|    Dec 12 Wed, 2018 4:26 pm
FLASH NEWS

ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ തുടരും : ജില്ലാ കലക്ടര്‍

Published : 7th November 2017 | Posted By: fsq

 

മലപ്പുറം: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ജില്ലയില്‍ മുടക്കമില്ലാതെ തുടരുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. പൈപ്പ്‌ലൈന്‍ കടന്നുപോവുന്ന പ്രദേശത്തെ മുഴുവന്‍ ഭൂവുടമകളേയും ജനപ്രതിനിധികളെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തികൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ എംഎല്‍എമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പൈപ്പ്‌ലൈന്‍ കടന്നുപോവുന്ന പ്രദേശത്തെ ആളുകളെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണെങ്കില്‍ അവര്‍ പദ്ധതിയോട് പൂര്‍ണമായി സഹകരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ ജില്ലാ കലക്ടര്‍ക്ക് ഉറപ്പുനല്‍കി. എംഎല്‍എമാരുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച ജില്ലാ കലക്ടര്‍ പ്രദേശത്തെ എല്ലാവര്‍ക്കും നോട്ടീസ് നല്‍കുന്ന നടപടി ഇന്നു മുതല്‍ തുടങ്ങുമെന്ന് അറിയിച്ചു. ഭൂവുടമകള്‍ക്ക് നല്‍കുന്ന നോട്ടീസില്‍ നഷ്ടപ്പെടുന്ന എല്ലാ വസ്തുക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പെടുത്തും. അലൈന്‍മന്റ് രേഖപ്പെടുത്തി നല്‍കുകയും ചെയ്യും. പൊതുജനങ്ങളുടെ മുഴുവന്‍ ആശങ്കകളും തീര്‍ക്കുന്ന രീതിയില്‍ റവന്യു ഉദ്യോഗസ്ഥര്‍, ഗെയില്‍ പ്രതിനിധികള്‍, തുടങ്ങിയവരും സംഘത്തിലുണ്ടാവും. അനാവശ്യമായി ഭീതി പരത്തുന്ന രീതിയില്‍ പോലിസിനെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു. ഭൂ ഉടമകള്‍ക്ക് കാര്‍ഷിക നഷ്ടം കണക്കാക്കി നല്‍കുന്നതിനു ജില്ലയ്ക്ക് മാത്രമായി പ്രത്യേക പാക്കേജുണ്ടാക്കും. ഇതിന്റെ ഭാഗമായി കാര്‍ഷിക നഷ്ടം കണക്കാക്കുന്നതിന് പ്രത്യേക  സമിതിയുണ്ടാക്കും. ഇങ്ങനെ സമിതിയുണ്ടാക്കി പരമാവധി തുക ഭൂവുടമകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇതിനായി ക്യഷിവകുപ്പും ജനപ്രതിനിധികളും ചേര്‍ന്ന് സമിതി ഉടന്‍ രൂപീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ പദ്ധതിക്ക് നിര്‍ദേശിച്ച സ്ഥലത്തുള്ള ഒരു വീടിനും നാശ നഷ്ടമുണ്ടാവില്ല. അമ്പലങ്ങളും പള്ളികളും ശ്മശാനങ്ങളും സംരക്ഷിക്കും. 10 സെന്റിന് താഴെ സ്ഥലമുള്ള പ്രദേശങ്ങളില്‍ സ്ഥലത്തിന്റെ അരിക് ചേര്‍ന്ന് നിര്‍മാണം നടത്തും. ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂവുടമയില്‍ തുടരും. ഏറ്റെടുത്ത പ്രദേശത്തിനു സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കികൊണ്ടുള്ള യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. ജില്ലയില്‍ 14 വില്ലേജുകളിലായി 58.54 കിലോമീറ്ററാണ് പൈപ്പ് ഇടുന്നത്. ഇതില്‍ ഒരുകിലോമീറ്ററോളം സ്ഥലത്ത് ആദ്യഘട്ടം പണി തുടങ്ങിയിട്ടുണ്ട്്. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. കലക്ടറേറ്റില്‍ നടന്ന മീറ്റിങ്ങില്‍ എം ഐ ഷാനവാസ് എംപി, എംഎല്‍എമാരായ പി ഉബൈദുല്ല, അഡ്വ. എം ഉമ്മര്‍, പി കെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, അസി. കലക്ടര്‍ അരുണ്‍ കെ വിജയന്‍, ഡെപ്യുട്ടി കലക്ടര്‍മാരയ വി രാമചന്ദ്രന്‍, ഡോ.ജെഒ അരുണ്‍, സി അബ്ദുല്‍ റഷീദ്, ആര്‍ഡിഒ അജീഷ് കെ, ഗെയില്‍ ഡിജിഎം എന്‍ എസ് പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ടി ഉമ്മുകുല്‍സു (ഇരിമ്പിളിയം), കമ്മദ്കുട്ടി (കുഴിമണ്ണ), ഷാജി സി പി (കോഡൂര്‍), മുനവര്‍ (അരിക്കോട്), സുമയ്യ സലിം (പൂക്കോട്ടൂര്‍) പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss