|    Apr 23 Mon, 2018 8:54 pm
FLASH NEWS

ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ അന്വേഷണപരമ്പര

Published : 12th March 2016 | Posted By: swapna en

മറച്ചുവയ്ക്കുന്നത് 2.5 ലക്ഷം കോടിയുടെ പ്രകൃതിവാതക കുംഭകോണം;

സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് എംപി
ഭാഗം ഒന്ന്
എം പി വിനോദ്

കേരളത്തിന്റെ വികസന പദ്ധതിയായി ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയെ വാഴ്ത്തുന്നവര്‍, പൈപ്പ് ലൈന്‍ വഴി വീടുകളിലേക്ക് പാചകവാതകം എത്തുമെന്ന മോഹനവഗ്ദാനം നല്‍കി ജനങ്ങളുടെ പിന്തുണ തേടുന്നവര്‍ മറച്ചുവയ്ക്കുന്നത് ഖത്തറിലെ റാസ് ഗ്യാസില്‍നിന്നു പ്രകൃതിവാതകം ഇറക്കുമതി ചെയ്തതിലെ 2.5 ലക്ഷം കോടി രൂപയുടെ അഴിമതി. യുപിഎ സര്‍ക്കാരിനെ താഴെയിറക്കിയ 1.76 ലക്ഷം കോടി രൂപയുടെ 2ജി സ്‌പെക്ട്രം അഴിമതിയെ തോല്‍പ്പിക്കുന്ന പ്രകൃതിവാതക ഇറക്കുമതിയിലെ കുംഭകോണം 2011ല്‍ പുറത്തുകൊണ്ടുവന്നത് പെട്രോളിയം പ്രകൃതിവാതകം പര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്ന ഗുജറാത്തിലെ കോണ്‍ഗ്രസ് എംപി മുകേഷ് ബി ഗദ്ദാവിയായിരുന്നു.
രാജ്യത്തെ നാലു പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡാണ് ഇന്ത്യയിലേക്ക് കൊച്ചി പുതുവൈപ്പിന്‍ ടെര്‍മിനലിലേക്കും ഗുജറാത്തിലെ ദാഹോജിലെ ടെര്‍മിനലിലേക്കും പ്രകൃതിവാതകം ഖത്തറിലെ റാസ് ഗ്യാസ് വഴി ഇറക്കുമതി ചെയ്യുന്നത്. ഗെയില്‍, ഒഎന്‍ജിസി, ഐഒസി, ബിപിസിഎല്‍ എന്നീ പൊതുമേഖലാ കമ്പനികള്‍ ചേര്‍ന്നാണ് പെട്രോളിയം പ്രകൃതിവാതകം സെക്രട്ടറി ചെയര്‍മാനായി പെട്രോനെറ്റ് എന്ന കമ്പനി രൂപീകരിച്ചിരിക്കുന്നത്. പെട്രോളിയം സെക്രട്ടറി ചെയര്‍മാനായിട്ടും രാജ്യതാല്‍പര്യം സംരക്ഷിക്കാതെയാണ് റാസ് ഗ്യാസുമായി പ്രകൃതിവാതക ഇറക്കുമതി കരാറുണ്ടാക്കിയത്.
1999ല്‍ ക്ഷണിച്ച ടെന്‍ഡറില്‍ ഒരു യൂണിറ്റ് (പെര്‍ മില്യന്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ്) ദ്രവീകൃത പ്രകൃതിവാതകം 3.04 ഡോളര്‍ നിരക്കില്‍ 7.5 മില്യന്‍ ടണ്‍ 25 വര്‍ഷത്തേക്ക് നല്‍കാന്‍ തയ്യാറാണെന്നാണ് ഖത്തറിലെ റാസ് ഗ്യാസ് അറിയിച്ചത്. എന്നാല്‍, ഈ കരാര്‍ ഒപ്പിടാതെ പൊതുമേഖലാ എണ്ണ കമ്പനികളുടെ സംയുക്ത സംരംഭമായ പെട്രോനെറ്റ് റാസ് ഗ്യാസിന് കൂടിയ വില നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 3.04 ഡോളറിനു പകരം 12.66 ഡോളര്‍ നിരക്കില്‍ 15 വര്‍ഷം പ്രകൃതിവാതകം ഇറക്കുമതി ചെയ്യാനാണ് റാസ് ഗ്യാസുമായി കരാര്‍ ഒപ്പിട്ടത്. ഇതുവഴി പ്രതിവര്‍ഷം 3.7 ബില്യന്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്. 2014 മുതല്‍ പ്രാബല്യത്തിലുള്ള കരാര്‍പ്രകാരം 15 വര്‍ഷത്തേക്ക് 55.5 ബില്യന്‍ ഡോളറിന്റെ ഏതാണ്ട് 2.55 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രാജ്യവും ഇറക്കുമതി പ്രകൃതിവാതകം ഉപയോഗിക്കുന്ന ഇവിടത്തെ വ്യവസായികളും വഹിക്കേണ്ടി വരിക. മുന്‍ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും രാജീവ് ഗാന്ധി മന്ത്രിസഭയില്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ബി കെ ഗദ്ദാവിയുടെ മകന്‍ മുകേഷ് ബി ഗദ്ദാവി ഉന്നയിച്ചത് ഇതാണ്.
പൊതുമേഖലാ കമ്പനികളുടെ സംയുക്ത സംരംഭമായ പെട്രോനെറ്റിനെ സിഎജി (കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍)യുടെ ഓഡിറ്റിങിന് വിധേയമാക്കണമെന്നും പ്രകൃതിവാതക ഇറക്കുമതി അഴിമതിയില്‍ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് 2011ല്‍ മുകേഷ് ബി ഗദ്ദാവി അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് കത്ത് നല്‍കി. എന്നാല്‍, പെട്രോളിയം മന്ത്രാലയം അന്വേഷിക്കുന്നു എന്ന ഒഴുക്കന്‍ മറുപടിയല്ലാതെ സിബിഐക്കു വിടാനോ കാര്യമായ അന്വേഷണം നടത്താനോ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തയ്യാറായില്ല. പ്രകൃതിവാതകം ഇറക്കുമതിയിലെ അഴിമതി അന്വേഷിക്കണമെന്ന നിലപാടെടുത്ത അന്നത്തെ പെട്രോളിയം മന്ത്രി എസ് ജയ്പാല്‍റെഡ്ഡിയെ മന്ത്രി സ്ഥാനത്തുനിന്നുതന്നെ നീക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പെട്രോളിയം സെക്രട്ടറി ചെയര്‍മാനായ പെട്രോനെറ്റിന്റെ അഴിമതി അദ്ദേഹത്തോടുതന്നെ അന്വേഷിക്കുന്ന വിചിത്രമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനെയോ (സിവിസി), സിബിഐയെയോ അന്വേഷണം ഏല്‍പ്പിക്കാന്‍ തയ്യാറായതുമില്ല. അന്നത്തെ പ്രതിപക്ഷമായ ബിജെപി ഈ വിഷയം ഏറ്റെടുത്തതേയില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയാണ് പ്രകൃതിവാതക ഇറക്കുമതിക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നത്. ഗുജറാത്തിലെ ദാഹോജിലെ പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനല്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ അമിത താല്‍പര്യം കാണിക്കുകയും പെട്രോനെറ്റിന് അനുകൂല നിലപാടെടുക്കുകയുമായിരുന്നു മോദി. ആരോപണം ഉന്നയിച്ച മുകേഷ് ബി ഗദ്ദാവി 2013ല്‍ മരണപ്പെട്ടതോടെ 2.5 ലക്ഷം കോടിയുടെ അഴിമതി ആരോപണം കോള്‍ഡ് സ്‌റ്റോറേജിലായി.
പ്രകൃതിവാതകം ഇറക്കുമതിയിലെ അഴിമതി വ്യക്തമാക്കി മുന്‍ ധനകാര്യ സെക്രട്ടറി 2013 ജനുവരി 13ന് പ്രധാനമന്ത്രിക്കും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതിലും ഒരു നടപടിയുമുണ്ടായില്ല. പെട്രോളിയം മേഖലയിലെ ചലനങ്ങളും വാര്‍ത്തകളും നല്‍കുന്ന ഇന്ത്യന്‍ ഓയില്‍ ആന്റ് ഗ്യാസിന്റെ പെട്രോ ഇന്റലിജന്‍സ് എന്ന പ്രസിദ്ധീകരണം പ്രകൃതിവാതക ഇറക്കുമതി കരാറില്‍ ഇന്ത്യക്ക് 27,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏപ്രിലില്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ പെട്രോളിയം പ്രകൃതിവാതകം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പെട്രോനെറ്റ് റാസ് ഗ്യാസുമായുണ്ടാക്കിയ കരാറിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി സ്ഥിരീകരിച്ചിരുന്നു.
ലോകത്ത് പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമായ ഇന്ത്യയില്‍ ആകെ ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ 77 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. കൂടിയ വില നല്‍കിയതിനു പുറമെ കരാറില്‍ പറഞ്ഞതിനെക്കാള്‍ വളരെ സാന്ദ്രത കുറഞ്ഞ പ്രകൃതിവാതകം ഇറക്കുമതി ചെയ്ത് റാസ് ഗ്യാസ് കബളിപ്പിക്കുകയും ചെയ്തു. കരാര്‍പ്രകാരം വര്‍ഷം 7.5 മില്യന്‍ മെട്രിക് ടണ്‍ (എംഎംടി) റിച്ച് എല്‍എന്‍ജി (ഉയര്‍ന്ന തോതില്‍ ഹൈഡ്രോ കാര്‍ബണ്‍സ് പ്രൊപൈന്‍, ബ്യൂട്ടെയിന്‍ അടങ്ങിയത്) പകരം 2.5 എംഎംടി നേര്‍പ്പിച്ച വിലകുറഞ്ഞ എല്‍എന്‍ജിയാണ് ഇറക്കുമതി ചെയ്തത്. വിലയില്‍ കിഴിവു നല്‍കിയില്ലെന്ന് മാത്രമല്ല; കൂടിയ വില ഈടാക്കുകയും ചെയ്തു. പെട്രോനെറ്റും ഗെയിലും ഈ തട്ടിപ്പിനു കൂട്ടുനിന്നു. കൂടിയ വിലയ്ക്ക് പ്രകൃതിവാതകം ഫാക്ട് അടക്കമുള്ള വ്യവസായ സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. റാസ് ഗ്യാസിനോട് നേര്‍പ്പിച്ച എല്‍എന്‍ജിക്ക് വിലകുറയ്ക്കാന്‍ ആവശ്യപ്പെടാതെ സംസ്ഥാന സര്‍ക്കാരിനോട് വാറ്റ് നികുതി ഒഴിവാക്കാനാണ് ആവശ്യപ്പെട്ടത്. എണ്ണ കമ്പനികള്‍ സിഎജി (കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍)യുടെ ഓഡിറ്റിങിനു വിധേയമാക്കാത്തതിനാലാണ് ഈ അഴിമതിയും 2ജി സ്‌പെക്ട്രം, കല്‍ക്കരിപ്പാടം അഴിമതി അടക്കമുള്ളവ പോലെ പുറത്തുവരാത്തത് . രാജ്യം കണ്ട വലിയ അഴിമതി മറച്ചു വച്ചാണ് പെട്രോനെറ്റും ഗെയിലും കേരളത്തിന്റെ വ്യവസായ വികസനത്തിനുള്ള പദ്ധതിയായി പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയെ വാഴ്ത്തുന്നത്.

ഭാഗം രണ്ട്

ഇതാണോ ചെലവുകുറഞ്ഞ ഇന്ധനം ?

ഉത്തരേന്ത്യയില്‍ 2.52 ഡോളര്‍; കേരളത്തില്‍ 24.35 ഡോളര്‍
പ്രകൃതിവാതകം ചെലവു കുറഞ്ഞ ഇന്ധനമായി അവതരിപ്പിക്കുന്ന ഗെയില്‍ കേരളത്തിലെ വ്യവസായങ്ങളുടെ രക്ഷയ്ക്കും വളര്‍ച്ചയ്ക്കും ഇറക്കുമതിചെയ്യുന്ന പ്രകൃതിവാതകമാണ് ഗുണകരം എന്നാണ് പ്രചരിപ്പിക്കുന്നത്. പെട്രോളിയം ഉള്‍പന്നങ്ങളെക്കാള്‍ കുറഞ്ഞ ചെലവില്‍ ഇന്ധനവും കൂടുതല്‍ ഉല്‍പാദനവും എന്ന മോഹനവാഗ്ദാനത്തില്‍ മയങ്ങുന്നതിനു മുമ്പ് പ്രകൃതിവാതകത്തിനു ഉത്തരേന്ത്യയില്‍ നല്‍കുന്ന വിലകൂടി പരിശോധിക്കാം. അന്താരാഷ്ട്ര വിപണിയില്‍ പെര്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് കേവലം 1.792 ഡോളറാണ് വില.
ഉത്തരേന്ത്യയിലും കിഴക്കന്‍ പ്രദേശങ്ങളിലും വൈദ്യുതി, രാസവളം നിലയങ്ങള്‍ക്ക് 2.52 ഡോളറിന് ഗെയില്‍തന്നെ പ്രകൃതിവാതകം നല്‍കുന്നു. എന്നാല്‍ കേരളത്തില്‍ നികുതികള്‍ ഉള്‍പ്പെടെ യൂണിറ്റിന് 24 ഡോളര്‍വരെയാണ് ഈടാക്കുന്നത്. എട്ടിരട്ടിയിലേറെ കൊള്ളവിലയ്ക്കാണ് കേരളത്തിലെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഗെയില്‍ പ്രകൃതിവാതകം നല്‍കുന്നത്. എന്നിട്ടാണ് ചെലവുകുറഞ്ഞ ഇന്ധനമായി പ്രചരിപ്പിക്കുന്നത്. ഇന്ത്യയില്‍ വിവിധ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രകൃതിവാതകം നല്‍കുന്നതിന് ഈടാക്കുന്ന ഗെയില്‍ പുറത്തുവിട്ട കണക്കുതന്നെയാണ് ഈ തീവെട്ടിക്കൊള്ള പുറത്തുകൊണ്ടുവരുന്നത്.
പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസി ഉല്‍പാദിപ്പിക്കുന്ന പ്രകൃതിവാതകം വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി, വളം പ്ലാന്റുകള്‍ക്ക് യൂണിറ്റിന് 2.52 ഡോളര്‍ നിരക്കിലാണ് നല്‍കുന്നത്. വടക്കു കിഴക്കന്‍ മേഖലയ്ക്കു പുറത്തുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇത് 4.2 ഡോളറിനും നല്‍കുന്നു. റിലയന്‍സിന്റെ കെജിഡി 6 എണ്ണപ്പാടത്തുനിന്നും ഉല്‍പാദിപ്പിക്കുന്നവ എല്ലാ ഉപഭോക്താക്കള്‍ക്കും യൂണിറ്റിന് 4.2 ഡോളര്‍ നിരക്കിലാണ് വിതരണം. അതേസമയം അംഗുരയില്‍ നിന്നുള്ളതിന് ഗെയില്‍ 2.52 ഡോളറും റാവയില്‍ നിന്നുളളതിന് 3.5 ഡോളറും ഈടാക്കുന്നു.
പുതുവൈപ്പിനില്‍ ഇറക്കുമതി ചെയ്യുന്ന ആര്‍എല്‍എന്‍ജി യൂണിറ്റിന് 12 മുതല്‍ 17 ഡോളര്‍ വരെ നിരക്കിലാണ് നല്‍കുന്നത്. ഓരോ കപ്പലെത്തുമ്പോഴും വിലയില്‍ മാറ്റമുണ്ടാവും. 2014 ജനുവരിയില്‍ കേരളത്തിലെ പ്രധാന ഉപഭോക്താവായ ഫാക്ടിന് പ്രകൃതിവാതകം നല്‍കിയത് യൂണിറ്റിന് 24.35 ഡോളര്‍ വിലയ്ക്കാണ്. ഇതോടെ ഫാക്ട് പ്രകൃതിവാതകം വാങ്ങുന്നത് നിര്‍ത്തുകയും ചെയ്തു.

ഫാക്ടിനെ രക്ഷിക്കാന്‍ ഒറ്റമൂലിയായി അവതരിപ്പിച്ചു; പൊള്ളുന്ന വിലയില്‍ പ്രകൃതിവാതകം ഉപേക്ഷിച്ചു
കേരളത്തില്‍ ഗെയിലിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് പ്രതിദിനം 27,000 ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് പ്രകൃതിവാതകം ഉപയോഗിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഫാക്ട് എന്ന ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍ ട്രാവന്‍കൂര്‍. ഫാക്ടിന്റെ പ്ലാന്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കുമ്പോള്‍ 35,190 യൂണിറ്റ് പ്രകൃതിവാതകമാണ് വേണ്ടിവരുക. നഷ്ടത്തിലായ ഫാക്ടിനെ രക്ഷിക്കാനുള്ള ഒറ്റമൂലിയായാണ് ഗെയില്‍ പ്രകൃതിവാതകത്തെ വിശേഷിപ്പിച്ചത്. നിലവി ല്‍ പ്രവര്‍ത്തിക്കുന്ന നാഫ്ത മാറ്റി പ്ലാന്റ് പ്രകൃതിവാതകത്തിലേക്കു മാറ്റിയാല്‍ 210 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടിനെ രക്ഷിക്കാമെന്ന പ്രചാരണമാണ് നടത്തിയത്. എന്നാല്‍, ഫാക്ട് പ്രകൃതിവാതകത്തിലേക്കു മാറിയപ്പോള്‍ പ്രതിവര്‍ഷ നഷ്ടം 730 കോടിയായി കുതിച്ചുയരുകയായിരുന്നു. ഇതോടെ ഗെയിലില്‍ നിന്നും പ്രകൃതിവാതകം വാങ്ങുന്നത് ഫാക്ട് നിര്‍ത്തി.
നാഫ്ത ഉപേക്ഷിച്ച് ഫാക്ടിന് പ്രകൃതിവാതകത്തിലേക്കു മാറ്റാന്‍ ഗെയില്‍ സമര്‍ത്ഥമായ നാടകമാണ് കളിച്ചത്. ഇതിന് ആദ്യമായി ഫാക്ടിലെ തൊഴിലാളി സംഘടനകളെ പിടിക്കുകയായിരുന്നു. സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളെല്ലാം അമോണിയാ പ്ലാ ന്റ് പ്രകൃതിവാതകത്തിലേക്ക് മാറ്റണമെന്നു മുറവിളി തുടങ്ങി. ഇതോടെ ഫാക്ടിനെ രക്ഷിക്കാനുള്ള നീക്കമായി വാഴ്ത്തി നാഫ്ത നിര്‍ത്തി ഗെയ്‌ലിന്റെ പ്രകൃതിവാതകം കൊണ്ടുവന്നപ്പോഴാണ് പൊള്ളുന്ന വില ഫാക്ടിന് താങ്ങാനാവാത്ത അവസ്ഥയായത്. രാജ്യത്തിന്റെ ഉത്തര, കിഴക്കന്‍ മേഖലകളിലെ രാസവളം നിര്‍മാണശാലകള്‍ക്ക് യൂണിറ്റിന് 2.52 ഡോളറിനു നല്‍കുന്ന പ്രകൃതിവാതകത്തിനാണ് ഗെയില്‍ ഫാക്ടില്‍നിന്നും 24.35 ഡോളര്‍ ആവശ്യപ്പെട്ടത്.
2013 ആഗസ്ത് 25നാണ് ഫാക്ട് പ്രകൃതിവാതകം ഉപയോഗിക്കാന്‍ ആരംഭിച്ചത്. പുതുവൈപ്പ് ടെര്‍മിനലില്‍നിന്ന് ഒരു കെജി മര്‍ദ്ദത്തിലുള്ള പ്രകൃതിവാതകത്തിന് യൂണിറ്റിന് 12 ഡോളര്‍ നിരക്കില്‍ രണ്ടാഴ്ചത്തേക്കായിരുന്നു ഗെയിലും ഫാക്ടും കരാറുണ്ടാക്കിയത്. കുറഞ്ഞ മര്‍ദ്ദത്തിലുള്ള പ്രകൃതിവാതകംകൊണ്ട് പ്രയോജനമില്ലാത്തതിനാല്‍ പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ 45 കെജി മര്‍ദ്ദത്തില്‍ പ്രകൃതിവാതകമാണ് ഫാക്ട് ആവശ്യപ്പെട്ടത്. ഇതിന് 19.5 ഡോളറാണ് ഗെയില്‍ നിരക്കിട്ടത്. നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ 14.5 ശതമാനം വാറ്റ് നികുതി ഒഴിവാക്കണമെന്നാണ് ഗെയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയിട്ടും ഫാക്ടിനുള്ള പ്രകൃതിവാതകത്തിന്റെ വില അടിക്കടി വര്‍ധിപ്പിക്കുകയായിരുന്നു. കേരളത്തിനാവട്ടെ നികുതി നഷ്ടവും.
പ്രകൃതിവാതകവുമായി ഖത്തറില്‍ നിന്നും ഓരോ കപ്പലെത്തുമ്പോഴും വില കുത്തനെകൂടി. 2014 ജനുവരി 15നു 23.76 ഡോളറും ശേഷം 23.76 ഡോളറുമായി. ഇതോടെ 2014 ജനുവരി 19 മുതല്‍ ഫാക്ട് പ്രകൃതിവാതകം വാങ്ങുന്നത് നിര്‍ത്തുകയായിരുന്നു. നേരത്തെ നാഫ്ത ഉപയോഗിച്ചപ്പോള്‍ യൂണിറ്റിന് 2224 ഡോളറായിരുന്നു നല്‍കേണ്ടിയിരുന്നത്.
നാഫ്ത ഉപയോഗിക്കുന്നതിനുള്ള നഷ്ടപരിഹാരമെന്ന നിലയില്‍ ഒരു കിലോ ഗ്രാം ഫോസ്‌ഫേറ്റിന് 3.121 രൂപയും സള്‍ഫേറ്റിന് 3.658 രൂപയും കേന്ദ്ര സര്‍ക്കാര്‍ ഫാക്ടിനു നല്‍കിയിരുന്നു. പ്രകൃതിവാതകത്തിലേക്കു മാറിയതോടെ ആ സബ്‌സിഡി തുകയും നഷ്ടമായി.
210 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ട് നാഫ്ത മാറ്റി ലാഭകരമെന്നു പ്രചരിപ്പിച്ച പ്രകൃതിവാതകത്തിലേക്കു മാറിയതോടെ കമ്പനിയുടെ പ്രതിവര്‍ഷ നഷ്ടം 730 കോടി രൂപയായാണ് കുതിച്ചുയര്‍ന്നത്. ഫാക്ടിന്റെ ഈ അനുഭവപാഠം മാത്രം മതി ചെലവുകുറഞ്ഞ ഇന്ധനമായി ഗെയില്‍ വാഴ്ത്തുന്ന ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകം കേരളത്തിലെ വ്യവസായങ്ങളുടെ മരണമണി മുഴക്കുമെന്നു തിരിച്ചറിയാന്‍.

ഭാഗം മൂന്ന്

171 കോടിയുടെ ബ്രഹ്മപുരം വാതകനിലയം നഷ്ടക്കച്ചവടമാവും;

വേണ്ടെന്ന് റെഗുലേറ്ററി കമ്മീഷന്‍

ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകം വന്‍ വിലയ്ക്ക് കെട്ടിവയ്ക്കാന്‍ കൊച്ചി ബ്രഹ്മപുരത്ത് 171 കോടി രൂപ ചെലവിട്ട് പ്രകൃതിവാതകാധിഷ്ഠിത വൈദ്യുതിനിലയം സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം നഷ്ടക്കച്ചവടവും കേരളത്തിന് വന്‍ ബാധ്യതയുമായി മാറുമെന്നത് ഉറപ്പ്.
ബ്രഹ്മപുരത്തെ ഡീസല്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന താപവൈദ്യുതി നിലയം പ്രകൃതിവാതകത്തിലേക്കു മാറ്റാനാണ് കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും ഒരുങ്ങുന്നത്. ഇതിന് കേന്ദ്ര ഊര്‍ജമന്ത്രായലത്തിന്റെ പിന്തുണയുമുണ്ട്. എന്നാല്‍, പെട്രോനെറ്റിന് കോടികളുടെ ലാഭം കൊയ്യാന്‍, കൂടിയ വിലയ്ക്ക് പ്രകൃതിവാതകം ഉപയോഗിക്കുന്നതിനെതിരേ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ രംഗത്തെത്തിയതാണ് ആശ്വാസം. ബ്രഹ്മപുരത്തു വാതകനിലയം ആരംഭിച്ചാല്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് കൂടുതല്‍ വില നല്‍കേണ്ടിവരുമെന്നും ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞാണ് കമ്മീഷന്‍ വാതകനിലയത്തിന് അനുമതി നിഷേധിച്ചത്. വൈദ്യുതി കമ്മീഷന്റെ ശാസ്ത്രീയ നിലപാടു തെളിയിക്കുന്നതും മറ്റൊന്നല്ല, കേരളത്തിലെ താപവൈദ്യുതി നിലയങ്ങള്‍ പ്രകൃതിവാതകത്തിലേക്കു മാറുമ്പോള്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുമെന്ന ഗെയിലിന്റെ വാദങ്ങള്‍ നുണക്കഥയാണെന്നു തന്നെ.
ബ്രഹ്മപുരം താപവൈദ്യുതി നിലയത്തില്‍ ഇപ്പോള്‍ ഡീസലാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഡീസലിന്റെ ഉയര്‍ന്ന വില കാരണം ഉല്‍പാദനം ചെലവേറിയതായി. അപ്പോഴാണ് പ്രകൃതിവാതകം ചെലവുകുറഞ്ഞതാണെന്നു പറഞ്ഞ് ഡീസല്‍ ജനറേറ്റുകള്‍ പൊളിച്ചുമാറ്റി വാതകനിലയം തുടങ്ങാന്‍ കെഎസ്ഇബി തീരുമാനിച്ചത്.
ഡീസലില്‍ നിന്ന് പ്രകൃതിവാതകത്തിലേക്കു മാറ്റിയാലും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂനിറ്റിന് 12.43 രൂപ വരുമെന്നാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. കേന്ദ്രവിഹിതമായി ലഭിക്കുന്ന വൈദ്യുതിക്കും മറ്റ് ഉല്‍പാദകരില്‍ നിന്നു വാങ്ങുന്നതിനും വില ഇതിലും വളരെ കുറവാണ്. ഉപയോഗം കൂടിയ സമയത്തുപോലും ദക്ഷിണമേഖലയില്‍ നിന്നു വാങ്ങുന്ന വൈദ്യുതിക്ക് യൂനിറ്റിന് 5 രൂപ മാത്രമേയുള്ളൂ.
സമീപഭാവിയില്‍ ഈ മേഖലയില്‍ പുതിയ ഗ്രിഡുകള്‍ വരുന്നതിനാല്‍ വൈദ്യുതിക്ക് വില വര്‍ധിക്കാനുള്ള സാധ്യതയുമില്ല. വില കൂടിയ നാഫ്ത ഉപയോഗിക്കുന്ന നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിക്കു പോലും യൂനിറ്റിന് 6 രൂപ മാത്രമേ വിലയുള്ളൂ. അതിനാല്‍ കൂടുതല്‍ വൈദ്യുതി ആവശ്യമായാല്‍ നാഫ്ത ഉപയോഗിച്ച് വൈദ്യുതി നിര്‍മിച്ചാല്‍ മതിയെന്നും ഗെയിലിന്റെ കൂടിയ വിലയ്ക്കുള്ള പ്രകൃതിവാതകത്തിലേക്കു മാറേണ്ടതില്ലെന്നുമാണ് കമ്മീഷന്‍ വ്യക്തമാക്കിയത്. കേരള സര്‍ക്കാര്‍ നികുതിയില്‍ ഇളവു നല്‍കിയാല്‍ പോലും ഇതു ലാഭകരമല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. കെഎസ്ഇബി നല്‍കിയ കണക്കും ശാസ്ത്രീയ പഠനവും നടത്തി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തിയ ഈ വസ്തുതകള്‍, കായംകുളത്തെ നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ (എന്‍ടിപിസി) താപവൈദ്യുതി നിലയം പ്രകൃതിവാതകത്തിലേക്കു മാറ്റാനും, കണ്ണൂര്‍ ചീമേനിയില്‍ പുതിയ വാതകാധിഷ്ഠിത വൈദ്യുതിനിലയം തുടങ്ങാനുമുള്ള ഗെയിലിന്റെ നീക്കത്തിനാണു തടസ്സമായിരിക്കുന്നത്.
ഫാക്ട് കഴിഞ്ഞാല്‍ പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനലിലെത്തിക്കുന്ന ഇറക്കുമതി പ്രകൃതിവാതകത്തിന്റെ പ്രധാന ഉപയോക്താക്കളായി കണ്ടിരുന്നതാണ് ബ്രഹ്മപുരം വൈദ്യുതി നിലയത്തെയും കായംകുളം താപവൈദ്യുതി നിലയത്തെയും. കായംകുളം വൈദ്യുതി നിലയത്തിലെ നിലവിലുള്ള 360 മെഗാവാട്ട് ശേഷിയുള്ള നാഫ്ത യൂനിറ്റുകള്‍ പ്രകൃതിവാതകത്തിലേക്കു മാറ്റുന്നതിനും പുതിയ 1050 മെഗാവാട്ട് ശേഷിയുള്ള വാതകാധിഷ്ഠിത യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനുമുള്ള നിര്‍ദേശം എന്‍ടിപിസിയുടെ പരിഗണനയിലാണ്.
പ്രകൃതിവാതകം ഉപയോഗിച്ചാല്‍ നാഫ്ത ഉപയോഗിച്ചു വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനെക്കാള്‍ ചെലവുവരുമെന്ന യഥാര്‍ഥ്യം ഗെയിലിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടിയാവുകയാണ്. കായംകുളം നിലയത്തിലേക്ക് കടലിനടിയിലൂടെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ കൊണ്ടുപോവാനായിരുന്നു പദ്ധതി. മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കുമുള്ള പൈപ്പ്‌ലൈന്‍ മലബാര്‍ ജില്ലകളിലെ ജനവാസ മേഖലയിലൂടെ കൊണ്ടുപോവാന്‍ ശ്രമിക്കുന്ന ഗെയിലാണ് തെക്കന്‍ ജില്ലകളിലെ മത, സാമുദായിക, രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണ ലഭിക്കാന്‍ ജനവാസ മേഖലകള്‍ ഒഴിവാക്കി കടല്‍മാര്‍ഗം തിരഞ്ഞെടുത്തത്. ഇതേ മാതൃകയില്‍ കടല്‍മാര്‍ഗം വാതക പൈപ്പ്‌ലൈന്‍ മംഗലാപുരത്തെത്തിക്കാമെന്നിരിക്കെ ജനവാസ കേന്ദ്രങ്ങളിലൂടെ കൊണ്ടു—പോവുന്നത് പെട്രോനെറ്റിനും ഗെയിലിനും കോടികളുടെ ലാഭം കൊയ്യാനാണ്.
കടലിലൂടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുമ്പോള്‍ കരയിലൂടെ കൊണ്ടുപോവുന്നതിതിലും കൂടുതല്‍ തുക ചെലവുവരുമെന്നാണ് ഗെയില്‍ അധികൃതരുടെ വാദം. ജനങ്ങളുടെ ജീവന്‍, സ്വത്ത് എന്നിവയെക്കാളും തങ്ങളുടെ ലാഭം മാത്രം മുന്‍നിര്‍ത്തിയാണ് ഗെയില്‍ പ്രകൃതിവാതക പൈപ്പ് ജനവാസ കേന്ദ്രങ്ങളിലൂടെ കൊണ്ടുപോവുന്നതെന്നു വ്യക്തം. റോഡു വഴിയുള്ള വാതകക്കടത്തിനെക്കാള്‍ പ്രതിവര്‍ഷം 8000 കോടിയുടെ ലാഭമാണ് പൈപ്പ്‌ലൈന്‍ ഗെയിലിനു നല്‍കുക.
ഭാഗം നാല്
പ്രകൃതിവാതകത്തിലേക്കു മാറ്റിയാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താവും

പ്രകൃതിവാതകം വന്‍ വിലയ്ക്ക് കെഎസ്ആര്‍ടിസിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ഗെയിലും പെട്രോനെറ്റി ല്‍ പങ്കാളിത്തമുള്ള എണ്ണക്കമ്പനികളും നടത്തിയ നീക്കം ഞെട്ടിക്കുന്നതാണ്. പ്രകൃതിവാതകത്തിലേക്കു മാറണമെന്ന കേന്ദ്രനിര്‍ദേശം നഷ്ടക്കണക്കു പറഞ്ഞ് തള്ളിയപ്പോള്‍ കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കുകയായിരുന്നു ആദ്യപടി. വന്‍ ഉപയോക്താവെന്നു പറഞ്ഞ് പമ്പുകള്‍ക്കു നല്‍കുന്നതിനെക്കാള്‍ കൂടിയ വിലയും ഈടാക്കി. എന്നാല്‍, സപ്ലൈകോ പമ്പുകളി ല്‍ നിന്നും സ്വകാര്യ പമ്പുകളി ല്‍ നിന്നും ഡീസല്‍ വാങ്ങി ഈ നീക്കത്തെ കെഎസ്ആര്‍ടിസി അതിജീവിച്ചു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയും സമ്പാദിച്ചു. എന്നാല്‍, എണ്ണക്കമ്പനികള്‍ സുപ്രിംകോടതിയെ സമീപിച്ചു. കെഎസ്ആര്‍ടിസിക്കുണ്ടാവുന്ന നഷ്ടം ജനങ്ങളെയാണു ബാധിക്കുക എന്നു വിലയിരുത്തിയ സുപ്രിംകോടതി ഡീസല്‍ സബ്‌സിഡി തടയാനാവില്ലെന്നു വിധിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ്സുക ള്‍ പ്രകൃതിവാതകത്തിലേക്കു മാറിയാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കോര്‍പറേഷന്‍ നിലപാടെടുത്തത്.

കോര്‍പറേഷന് 6128 ബസ്സുകളാണ് ഉള്ളത്. ഇവയെല്ലാം ഓടുന്നത് ഡീസലിലും. ഇവ സിഎന്‍ജിയാക്കാന്‍ ഒരു ബസ്സിന് നാലു ലക്ഷം രൂപ ചെലവു വരും. ഇതോടെ 240 കോടി രൂപയുടെ അധികബാധ്യതയുണ്ടാവും. പ്രതിമാസം 90 കോടി രൂപയിലേറെ നഷ്ടത്തിലാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍പോലും പണമില്ല. ഈ അവസ്ഥയില്‍ സിഎന്‍ജിയിലേക്കു മാറാനാവില്ലെന്നായിരുന്നു നിലപാട്. എന്നാല്‍ സിറ്റി ഗ്യാസ് പദ്ധതി, ഐഒസി അദാനി ഗ്യാസ് ലിമിറ്റഡ്  നേടിയതോടെ കൊച്ചിയില്‍ സിഎന്‍ജി പമ്പുകള്‍ സ്ഥാപിച്ച് കെഎസ്ആര്‍ടിസി ബസ്സുകള്‍ സിഎന്‍ജിയിലേക്കു മാറ്റാനുള്ള നീക്കം നടത്തുന്നുണ്ട്. പരീക്ഷണ അടിസ്ഥാനത്തി ല്‍ കൊച്ചിയില്‍ പുതിയ സിഎന്‍ജി ബസ്സുകള്‍ വാങ്ങാന്‍ സംസ്ഥാന ബജറ്റില്‍ മുഖ്യമന്ത്രി 19.61 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സിഎന്‍ജിയിലേക്കു മാറാ ന്‍ 100 കോടി അനുവദിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനവുമുണ്ട്.

100 കോടി സഹായം വാങ്ങി 240 കോടി നഷ്ടമുണ്ടാക്കുന്ന സിഎന്‍ജിയിലേക്കുള്ള മാറ്റം കെഎസ്ആര്‍ടിസിയെ കട്ടപ്പുറത്തെത്തിക്കും. എന്നാല്‍, ഈ യാഥാര്‍ഥ്യം മറച്ചുവച്ച് സിഎന്‍ജിയിലേക്കു മാറ്റുന്നതിനായുള്ള പ്രചാരണത്തിനായി ഗെയില്‍ നിയോഗിച്ച പിആര്‍ ഏജന്‍സി കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകളെ സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്. സംഘടനാതലത്തില്‍ ഈ ആവശ്യം ഉയര്‍ത്തികൊണ്ടുവരാനാണു നീക്കം.സിഎന്‍ജി ബസ്സുകള്‍ കേരളത്തില്‍ വിജയകരമാവില്ലെന്നാണ് വാഹനരംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഡല്‍ഹിപോലെയുള്ള സമതലപ്രദേശങ്ങളിലാണ് സിഎന്‍ജി ബസ് വിജയകരമായി ഓടിക്കാന്‍ കഴിയുക. കയറ്റവും ഇറക്കവും വളവുകളുമുള്ള റൂട്ടില്‍ സിഎന്‍ജി ബസ്സുകള്‍ വേഗത്തില്‍ ഓടാന്‍ കഴിയാത്ത അവസ്ഥയുണ്ടാവും. ഡല്‍ഹിയില്‍ പെട്രോള്‍ വാഹനങ്ങള്‍ സിഎന്‍ജിക്കൊപ്പം പെട്രോളും ഉപയോഗിക്കുന്നുണ്ട്. വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ പെട്രോളാണ് ഉപയോഗിക്കുക. സിഎന്‍ജിയില്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ വാഹനം മുന്നോട്ടുനീങ്ങാന്‍ പ്രയാസമാണ്. ഈ പരിമിതി കേരളത്തില്‍ രൂക്ഷമാവും. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന ഭൂരിഭാഗം റൂട്ടുകളും കയറ്റവും ഇറക്കവും വളവും നിറഞ്ഞ പ്രദേശങ്ങളാണ്. അതിനാല്‍ നിരപ്പായ റോഡുകളുള്ള നഗരങ്ങളിലൊഴികെ മറ്റിടങ്ങളില്‍ സിഎന്‍ജി ബസ് വിജയമാവില്ലെന്നാണ് വാഹനരംഗത്തെ വിദഗ്ധരുടെ നിലപാട്. കുറഞ്ഞ ചെലവില്‍ സിഎന്‍ജി നല്‍കിയാല്‍ മാത്രമേ ഡീസല്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ആശ്വാസമുണ്ടാവൂ. കൂടുതല്‍ വില ഈടാക്കിയാല്‍ ഡീസലില്‍ തുടരുന്നതായിരിക്കും ലാഭം.

ഭാഗം അഞ്ച്

സുരക്ഷയൊരുക്കാതെ സിറ്റി ഗ്യാസ് പദ്ധതി:കേരള

ഗെയില്‍ ഗ്യാസിനു പകരം അദാനി എത്തി

ഗെയിലിന്റെ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേ ജനരോഷം ഉയര്‍ന്നപ്പോഴാണ് പൈപ്പ്‌ലൈന്‍ വഴി വീടുകളില്‍ പാചകവാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി പ്രഖ്യാപിച്ചത്. “പൈപ്പ് വഴി കുറഞ്ഞ ചെലവില്‍ അടുക്കളയില്‍ പാചകവാതകം എത്തും. കുറഞ്ഞ വില നല്‍കിയാല്‍ മതി. ഇനി ഗ്യാസ് സിലണ്ടറിനായുള്ള കാത്തിരിപ്പ് വേണ്ട” തുടങ്ങിയ മോഹനവാഗ്ദാനങ്ങളായിരുന്നു ഗെയില്‍ അധികൃതര്‍ നല്‍കിയത്. വാതക പൈപ്പ്‌ലൈന്‍ പോവുന്നിടത്തൊക്കെ വീടുകളില്‍ പൈപ്പ് വഴി പാചകവാതകം നല്‍കുമെന്നുകൂടി പ്രഖ്യാപിച്ച് പോസ്റ്റര്‍ പ്രചാരണവും നടത്തി. എന്നാല്‍, ഫെബ്രുവരി 20ന് കളമശ്ശേരിയില്‍ മുഖ്യമന്ത്രിയും മന്ത്രിപ്പടയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ കാന്റീന്‍ അടുക്കളയില്‍ അടുപ്പുകത്തിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തപ്പോഴാണ് സുരക്ഷയൊന്നും ഒരുക്കാതെ പ്രചാരണത്തിനായി നടത്തുന്ന തട്ടിപ്പാണ് ഇതെന്ന് തെളിഞ്ഞത്. കളമശ്ശേരി നഗരസഭയിലെ 10, 12 വാര്‍ഡുകളിലെ 250 വീടുകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കാന്റീനിലും മെസ് കാന്റീനിലും ആദ്യഘട്ടം പിഎന്‍ജി (പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ്) നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

സുരക്ഷയൊരുക്കാതെ പൈപ്പ് വഴി വീടുകളിലേക്കു പ്രകൃതിവാതകം നല്‍കുന്നതിനെതിരേ നാട്ടുകാര്‍ രംഗത്തുവന്നു. തുടര്‍ന്ന് സുരക്ഷ ബോധ്യപ്പെടുത്തിയിട്ടു മതി ഗ്യാസെന്ന് വീട്ടുകാര്‍ നിലപാടെടുത്തു. ഇതോടെ വീടുകളിലേക്കുള്ള പിഎന്‍ജി വിതരണം നിലച്ചിരിക്കുകയാണ്. സുരക്ഷ ശാസ്ത്രീയമായി ബോധ്യപ്പെടുത്താ ന്‍  പദ്ധതി നടപ്പാക്കുന്ന ഇന്ത്യ ന്‍ ഓയില്‍ കോര്‍പറേഷനും അദാനി ഗ്യാസ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൈപ്പിടുന്നതും പരിശോധിക്കുന്നതും കണക്ഷന്‍ നല്‍കുന്നതുമെല്ലാം കരാറുകാരനാണ്. പിഴവുകള്‍ ഉണ്ടോ എന്നറിയാന്‍ സാങ്കേതികവിദഗ്ധരുടെയോ മറ്റ് ഏജന്‍സിയുടെയോ പരിശോധനപോലുമില്ല. ഗ്യാസ് ലീക്ക് ചെയ്താലും തീപ്പിടിത്തമുണ്ടായാലും സുരക്ഷയ്ക്കായുള്ള യാതൊരു ക്രമീകരണങ്ങളും ഒരുക്കാതെയാണ് കണക്ഷന്‍ നല്‍കിയിരിക്കുന്നത്. അമ്പലമുകളിലൂടെയുള്ള ഗെയിലിന്റെ 24 ഇഞ്ച് വ്യാസമുള്ള വാതക പൈപ്പ് ലൈനില്‍നിന്ന് 1,000 മുതല്‍ 1,250 വരെ പിഎസ്‌ഐ മര്‍ദ്ദമുള്ള പ്രകൃതിവാതകമാണ് കളമശ്ശേരിയിലെ വാല്‍വ് ചേംബറിലെത്തിക്കുന്നത്. ഇതാണ് അവിടെനിന്ന് രണ്ടര ഇഞ്ച് വ്യാസത്തിലുള്ള പൈപ്പില്‍ 200 പിഎസ്‌ഐ മര്‍ദ്ദത്തില്‍ വീടുകളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള മദര്‍ ലൈനായി കൊണ്ടുപോവുന്നത്. ഇതില്‍നിന്നു മുക്കാല്‍ ഇഞ്ചില്‍ മര്‍ദ്ദം കുറച്ചാണ് വീടുകളിലേക്ക് കണക്ഷന്‍ നല്‍കുന്നത്.

പൈപ്പില്‍ ചോര്‍ച്ചയോ തീപ്പിടിത്തമോ ഉണ്ടായാല്‍ തടയാനുള്ള ഒരു മുന്‍കരുതലും സ്വീകരിച്ചിട്ടില്ലെന്നതാണ് ഞെട്ടിക്കുന്നത്. പൈപ്പിലൂടെ തീ പടരുന്നത്് തടയാനുള്ള ഫഌഷ് ബാക്ക് അറസ്റ്റര്‍, നോണ്‍ റിട്ടേണ്‍ വാള്‍വ് എന്നിവയൊന്നും സ്ഥാപിച്ചിട്ടില്ല. ഏതെങ്കിലുംതരത്തില്‍ പൈപ്പില്‍നിന്നു വാതകം ചോര്‍ന്നാല്‍  അത് ലീക്ക് ഡിറ്റക്റ്റിങ് സെന്‍സര്‍ വഴി അറിഞ്ഞ് കണ്‍ട്രോള്‍ റൂമില്‍ ഓട്ടോമാറ്റിക് വാള്‍വ് ബന്ധം വിച്ഛേദിച്ച് ഗ്യാസ് ചോരുന്നതും തീപടരുന്നതും തടയാനുള്ള മോട്ടോറൈസ്ഡ് വാള്‍വ് സംവിധാനവും ഒരുക്കിയിട്ടില്ല. ഗ്യാസ് ലീക്ക് ചെയ്യുമ്പോള്‍ ഞങ്ങളെ ഫോണില്‍ വിളിച്ചാല്‍ വാള്‍വ് അടച്ചുകൊള്ളാമെന്നാണ് അധികൃതര്‍ പറയുന്നത്. തീ പടര്‍ന്നാല്‍ ഫോണ്‍ വിളിക്കാനുള്ള സാവകാശംപോലും ലഭിക്കില്ല. പൈപ്പിലൂടെ തീ പടരുന്നതു തടയാനുള്ള സുരക്ഷ ഒരുക്കാത്തതിനാല്‍ മദര്‍ ലൈന്‍ വഴി അമ്പലമുകളിലെ പ്രധാന വാതക പൈപ്പിലേക്ക് തീയെത്തിയാല്‍ സ്‌ഫോടനത്തില്‍ ഐഒസി പ്ലാന്റ് കത്തി കൊച്ചി തീക്കുണ്ഡമായി മാറും. ജനസാന്ദ്രതയേറിയ പ്രദേശത്ത് പതിനായിരങ്ങള്‍ക്കാണ് അപായമുണ്ടാവുക.2014 ജൂണില്‍ ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ മമിടികുദുരു ഗ്രാമത്തിലെ വാതക പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ 22 പേരാണ് വെന്തുമരിച്ചത്. വിജയവാഡയ്ക്കു സമീപമുള്ള കൊണ്ടപ്പള്ളി പവര്‍ പ്ലാന്റിലേക്ക് വാതകം കൊണ്ടുപോവുന്ന 18 ഇഞ്ച് പൈപ്പിലെ തീപ്പിടിത്തത്തില്‍ വിജനപ്രദേശമായതുകൊണ്ടാണ് ആളപായം കുറഞ്ഞത്.

2012 ആഗസ്ത് 27ന് കണ്ണൂര്‍ ചാലയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ തീ പടര്‍ന്ന് വെന്തുമരിച്ചത് 20 പേരാണ്. കേവലം 18 ടണ്‍ പാചകവാതകം കൊണ്ടുപോവുന്ന ടാങ്കര്‍ അപകടത്തിലാണ് ഇത്രയും പേര്‍ മരിച്ചത്. എന്നാല്‍, പാചകവാതകത്തിന്റെ നൂറിരട്ടി സ്‌ഫോടനശേഷിയുള്ള 6,000 ടണ്‍ പ്രകൃതിവാതകം 88 കിലോഗ്രാം/സെ.മീ 2 പ്രഷറില്‍ കൊണ്ടുപോവുമ്പോള്‍ സ്‌ഫോടനമുണ്ടായാലുള്ള നാശനഷ്ടങ്ങള്‍ പ്രവചനാതീതവും അതിഭീകരവുമാവും. കേരള ഗെയില്‍ ഗ്യാസ് കമ്പനി ആവിയായി; കേന്ദ്ര സര്‍ക്കാരിന് വേണ്ടി നഷ്ടം സഹിച്ചും  അദാനിയെത്തിപ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ പ്രചാരണത്തിനായി പ്രഖ്യാപിച്ച സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കെഎസ്‌ഐഡിസി(കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍)യുമായി ചേര്‍ന്ന് ഗെയില്‍, കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ് എന്ന കമ്പനിക്ക് രൂപം നല്‍കിയിരുന്നു. ഗെയിലിനും കെഎസ്‌ഐഡിസിക്കും 50 ശതമാനം ഓഹരിയും ബാക്കി സ്വകാര്യ പങ്കാളിത്തവും ലക്ഷ്യമിട്ട സംയുക്തസംരംഭം 2011 ഡിസംബറിലാണ് ആരംഭിച്ചത്. 2,000 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്. കൊച്ചിയില്‍ വീടുകളില്‍ പൈപ്പ് വഴി പാചകത്തിന് പ്രകൃതിവാതകം എത്തിക്കുക, സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിച്ച് കെഎസ്ആര്‍ടിസി ബസ്സുകള്‍ പ്രകൃതിവാതകത്തിലേക്കു മാറ്റുക തുടങ്ങിയവയായിരുന്നു ലക്ഷ്യമിട്ടത്.

2013 ഡിസംബറിലാണ് കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്ക് പെട്രോളിയം-പ്രകൃതിവാതക റെഗുലേറ്ററി ബോര്‍ഡ് അനുമതി നല്‍കിയത്. എന്നാല്‍, ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തിന് വന്‍ വിലയായതോടെ പദ്ധതി ലാഭകരമല്ലെന്ന വിലയിരുത്തലുണ്ടായി. ഇതോടെ കരാറില്‍ പങ്കെടുത്ത കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ് അടക്കമുള്ള കമ്പനികള്‍ പിന്‍മാറി. താല്‍പര്യം പ്രകടിപ്പിച്ചുവന്ന ആറു കമ്പനികളില്‍ മൂന്നെണ്ണം ഒരേ നിരക്കാണ് കാണിച്ചത്. കേരള ഗെയില്‍ ഗ്യാസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്, സിനര്‍ജി സ്റ്റീല്‍ എന്നിവയാണ് ഒരേ നിരക്കു കാണിച്ചത്. ഇതോടെ പ്രതിസന്ധിയിലായ പദ്ധതി അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എല്‍എന്‍ജി അധികൃതരും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് അദാനി രക്ഷയ്‌ക്കെത്തിയത്. എറണാകുളം ജില്ലയിലെ വീടുകളില്‍ പിഎന്‍ജി(പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ്)യും വാഹനങ്ങള്‍ക്ക് സിഎന്‍ജിയും വ്യവസായസ്ഥാപനങ്ങള്‍ക്ക് പ്രകൃതിവാതകവും 3,504 സ്‌ക്വയര്‍ കിലോമീറ്ററില്‍ വിതരണം നടത്തുന്നതിന് അഞ്ചുവര്‍ഷത്തേക്ക് 435 കോടി രൂപയാണ് ഐഒസി അദാനി ഗ്യാസ് ചെലവിടുന്നത്. 40,700 വീടുകളില്‍ പൈപ്പ് വഴി പ്രകൃതിവാതകം നല്‍കുകയും വേണം. നഷ്ടം സഹിച്ച് പദ്ധതി ഏറ്റെടുക്കുന്നതിനാലാണ് ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിക്കുന്നതും സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാത്തതുമെന്നാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന പരാതി. (നാളെ: ജനങ്ങള്‍ക്കു വേണ്ടി വാതക പൈപ്പ്‌ലൈന്‍ തടഞ്ഞ് തമിഴ്‌നാട്; ജനങ്ങളെ മറന്ന്  കേരളം)

ഭാഗം ആറ്

ജനങ്ങള്‍ക്കുവേണ്ടി വാതക പൈപ്പ്‌ലൈന്‍ തടഞ്ഞ് തമിഴ്‌നാട്;

ജനങ്ങളെ മറന്ന് കേരളം

കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെയാണ് കൊച്ചി- കൂറ്റനാട്- മംഗളൂരു- ബംഗളൂരു ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ കടന്നുപോവുന്നത്. ഈ പദ്ധതിയനുസരിച്ച് കൃഷിഭൂമിയിലൂടെ പൈപ്പ്‌ലൈന്‍ കൊണ്ടുപോവുന്നതിനെ തമിഴ്‌നാട് സര്‍ക്കാര്‍ എതി ര്‍ക്കുമ്പോള്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയകക്ഷികളും സര്‍ക്കാരും പിന്തുണയ്ക്കുകയാണ്. കൃഷിഭൂമിയിലൂടെ പൈപ്പ്‌ലൈന്‍ കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നും സ്ഥാപിച്ച പൈപ്പുകള്‍ നീക്കം ചെയ്യാനുമാണ് മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടത്. ഇതിനെതിരേ ഗെയില്‍ സുപ്രിംകോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. പെട്രോളിയം മിനറല്‍സ് നിയമത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി പൈപ്പ്‌ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. എന്നാല്‍, വിധിക്കെതിരേ സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയ തമിഴ്‌നാട് പെട്രോളിയം മിനറല്‍സ് പൈപ്പ്‌ലൈന്‍ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹരജി ഏതാനും ദിവസം മുമ്പ് സുപ്രിംകോടതി തള്ളി. ഇതേ ആവശ്യം ഉന്നയിച്ച് മറ്റ് ചില ഹരജികള്‍ സുപ്രിംകോടതിക്കു മുമ്പിലുണ്ട്. തമിഴ്‌നാട്ടിലെ കൃഷിഭൂമിയിലൂടെ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതുകയും ചെയ്തു.

പിഎംപി നിയമം അനുസരിച്ച് ഇറക്കിയ എല്ലാ വിജ്ഞാപനങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഇതുവരെ ഇറക്കിയിട്ടുള്ള വിജ്ഞാപനം അനുസരിച്ച് മുന്നോട്ടുപോവരുതെന്ന് ഗെയിലിനു നിര്‍ദേശം നല്‍കണമെന്നുമാണ് ജയലളിത ആവശ്യപ്പെട്ടത്. ജനവാസ മേഖലകളെ ഒഴിവാക്കിയാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കേണ്ടതെന്ന് പിഎംപി ആക്ടിലെ 7 (എ) പ്രകാരം വ്യക്തമാക്കിയിട്ടുണ്ടെന്ന് ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, കൃഷ്ണഗിരി എന്നീ ഏഴു ജില്ലകളില്‍ 20 മീറ്റര്‍ വീതിയില്‍ 312 കിലോമീറ്റര്‍ ഭൂമിയാണ് തമിഴ്‌നാട്ടില്‍ പദ്ധതിക്കു വേണ്ടിവരുക. ഈ രീതിയില്‍ നടപ്പാക്കിയാല്‍ 1,20,000 മരങ്ങ ള്‍ മുറിച്ചു മാറ്റേണ്ടിവരും. മുറിച്ചുമാറ്റുന്ന ഓരോ മരത്തിനും പകരം 10 മരങ്ങള്‍ വീതം നട്ടുപിടിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 12 ലക്ഷം തൈകളാണ് ഇവിടെ ഗെയില്‍ നടേണ്ടിവരുക. ഇത് ഗെയിലിനു സാധ്യമാവുമെന്നു കരുതാനാവില്ലെന്നും ജയലളിത പറയുന്നു. കാര്‍ഷിക മേഖലയെ തകര്‍ത്തുകൊണ്ടുള്ള വ്യവസായവ ല്‍ക്കരണത്തിനു കൂട്ടുനില്‍ക്കാനാവില്ലെന്നാണ് ജയലളിത സ ര്‍ക്കാരിന്റെയും തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നിലപാട്. പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളായ എഐഎഡിഎംകെ, ഡിഎംകെ, എംഡിഎംകെ, സിപിഎം തുടങ്ങിയ കക്ഷികളെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.

തമിഴ്‌നാട് സ്വതന്ത്ര കര്‍ഷകസംഘം, തമിഴ്‌നാട് കര്‍ഷക അസോസിയേഷന്‍ അടക്കമുള്ള കര്‍ഷക സംഘടനകളെല്ലാം രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി സമരരംഗത്തുണ്ട്.കേരളത്തിലെതുപോലെ തന്നെ ആദ്യം ജയലളിതയും വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് അനുകൂലമായിരുന്നു. പലയിടത്തും പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുകയും ചെയ്തു. എതിര്‍ത്ത കര്‍ഷകരെ പോലിസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇതിനെതിരേ കര്‍ഷകപ്രക്ഷോഭം ശക്തമായതോടെയാണ് ജയലളിത സര്‍ക്കാര്‍ മാറി ചിന്തിച്ചത്. ജനങ്ങളുമായി ചര്‍ച്ചചെയ്യാന്‍ ജയലളിത ചീഫ് സെക്രട്ടറിയെ നിയോഗിച്ചു. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കര്‍ഷകരെയും ഗെയില്‍ അധികൃതരെയും പങ്കെടുപ്പിച്ച് മൂന്നു ദിവസത്തെ ഹിയറിങും നടത്തി. 134 ഗ്രാമങ്ങളിലെ 2428 കര്‍ഷകര്‍ ഹിയറിങില്‍ വാതക പൈപ്പ്‌ലൈന്‍ കൃഷിഭൂമിയിലൂടെ കൊണ്ടുപോവുന്നതിനെതിരേ നിലപാടെടുത്തു. ഇതോടെയാണ് സര്‍ക്കാര്‍, കൃഷിഭൂമിയിലൂടെ വാതക പൈപ്പ്‌ലൈന്‍ അനുവദിക്കില്ലെന്ന നിലപാടിലേക്കു മാറിയത്.   914 കിലോമീറ്റര്‍ കൊച്ചി- ബംഗളൂരു- മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ കേരളത്തില്‍ ഏതാണ്ട് 500 കിലോമീറ്റര്‍ നീളത്തില്‍ ഏഴു ജില്ലകളെ കീറിമുറിച്ചാണു കടന്നുപോവുന്നത്. തമിഴ്‌നാട്ടിലൂടെ കടന്നുപോവുന്ന 312 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ കൃഷിഭൂമിയിലൂടെ കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടാണ് മുഖ്യമന്ത്രി ജയലളിത എടുത്തത്.

ജനവാസ മേഖലകളും ആശുപത്രികളും സ്‌കൂളുകളും ആരാധനാലയങ്ങളുമുള്ള കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെ നിര്‍ദ്ദിഷ്ട പൈപ്പ്‌ലൈന്‍ കൊണ്ടുപോവാന്‍ ശ്രമിക്കുന്നത് ജനങ്ങളുടെ സുരക്ഷാഭീതിയും ആശങ്കകളും പരിഗണിക്കുകപോലും ചെയ്യാതെയാണ്. കേരളത്തില്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന 2007ലാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോവാന്‍ ശക്തമായ ശ്രമങ്ങളാണു നടത്തിയത്. ചീഫ് സെക്രട്ടറി ജിജി തോംസണെ പദ്ധതി ഏതുവിധേനയും നടപ്പാക്കാന്‍ രംഗത്തിറക്കി. ഈയിടെ വിരമിച്ച ജിജി തോംസണെ കെഎസ്‌ഐഡിസി ചെയര്‍മാനാക്കി വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ നോഡല്‍ ഓഫിസറാക്കാനാണ് സര്‍ക്കാര്‍ നീക്കം. തമിഴ്‌നാട്ടില്‍ സിപിഎം നേതൃത്വം വാതക പൈപ്പ്‌ലൈനിനെതിരേ സമരപക്ഷത്ത് ഉറച്ചുനില്‍ക്കുമ്പോള്‍ കേരളത്തില്‍ പദ്ധതിക്കുവേണ്ടി ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. വാതക പൈപ്പ്‌ലൈന്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന വിമര്‍ശനമാണ് ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തില്‍ സിപിഐ (എം) പിബി അംഗം പിണറായി വിജയന്‍ ഉന്നയിക്കുന്നത്.

കേരളത്തിന്റെ ഊര്‍ജരംഗത്തെ സ്വപ്‌നപദ്ധതിയെന്നാണ് ലേഖനത്തില്‍ എല്‍എന്‍ജി ടെര്‍മിനലിനെ പിണറായി വാഴ്ത്തുന്നത്. ഇവിടെ വികസനമുടക്കികളായി ആരുമില്ലെന്നും പിണറായി പറയുന്നു.തമിഴ്‌നാട്ടില്‍ സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ജനപക്ഷത്തു നില്‍ക്കുമ്പോള്‍ കേരളത്തില്‍ പെട്രോനെറ്റിന്റെയും ഗെയിലിന്റെയും അദാനിയുടെയും കോര്‍പറേറ്റു പക്ഷത്താണ് സര്‍ക്കാരും ഇടതു- വലതു- ബിജെപി ഭേദമില്ലാതെ രാഷ്ട്രീയപ്പാര്‍ട്ടികള്‍. കേരളത്തില്‍ നവരാഷ്ട്രീയ പ്രസ്ഥാനമായ എസ്ഡിപിഐയാണ് ഗെയിലിന്റെ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയക്കുറിച്ച് ജനപക്ഷത്തുനിന്നു പോരാട്ടം നടത്തിയത്. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് വാതക പൈപ്പ്‌ലൈന്‍ മാറ്റണമെന്നാവശ്യപ്പെട്ട് പൈപ്പ്‌ലൈന്‍ കടന്നുപോവുന്ന മേഖലകളിലൂടെ സമരജാഥയും നടത്തി. കലക്ടറേറ്റ് മാര്‍ച്ചുകള്‍ അടക്കമുള്ള ശക്തമായ സമരപരിപാടികളാണ് ഗെയില്‍ വിക്ടിംസ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയും സമരം നടത്തിയിരുന്നു. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അണികളും പ്രവര്‍ത്തകരുമെല്ലാം സമരങ്ങളില്‍ സജീവമായിരുന്നു. പക്ഷേ, മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും നേതൃത്വവും മൗനം പാലിക്കുകയാണ്. ഈ മൗനത്തിന് അവര്‍ മറുപടി പറയേണ്ടിവരും, തീര്‍ച്ച.

(അവസാനിച്ചു)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss