|    Oct 17 Wed, 2018 8:22 am
FLASH NEWS

ഗെയില്‍: സമരം ശക്തമാക്കുമെന്ന് സംയുക്ത സമരസമിതി

Published : 28th December 2017 | Posted By: kasim kzm

കോഴിക്കോട്: ഗെയില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഗെയില്‍ സംയുക്ത സമര സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സമര സമിതി ഉന്നയിച്ച ആശങ്കകള്‍ ശരിവയ്ക്കുന്ന രീതിയിലാണ് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ റിപോര്‍ട്ട് നല്‍കിയത്. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സമിതി സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതെന് ഭാരവാഹികള്‍ പറഞ്ഞു.
മുക്കം മാമ്പറ്റ മുതല്‍ കോട്ടൂര്‍ വരെയുള്ള പ്രദേശങ്ങളിലെ ഇരകളാണ് സംയുക്ത സമരസമിതിയിലുള്ളത്. ഗെയിലിന്റെ 2012 മുതല്‍ 2016 വരെയുള്ള പെര്‍ഫോമന്‍സ് ഓഡിറ്റില്‍ വിവിധ സംസ്ഥാനങ്ങളിലെ ഗെയില്‍ പദ്ധതി നടത്തിപ്പിലെ സുരക്ഷാ വീഴ്ചകള്‍ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. കേരള ഹൈക്കോടതി നിയോഗിച്ച രണ്ട് അഭിഭാഷക കമ്മീഷനുകള്‍ കൊച്ചി- മംഗലാപുരം- ബംഗളൂരു പൈപ്പ് ലൈനില്‍ കണ്ടെത്തിയ അതേ സുരക്ഷാവീഴ്ചകളാണ് സിഎജിയും കണ്ടെത്തിയത്.
വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍ ഇപ്പോള്‍ ഗെയില്‍ ഔദ്യോഗികമായി പറഞ്ഞിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിക്കുന്നില്ല. ഗെയില്‍ തന്നെ പറയുന്ന ജനസാന്ദ്രതാ ഇന്‍ഡക്‌സിനനുസരിച്ചുള്ള പൈപ്പുകളല്ല ഇപ്പോള്‍ വിന്യസിക്കുന്നത്.
എട്ട് കിലേമീറ്ററില്‍ വാള്‍വ് സ്റ്റേഷനുകള്‍ വേണ്ടിടത്ത് 21 കിലേമീറ്റര്‍ ദൂരത്തിലാണ് കോട്ടൂര്‍ – ഉണ്ണികുളം, ഉണ്ണികുളം- ഓമശ്ശേരി വാള്‍വ് സ്റ്റേഷനുകളുള്ളത്. ഇക്കാര്യത്തില്‍ ഗെയില്‍ സര്‍ക്കാരിനെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചിരിക്കയാണ്. ഏറ്റെടുക്കുന്ന ഭൂമിക്ക് പ്രതിവര്‍ഷ വാടക പാക്കേജ് പ്രഖ്യാപിച്ച് 20 മീറ്ററിനുള്ളിലെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്.
സപ്തംബര്‍ 28ന് നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവനുസരിച്ചുള്ള രേഖകള്‍ ഇതുവരെ ഭൂവുടമകള്‍ക്ക് നല്‍കിയിട്ടില്ല. അത് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും ഈ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. താമരശ്ശേരി രൂപതയും വിവിധ കര്‍ഷക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്്. 29ന് വൈകീട്ട് നാലിന് താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ താമരശ്ശേരി രൂപത മൈത്രാന്‍ മാര്‍.
റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. താമരശ്ശേരി, ഉണ്ണികുളം, ഓമശ്ശേരി, കോട്ടൂര്‍, പനങ്ങാട് ഗ്രാമപ്പഞ്ചായത്തുകളിലെയും കൊടുവള്ളി മുനിസിപ്പാലിറ്റിയിലെയും ഇരകള്‍ സമരത്തില്‍ പങ്കാളികളാവും. സമര സമിതി കണ്‍വീനര്‍ എ അരവിന്ദന്‍, ഹരിത സേന ചെയര്‍മാന്‍ അഡ്വ. വി ടി പ്രദീപ് കുമാര്‍, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ചെയര്‍മാന്‍ ബേബി സഖറിയ  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss