|    Nov 19 Mon, 2018 9:28 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗെയില്‍: സമരം വീണ്ടും ശക്തമാവുന്നു

Published : 20th December 2017 | Posted By: kasim kzm

മുക്കം: സാധാരണക്കാരന്റെ വസ്തുവകകള്‍ ഇടിച്ചുനിരത്തി ജനവാസ മേഖലയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ജനകീയ പ്രക്ഷോഭത്തെ ഭയപ്പെടുത്തി പൊളിക്കാനുള്ള പോലിസ്-ഭരണകൂട അച്ചുതണ്ടിന്റെ എല്ലാ കുതന്ത്രങ്ങളും പരാജയപ്പെടുത്തി വലിയ ജനപങ്കാളിത്തമാണ് സമരത്തിനുണ്ടായത്. പദ്ധതിയില്‍ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും കോഴിക്കോട് കലക്ടറേറ്റില്‍ മന്ത്രി എ സി മൊയ്തീന്റെ സാന്നിധ്യത്തില്‍ നടന്ന ച ര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. രാവിലെ 8.30ഓടെത്തന്നെ നെല്ലിക്കാപ്പറമ്പില്‍ സമരക്കാര്‍ എത്തിത്തുടങ്ങിയിരുന്നു. എന്നാ ല്‍ അരീക്കോട്, കാവനൂര്‍, കീഴുപറമ്പ്, മാവൂര്‍ ഭാഗങ്ങളില്‍ നിന്ന് സമരക്കാര്‍ എത്തുന്നത് തടയാന്‍ കുറ്റൂളിയിലും കൂളിമാടും പോലിസ് വാഹനപരിശോധന ആരംഭിച്ചിരുന്നു. ഏറെ നേരം ബസ്സുകള്‍ അടക്കം വഴിമാറ്റിവിട്ടത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദുരിതമായി. നെല്ലിക്കാപ്പറമ്പില്‍ സംഗമിച്ച ശേഷം രാവിലെ 10.30ഓടെയാണ് ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും നേതൃത്വത്തി ല്‍ ഇരകളും സമരസമിതി പ്രവര്‍ത്തകരും പദ്ധതിപ്രദേശത്തേക്ക് മാര്‍ച്ച് നടത്തിയത്. സമരക്കാരുടെ ഇരട്ടിയിലധികം പോലിസും സമരത്തെ നേരിടുന്നതിനായി തയ്യാറായി നിന്നു. റൂറല്‍ എസ്പി പുഷ്‌കരന്റെ നേതൃത്വത്തിലാണ് പോലിസ് മാര്‍ച്ച് തടഞ്ഞത്. തുടര്‍ന്ന് സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ശക്തമായ ജനകീയ പ്രതിഷേധം മുന്നില്‍ കണ്ട് ഗെയില്‍ പ്രവൃത്തി നിര്‍ത്തിവച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. തിങ്കളാഴ്ച രാത്രിയോടെ തന്നെ എക്‌സ്‌കവേറ്റര്‍ അടക്കമുള്ള യന്ത്രസാമഗ്രികളും സ്ഥലത്തുനിന്നു മാറ്റിയിരുന്നു. പ്രവര്‍ത്തനം തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും ശക്തമായ സമരം നടത്തുമെന്നു പ്രഖ്യാപിച്ച് സമരസമിതി നേതാക്കളും പ്രവര്‍ത്തകരും പിരിഞ്ഞുപോയി. എം ഐ ഷാനവാസ് എംപി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ അധ്യക്ഷത വഹിച്ചു. കെ എം ഷാജി എംഎല്‍എ, എ പി അനില്‍ കുമാര്‍ എംഎല്‍എ, സി മോയിന്‍കുട്ടി, ടി സിദ്ദീഖ്, സി ആര്‍ നീലകണ്ഠന്‍, സി കെ കാസിം, സി പി ചെറിയ മുഹമ്മദ്, എം ടി അഷ്‌റഫ്, സബാഹ് പുല്‍പറ്റ, റസാഖ് പാലേരി, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ്, പറമ്പന്‍ ലക്ഷ്മി, പ്രദീപ് നെന്‍മാറ, പി കെ കമ്മദ്കുട്ടി ഹാജി സംസാരിച്ചു. ടി പി നാസര്‍, സി ജെ ആന്റണി, കെ വി അബ്ദുര്‍റഹ്മാന്‍, കെ സി അന്‍വര്‍, റൈഹാന ബേബി, സുജ ടോം, അബ്ദുല്‍ കരീം തളത്തില്‍, സലാം തേക്കുംകുറ്റി, കെ നജീബ്, കെ ടി മന്‍സൂര്‍, ബഷീര്‍ ഹാജി, ജബ്ബാര്‍ സഖാഫി, ബാവ പവര്‍വേള്‍ഡ് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss