന്റ് ഭൂമിയുള്ളവരില്‍ നിന്ന് 20 മീറ്റര്‍ ഏറ്റെടുക്കില്ല. പൈപ്പ് നിക്ഷേപിക്കാന്‍ ആവശ്യമായ ഭൂമി മാത്രമേ ഏറ്റെടുക്കൂ. കൃഷിഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ചു പ്രത്യേക പാക്കേജ് ഉണ്ടാക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. പദ്ധതിയുടെ സുരക്ഷ മൂന്നു കേന്ദ്ര ഏജന്‍സികളും ഒരു സംസ്ഥാന ഏജന്‍സിയും പരിശോധിച്ച് ഉറപ്പു വരുത്തും. ഇതിനുപുറമെ ഗെയിലിന്റെ മേല്‍നോട്ടത്തില്‍ പഞ്ചായത്ത് തലത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കും. പദ്ധതിപ്രദേശത്തെ പോലിസ് നടപടി പരിധിവിട്ടു എന്ന വിലയിരുത്തലുണ്ടായി. സമരക്കാര്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിക്കല്‍ നിയമം അനുസരിച്ചു കേസുകളെടുത്ത കാര്യവും വീട് കയറിയുള്ള പോലിസ് പരിശോധനയുടെ കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തു നടന്ന സമരത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തെ കുറിച്ച് പോലിസ് അന്വേഷിക്കുമെന്നു പറഞ്ഞ മന്ത്രി, ചില സംഘടനകള്‍ അനാവശ്യമായി ഭീതിപരത്തുകയാണെന്നും ആരോപിച്ചു.ഇതേസമയം, തങ്ങളുടെ ആവശ്യങ്ങള്‍ യോഗം നിരാകരിച്ചതായി സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. കേസ് സംബന്ധിച്ച കാര്യങ്ങളിലും കുറഞ്ഞ ഭൂമിയുള്ളവരുടെ കാര്യങ്ങളിലുമുള്ള തീരുമാനം മാത്രമാണ് സ്വാഗതം ചെയ്യുന്നത്. പദ്ധതിയില്‍ നിന്നു ജനവാസ മേഖലയെ ഒഴിവാക്കണമെന്ന കാതലായ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. ഇതുസംബന്ധച്ചു കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സമരസമിതി പ്രതിനിധികള്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss