|    Feb 22 Wed, 2017 12:28 pm
FLASH NEWS

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍; ചാലക്കരയില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

Published : 26th November 2016 | Posted By: SMR

താമരശ്ശേരി: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ താമരശ്ശേരി പഞ്ചായത്തിലെ ചാലക്കരയില്‍ നാട്ടുകാര്‍ തടഞ്ഞു. രാവിലെ പത്തരയോടെയാണ് വന്‍ പോ ലിസ് സന്നാഹത്തോടെ സര്‍വേ നടത്താനായി ഉദ്യോഗസ്ഥരെത്തിയത്. മുന്‍ എംഎല്‍എമാരായ സി മോയിന്‍കുട്ടി, വി എം ഉമ്മര്‍മാസ്റ്റര്‍ എന്നിവരുടെ നേതൃത്തില്‍ ജനങ്ങള്‍ സംഘടിതമായി പ്രതിരോധം തീര്‍ക്കുകയായിരുന്നു. നേരത്തെ നിരവധി തവണ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ബദല്‍ നിര്‍ദേശം ജില്ലാകലക്ടര്‍ക്കും മറ്റും സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയുമുണ്ടാവാത്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ഒറ്റക്കെട്ടായി സര്‍വേ തടഞ്ഞത്. ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ഒരു തുണ്ട് ഭൂമി പോലും അളക്കാന്‍ കഴിയില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയില്ല. തങ്ങള്‍ക്ക് അലൈന്‍മെന്റില്‍ മാറ്റം വരുത്താനുള്ള അധികാരമില്ലെന്നും നിലവിലുള്ള സ്‌കെച്ച് പ്രകാരം സ്ഥലം നോട്ടിഫൈ ചെയ്യുന്ന പ്രക്രിയയാണ് നടക്കുന്നതെന്നും ഗെയില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പിന്നീട് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.സംഭവം അറിഞ്ഞ് താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖും ഡിവൈഎസ്പി കെ അഷ്‌റഫും സ്ഥലത്തെത്തി സര്‍വ്വകക്ഷി സംഘവുമായി ചര്‍ച്ച നടത്തി. ജില്ലാ കലക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് തല്‍ക്കാലം സര്‍വേ നിര്‍ത്തി വയ്ക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. സര്‍വകക്ഷി പ്രതിനിധികള്‍ ഉന്നയിക്കുന്ന ബദല്‍ നിര്‍ദേശത്തെ കുറിച്ച് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ 10മണിക്ക് കെടവൂര്‍ വില്ലേജ് ഓഫിസില്‍ ചര്‍ച്ച നടത്താമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഉച്ചയോടെ ഇരുകൂട്ടരും പിരിഞ്ഞുപോയത്. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി മാമു മാസ്റ്റര്‍, മുന്‍ പ്രസിഡന്റ് എ അരവിന്ദന്‍, ബ്ലോക്ക് മെംബര്‍ എ പി ഹുസൈന്‍, ഗിരീഷ് തേവള്ളി, ശിവരാമന്‍ ചാലക്കര, പി സി അസീസ്, സി മുഹ്‌സിന്‍, അഡ്വ. പ്രദീപ്കുമാര്‍, പൂമഠത്തില്‍ രാഘവന്‍ നായര്‍, സി പി ഖാദര്‍, ഗഫൂര്‍ ചാലക്കര, അഷ്‌റഫ് നെരോത്ത്, എ പി മൂസ  നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക