|    Mar 20 Tue, 2018 4:08 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗെയില്‍ : ഭൂമി ഏറ്റെടുക്കല്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു

Published : 7th August 2017 | Posted By: fsq

സമദ് പാമ്പുരുത്തി

കണ്ണൂര്‍: കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയുടെ മാനദണ്ഡങ്ങള്‍ ഗെയില്‍ ലംഘിക്കുന്നുവെന്ന ആരോപണത്തിനുള്ള തെളിവുകള്‍ പുറത്തായി. ഭൂമി കൈമാറ്റം സംബന്ധിച്ച് റവന്യൂ വകുപ്പ് ചെയ്യേണ്ട കാര്യങ്ങള്‍ നേരിട്ടു ചെയ്യാന്‍ ശ്രമിക്കുന്നതും ഗെയില്‍ തന്നെ. വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കായി വിട്ടുകൊടുത്ത ഭൂമിക്ക് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും രേഖകള്‍ നല്‍കിയിട്ടില്ല. ഏഴു ജില്ലകളില്‍ സര്‍വേക്കു ശേഷം കൃത്യമായ നടപടികള്‍ സ്വീകരിക്കാതെ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായിരുന്നു ആദ്യം മുതലേയുള്ള നീക്കം. മാനദണ്ഡപ്രകാരം ആവശ്യമായ ഭൂമിയുടെ അളവ്, നാല് അതിരുകള്‍, നഷ്ടപരിഹാരത്തുക എന്നിവ അടങ്ങിയ കൃത്യമായ രേഖ ഏറ്റെടുക്കുന്ന ഭൂമിക്ക് നല്‍കേണ്ടതുണ്ട്. ഇത്തരം നടപടിക്രമങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കോംപിറ്റന്റ്  അതോറിറ്റിയെ നിയോഗിക്കുകയുണ്ടായി. എന്നാല്‍, ഭൂമിയുടെ രേഖ നല്‍കാതെ ഭൂമിയിലെ വൃക്ഷങ്ങളും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ രേഖ മാത്രം നല്‍കി തടിയൂരുകയാണ് ഗെയില്‍ അധികൃതര്‍. വിട്ടുകൊടുക്കുന്ന ഭൂമിക്ക് കുറഞ്ഞ തുക നല്‍കുന്നതിനാല്‍ അതിനെതിരേ പരാതി നല്‍കാതിരിക്കാനാണ് ഈ തന്ത്രം. ഭൂമിയുടെ സര്‍വേ അടക്കമുള്ള രേഖകളുമായി വന്ന് നഷ്ടപരിഹാരത്തുക കൈപ്പറ്റണമെന്നാണ് ഗെയില്‍ അധികൃതരുടെ നിര്‍ദേശം. എന്നാല്‍, ഇക്കാര്യം വില്ലേജ് ഓഫിസുകളില്‍ അന്വേഷിക്കുമ്പോള്‍ ഇത്തരം നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണു മറുപടി. വില്ലേജ് ഓഫിസുകള്‍ മുഖേന കോംപിറ്റന്റ് അതോറിറ്റി തയ്യാറാക്കിയ ഭൂരേഖ ചോദിക്കുമ്പോള്‍ കൃത്യമായ മറുപടിയുമില്ല. ഭൂരേഖ കിട്ടാത്തതിനാല്‍ കുറഞ്ഞ നഷ്ടപരിഹാരം വാങ്ങിയവര്‍ക്ക് നിയമനടപടി സ്വീകരിക്കാനാവാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഭൂവുടമകള്‍ അറിയാതെയാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഗെയിലും സംസ്ഥാനസര്‍ക്കാരും രഹസ്യമായി നീക്കങ്ങള്‍ നടത്തിയതെന്നാണ് ആരോപണം. പ്രകൃതിവാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് ഭൂമിയുടെ ഉപയോഗ അവകാശമാണ് ഗെയില്‍ അക്വയര്‍ ചെയ്യുന്നത്. ഭൂമി ഉടമയുടെ പേരില്‍ത്തന്നെ നിലനില്‍ക്കും. പൈപ്പ്‌ലൈനിന്റെ സുരക്ഷയെ ബാധിക്കുന്ന കിണര്‍, കുഴല്‍ക്കിണര്‍പോലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവും. അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച പൈപ്പുകള്‍ ഒരു മീറ്ററിലധികം താഴ്ചയില്‍ സ്ഥാപിച്ച് സുരക്ഷ ഉറപ്പുവരുത്തുമെന്നാണ് അധികൃതരുടെ വാദം. 80 ശതമാനം പാടങ്ങളിലൂടെ കടന്നുപോവുന്ന പൈപ്പിന് ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷ ഉറപ്പാക്കുമെന്നും ഗെയില്‍ അധികൃതര്‍ പറയുന്നു. അതേസമയം, വാതക പൈപ്പ്‌ലൈന്‍ പദ്ധതി എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. യഥാവിധം നോട്ടിഫിക്കേഷന്‍ ചെയ്യാതെയുള്ള ഭൂമി ഏറ്റെടുക്കലിനെതിരേ ജനരോഷം ശക്തമാണെങ്കിലും 107 വകുപ്പു പ്രകാരം പദ്ധതിപ്രദേശത്തുനിന്ന് പ്രതിഷേധക്കാരെ കര്‍ശനമായി വിലക്കുകയാണ് പോലിസ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss