|    Jul 22 Sun, 2018 6:29 pm
FLASH NEWS

ഗെയില്‍ പദ്ധതി പുരോഗമിക്കുന്നു; ആശങ്ക ഒഴിയുന്നില്ല

Published : 24th September 2017 | Posted By: fsq

 

മുക്കം: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ്‌ലൈനുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ മലയോര മേഖലയില്‍ ആരംഭിച്ചു. സര്‍വേ നടന്ന സമയത്ത് വലിയ പ്രതിഷേധമുണ്ടായിരുന്ന മേഖലയില്‍ പക്ഷേ കാര്യമായ എതിര്‍പ്പുകള്‍ ഒന്നും തന്നെയില്ലാതെയാണ് പ്രവൃത്തി നടക്കുന്നത്. 20 മീറ്റര്‍ വീതിയില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിര്‍ തിരിക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. കോഴിക്കോട് , മലപ്പുറം ജില്ലാതിര്‍ത്തിയായ തൃക്കളയൂര്‍ കല്ലായി ഭാഗത്ത് നിന്നാണ് കോഴിക്കോട് ജില്ലയിലെ പണി തുടങ്ങിയത്. രണ്ടു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്താണ് ഗ്യാസ് കൊണ്ടു പോവുന്നതിനുള്ള പൈപ്പുകള്‍ സ്ഥാപിക്കുക. ഇതിനായി പദ്ധതി പ്രദേശത്തെ മുഴുവന്‍ മരങ്ങളും മുറിച്ചു മാറ്റുന്നുണ്ട്. അതേസമയം, പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയും ഭീതിയും ഇനിയും മാറിയിട്ടില്ല. കാരശേരി പഞ്ചായത്തിലടക്കം നിരവധി പേരുടെ ഭൂമിയും വീടും നഷ്ടപ്പെടുമെന്ന് ഗ്യാസ് പൈപ്പ്‌ലൈന്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റി പറയുന്നു.എന്നാല്‍, പ്രതികരിക്കാന്‍ പോലും ശക്തിയില്ലാത്ത വിധം പൈപ്പ്‌ലൈന്‍ കടന്നു പോവുന്ന ഭാഗത്തെ ജനങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. എന്തെങ്കിലും പ്രതിഷേധമുണ്ടായാല്‍ സമരക്കാരുടെ എത്രയോ ഇരട്ടി പോലീസിനെ ഇറക്കി പ്രതിഷേധത്തെ നേരിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സമരസമിതി നേതാക്കള്‍ക്കെതിരെ കേസെടുത്തും ഇവരെ നേരിടുന്നു. കഴിഞ്ഞ തവണയെല്ലാം സമരത്തിന് മുന്‍നിരയില്‍ നിന്ന നേതാക്കളും, ഇരകളും, കേസ് നടപടികള്‍ നേരിടുകയാണ്. ചിലര്‍ക്കെതിരെ അറസ്റ്റ്‌വാറന്റും നിലനില്‍ക്കുന്നുണ്ട്.നിരവധി കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്‌നമായിട്ടും പ്രധാന രാഷ്ടീയ പാര്‍ട്ടികളടക്കം മൗനം പാലിക്കുന്നതും ഇരകള്‍ക്ക് വലിയ തിരിച്ചടിയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി ആരംഭിച്ചപ്പോള്‍ സമരത്തിന് മുന്നില്‍ നിന്ന രാഷ്ടിയക്കാരും, നേതാക്കളും വിഷയം തിരഞ്ഞെടുപ്പ് നേട്ടത്തിനായി പരമാവധി ഉപയോഗപ്പെടുത്തിയ ശേഷം സമരരംഗത്ത് നിന്ന് മുങ്ങുകയായിരുന്നു. ചിലര്‍ ഗെയിലിന്റെ ഒത്താശക്കാരായി മാറി. ഇരകളെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ വരെ അരങ്ങേറിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss