|    Jun 18 Mon, 2018 7:47 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗെയില്‍ : പ്രതിഷേധം തണുപ്പിക്കാന്‍ വ്യാജ വാഗ്ദാനം

Published : 9th August 2017 | Posted By: fsq

കെ പി ഒ  റഹ്്മത്തുല്ല

മലപ്പുറം: കേരളത്തില്‍ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേ ഉയര്‍ന്നുവരുന്ന അതിശക്തമായ ജനകീയ പ്രതിഷേധത്തെ തണുപ്പിക്കാന്‍ വ്യാജ വാഗ്ദാനങ്ങളുമായി സംസ്ഥാനസര്‍ക്കാരും ഗെയില്‍ അധികൃതരും. കൊച്ചിയില്‍നിന്നു തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ വഴി ബംഗളൂരുവിലേക്കും കൂറ്റനാട് നിന്നു തുടങ്ങി മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് വഴി മംഗലാപുരത്തേക്കും പോവുന്നതാണു പദ്ധതി.10 വര്‍ഷം മുമ്പ് കേരള വ്യവസായ വികസന കോര്‍പറേഷനും കേന്ദ്ര പെട്രോളിയം മന്ത്രാലയവും കൂടി ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു പദ്ധതി. ഏറ്റെടുക്കുന്ന ഭൂമിക്ക് 25 ശതമാനം അധിക നഷ്ടപരിഹാരം നല്‍കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കാസര്‍കോട്ട് ചേര്‍ന്ന യോഗത്തിലെ വാഗ്ദാനം. ഏറ്റെടുക്കുന്ന ഭൂമിക്ക് 2010ലെ ന്യായവിലയുടെ 50 ശതമാനം അടിസ്ഥാനപ്പെടുത്തി നഷ്ടപരിഹാരം കൊടുക്കാനായിരുന്നു മുന്‍ തീരുമാനം. ഇതിനു പകരം 2015ലെ ന്യായവില അടിസ്ഥാനമാക്കി നഷ്ടപരിഹാരം നല്‍കും. ഇതു കണക്കാക്കുമ്പോള്‍ നേരത്തേ നിശ്ചയിച്ച തുകയേക്കാള്‍ 25 ശതമാനം അധികം വരുമെന്നാണ് ഗെയില്‍ അധികൃതരുടെ വാദം. കേരളത്തില്‍ 4,526 ഏക്കര്‍ ഭൂമി പദ്ധതിക്കു വേണ്ടി അക്വയര്‍ ചെയ്യേണ്ടിവരുമെന്ന വസ്തുതകളെല്ലാം മറച്ചുവച്ചാണ് സ്ഥലമെടുപ്പ് പുരോഗമിക്കുന്നത്. സംസ്ഥാനത്ത് 20 മീറ്റര്‍ വീതിയില്‍ 500 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇപ്പോള്‍ ഏറ്റെടുക്കുന്ന ഭൂമിയിലൂടെ ആരുടെയും അനുവാദമില്ലാതെ പെട്രോള്‍, ഡീസല്‍, ആസിഡ്, ഏവിയേഷന്‍ ഓയില്‍, മണ്ണെണ്ണ എന്നിവയെല്ലാം കൊണ്ടുപോവാനായി മറ്റു പൈപ്പുകളും സ്ഥാപിക്കും. 24 ഇഞ്ച് വ്യാസമുള്ള വാതക പൈപ്പ് ലൈനുകളാണ് ഉപയോഗിക്കുന്നത്. അതിലൂടെ കടത്തിവിടുന്ന വാതകത്തിന്റെ മര്‍ദം 1000 മുതല്‍ 1250 വരെ പിഎസ്‌ഐയായതിനാല്‍ അപകടസാധ്യത ഏറെയാണ്. അമേരിക്കയില്‍ ഇത്തരം വാതക പൈപ്പ്‌ലൈനുകള്‍ ഉണ്ടാക്കിയ അപകടങ്ങളെക്കുറിച്ചും അതിലെ കൂട്ടമരണങ്ങളെക്കുറിച്ചും അധികൃതര്‍ നിശ്ശബ്ദത പാലിക്കുകയാണ്. 1962 ലെ പിഎംപി ആക്ടിലെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനാണ് കരാറെടുത്ത കമ്പനിയുടെ ശ്രമം. പൈപ്പ്‌ലൈനിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് 25 ശതമാനം അധിക നഷ്ടപരിഹാരം, 20 മീറ്ററിനു പകരം 10 മീറ്റര്‍ ഏറ്റെടുക്കല്‍ തുടങ്ങിയ പുതിയ വാഗ്ദാനങ്ങളാണ് ഇപ്പോള്‍ കമ്പനിയും സര്‍ക്കാരും മുന്നോട്ടുവയ്ക്കുന്നത്. 1962ലെ പെട്രോളിയം ആന്റ് മിനറല്‍ പൈപ്പ്‌ലൈന്‍ ആക്ട് പ്രകാരം ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ആധാരവിലയുടെ 10 ശതമാനം മാത്രമേ ഉടമയ്ക്കു ലഭിക്കൂ. ഇത് 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിനോ ഗെയിലിനോ അധികാരമില്ലെന്നതാണു സത്യം. ഇതു കിട്ടാനും പോവുന്നില്ല. അലൈന്‍മെന്റില്‍ കുറവുവരുത്തി 20 മീറ്ററിനു പകരം 10 മീറ്റര്‍ എന്നതും വിശ്വസിക്കാനാവില്ല. പൈപ്പ്‌ലൈനിന്റെ സുരക്ഷയെ ബാധിക്കുന്ന ഈ പുതിയ പ്രഖ്യാപനങ്ങള്‍ അവിശ്വസനീയവും നിലനില്‍ക്കാത്തതുമാണ്. നഷ്ടപരിഹാരം വര്‍ധിപ്പിക്കാനും ഏറ്റെടുക്കുന്ന ഭൂമിയുടെവീതിപകുതിയാക്കി കുറയ്ക്കാനും പാര്‍ലമെന്റില്‍ നിയമഭേദഗതി കൊണ്ടുവന്ന് പാസാക്കേണ്ടതുണ്ട്. അക്കാര്യങ്ങളൊന്നും പരിഗണനയിലില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. പൈപ്പ്‌ലൈനില്‍ എവിടെയെങ്കിലും എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സ്ഥലമുടമയ്ക്കായിരിക്കുമെന്നാണു നിയമം. ഇത്തരത്തില്‍ എന്തെങ്കിലും തകരാറുകളുണ്ടായാ ല്‍ മൂന്നുവര്‍ഷം വരെ ജാമ്യമില്ലാതെ ജയില്‍ശിക്ഷ അനുഭവിക്കാന്‍ ഭൂവുടമ ബാധ്യസ്ഥനായിരിക്കുമെന്നും നിയമത്തിലുണ്ട്. ആര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ലാതെ അറബിക്കടലിലൂടെ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് വാതകങ്ങള്‍ കൊണ്ടുപോവാന്‍ കഴിയും. മിക്ക വിദേശരാജ്യങ്ങളിലും ഗ്യാസ് പൈപ്പ്‌ലൈനുകള്‍ കടല്‍വഴിയാണുതാനും. ഇതിന് 60,000 കോടി രൂപ വേണം. എന്നാല്‍, കരയിലൂടെ കൊണ്ടുപോവാന്‍ 3500 കോടി രൂപ മതി. 56,500 കോടി രൂപ ലാഭിക്കാനാണ് കൊച്ചി മുതല്‍ മംഗലാപുരം വരെ സമുദ്രാതിര്‍ത്തി ഒഴിഞ്ഞുകിടന്നിട്ടും സര്‍ക്കാരും ഗെയില്‍ അധികൃതരും പൈപ്പ്‌ലൈന്‍ കരയിലൂടെ കൊണ്ടുപോവാന്‍ ശ്രമിക്കുന്നത്. നടപ്പാക്കാന്‍ ഒരിക്കലും സാധ്യമല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കുകയാണ് ഇപ്പോ ള്‍ ചെയ്യുന്നത്. ഇതിലൂടെ പ്രതിഷേധം ഇല്ലാതാക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss