|    Dec 15 Sat, 2018 1:26 am
FLASH NEWS

ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെ പോലിസ് അതിക്രമം

Published : 2nd November 2017 | Posted By: fsq

 

മുക്കം: ജനവിരുദ്ധ ഗെയില്‍ വാതക പൈപ്പ് ലൈനെതിരേ നടന്നുവരുന്ന സമരത്തില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ രാവിലെ എരഞ്ഞിമാവിലെ സമരപ്പന്തല്‍ പൊളിച്ചതിലും അറസ്റ്റുചെയ്ത സമരക്കാരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടും പ്രവര്‍ത്തകര്‍ മുക്കം പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇവരെ പിരിച്ചുവിടാനാണ് പോലിസ് വൈകീട്ട് വീണ്ടും ലാത്തിച്ചാര്‍ജ് നടത്തിയത്. ലാത്തിച്ചാര്‍ജില്‍ നിരവധി സമരക്കാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം കനത്തതോടെ പോലിസ് ഗ്രനേഡ് പ്രയോഗിച്ചു. സമരക്കാര്‍ പോലിസിനു നേരെ കല്ലേറും നടത്തി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ ശ്യാം കൃഷ്ണന്‍, മാതൃഭൂമി ക്യാമാറാമന്‍ വിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇത് കൂടാതെ സമരക്കാരായ നിരവധി പേര്‍ക്കും പോലിസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സ്ഥലത്ത് രാത്രിയിലും സംഘര്‍ഷം നിലനില്‍ക്കുകയാണ്. ലാത്തിയില്‍ തലയ്ക്ക് പരിക്കേറ്റ് കുയ്യില്‍ നൂറുദ്ദീനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് സ്റ്റേഷനു മുന്നിലും പുറത്തുമായി നിരവധി സമരക്കാരാണ് ഇന്നലെ ഉച്ച മുതല്‍ തടിച്ചുകൂടിയത്. ജനകീയ സമരത്തിനു നേരെ സര്‍ക്കാര്‍ പോലിസിനെ കയറൂരി വിടുന്നതിനെതിരേ നാടെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ഭരണകക്ഷിയിലുള്ള സിപിഐയുടെ വിദ്യാര്‍ഥി-യുവജന വിഭാഗം അടക്കം പോലിസ് നടപടിയെ പരസ്യമായി തള്ളിപ്പറഞ്ഞ് ഇരകളോടൊപ്പം നില്‍ക്കുകയാണ്. പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച തുണ്ടു ഭൂമി വന്‍കിട കുത്തകകളുടെ ഇഛയ്ക്കു വഴങ്ങി പോലിസ് രാജിലൂടെ സാധാരണക്കാരെ വേട്ടയാടുന്ന പോലിസ് നയത്തില്‍ ശക്തമായ പ്രതിഷേധമാണ് വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക, സന്നദ്ധ സംഘടകളില്‍നിന്നും ഉയരുന്നത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിച്ചേക്കും. അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവമ്പാടി മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താ ല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മുക്കം മുനിസിപ്പാലിറ്റി, കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂര്‍, കോടഞ്ചേരി, പുതുപ്പാടി എന്നീ പഞ്ചായത്തുകളിലും മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, കാവനൂര്‍, അരീക്കോട പഞ്ചായത്തിലുമാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനോട് എല്ലാവരും സഹകരിക്കണമെന്ന് തിരുവമ്പാടി മണ്ഡലം ചെയര്‍മാന്‍ എ എം അഹമ്മദ്കുട്ടി ഹാജിയും ജനറല്‍ കണ്‍വീനര്‍ മോയന്‍ കൊളക്കാടനും അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss