|    Oct 22 Sun, 2017 2:54 am

ഗെയില്‍: ഇപ്പോള്‍ നടക്കുന്നത് സര്‍വേ മാത്രം- കലക്ടര്‍

Published : 28th August 2016 | Posted By: SMR

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ പ്രാഥമിക ഘട്ടമായ സര്‍വേ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍. ഭൂമി അളക്കാതെ പദ്ധതിയുടെ രൂപരേഖ തയാറാക്കാനാവില്ല. സര്‍വേ നടത്തിയാല്‍ മാത്രമേ ആരുടെയൊക്കെ ഭൂമിയിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്നുപോവൂ എന്നു പറയാനാവൂ. ഭൂമി അളക്കാനുള്ള അവകാശം സര്‍ക്കാറില്‍ നിക്ഷിപ്തമാണ്. ഇതു സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എതിര്‍പ്പ് ഉണ്ടാക്കുകയാണ്. പരിസ്ഥിതി അനുകൂല വ്യവസായ വളര്‍ച്ചയ്ക്കും കുറഞ്ഞ വിലക്ക് പാചക വാതകം ലഭ്യമാക്കാനും ഗെയില്‍ പദ്ധതിയിലൂടെ കഴിയും. പദ്ധതിക്കെതിരായ എതിര്‍പ്പ് മറികടക്കാന്‍ ബോധവല്‍ക്കരണം നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.
ഓണത്തിന് തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയായതിനാല്‍ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തടസ്സം വരാതിരിക്കാന്‍ അവധിക്കു മുമ്പത്തെ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഓഫിസിലുണ്ടാവണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. കിടപ്പുരോഗികള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കാനുള്ള പദ്ധതിക്കായി 20 പഞ്ചായത്തുകളും വടകര നഗരസഭയും മാത്രമാണ് വിവരം നല്‍കിയതെന്ന് കലക്ടര്‍ പറഞ്ഞു. മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ എത്രയും വേഗം വിവരം നല്‍കി കിടപ്പുരോഗികള്‍ക്ക് ആനുകൂല്യം കിട്ടാനുള്ള അവസരം നഷ്ടപ്പെടുത്താതെ നോക്കണം. ഇതര സംസ്ഥാന തൊഴിലാളികളെ അനധികൃതമായി താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി എടുത്തുവെന്ന് ഉറപ്പാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കോര്‍പറേഷന്‍ സെക്രട്ടറിക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.
നോട്ടീസ് നല്‍കല്‍ മാത്രമായി നടപടി പരിമിതപ്പെടരുത്. ശൗചാലയങ്ങള്‍ ഇല്ലാതെ, കടമുറികളുടെ മുകളിലും മറ്റും ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്നത് പ്രദേശവാസികളുടെയും തൊഴിലാളികളുടെ തന്നെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി ഇ കെ വിജയന്‍ എം എല്‍എ ചൂണ്ടിക്കാട്ടി. മുക്കം അങ്ങാടിയില്‍ വാഹനാപകടംമൂലം യാത്രക്കാര്‍ മരിക്കുന്നത് നിത്യസംഭവമായതിനാല്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുമെന്ന് നഗരസഭാ ചെയര്‍മാന്റെ ആവശ്യം പരിഗണിച്ച് ജോര്‍ജ് എം തോമസ് എംഎല്‍എ അറിയിച്ചു. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ എരവത്ത് കുന്ന് ടാങ്കിന്റെയും കോവൂര്‍ ടാങ്കിന്റെയും പ്രവൃത്തി പൂര്‍ത്തീകരിച്ചതായി ജപ്പാന്‍ കുടിവെള്ള പദ്ധതി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. എരവത്ത് കുന്ന് ഭാഗത്ത് ഭാഗികമായി ജലവിതരണം സാധ്യമായിട്ടുണ്ട്. കോവൂര്‍ ടാങ്കില്‍നിന്ന് കാരന്തൂര്‍ ഭാഗത്തേക്കുള്ള പൈപ്പ് ലൈന്‍ ജോലി നടന്നുകൊണ്ടിരിക്കുന്നു. ഈ ജോലി പൂര്‍ത്തിയാവുന്നതോടെ കാരന്തൂര്‍, പാലക്കോട്ടുവയല്‍ ഭാഗങ്ങളില്‍ ജലവിതരണം സാധ്യമാവും.
പ്രധാന വിതരണ പൈപ്പുകളുടെ ജോലികള്‍ പൂര്‍ത്തിയാവുന്നതോടെ മാത്രമേ ജലവിതരണം കാര്യക്ഷമമാവുകയുള്ളൂവെന്നും അറിയിച്ചു.   അഴിയൂര്‍ സുനാമി കോളനിയില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ച എസ്റ്റിമേറ്റിന് അംഗീകാരവും ഫണ്ടും ലഭ്യമാക്കേണ്ടതുണ്ടെന്ന് കേരള സ്‌റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് കോഴിക്കോട് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് പണം ലഭ്യമാക്കാന്‍ പഞ്ചായത്ത് ഉടന്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കും. അഴിയൂര്‍ സുനാമി പുനരധിവാസ പദ്ധതിയിലെ കിഴക്കേ അതിര്‍ത്തിയില്‍ പ്ലോട്ട് നമ്പര്‍ 31, 32 ഭാഗത്തായി താങ്ങുമതില്‍ കെട്ടുന്നതിന് 6,20,000 രൂപയുടെ എസ്റ്റിമേറ്റ് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. വനം വകുപ്പ് ജണ്ട കെട്ടുന്നത് സംബന്ധിച്ച് കൂരാച്ചുണ്ട്, കാന്തലാട് വില്ലേജുകളില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആഗസ്ത് മൂന്നിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, തര്‍ക്കമുള്ളിടത്ത് മൂന്ന് മാസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചതായി  ഡി എഫ്ഒ അറിയിച്ചു. മൊകേരി ഗവ. കോളജിന്റെ മരാമത്ത് പ്രവൃത്തികളെ സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് സമര്‍പ്പിച്ചതായി പി ഡബ്ല്യു ഡി കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കഴിഞ്ഞ യോഗത്തില്‍ പാറക്കല്‍ അബ്ദുല്ല എംഎല്‍ എയാണ് പ്രവൃത്തി എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെട്ടത്.
കുറ്റിയാടി ഇറിഗേഷന്റെ പൊളിഞ്ഞുവീഴാറായ അക്വഡേറ്റുകള്‍ പൊളിക്കുന്നതിനായി സമര്‍പ്പിച്ച എസ്റ്റിമേറ്റുകള്‍ക്ക് അനുമതിയും അടിയന്തര നടപടിയും തേടി കത്ത് നല്‍കിയതായി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. എന്നാല്‍ ദുരന്ത നിവാരണ നിയമ പ്രകാരം അടിയന്തര പ്രാധാന്യമുള്ള ഈ വിഷയത്തില്‍ വിശദീകരണം തൃപ്തികരമല്ലെന്നും മറ്റു നടപടികളിലേക്ക് നീങ്ങുമെന്നും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം എല്‍ എമാരായ സി കെ നാണു, ഇ കെ വിജയന്‍, പി ടി എ റഹിം, വി കെ സി മമ്മദ് കോയ, ജോര്‍ജ് എം തോമസ്, കാരാട്ട് റസാഖ്, മറ്റു ജനപ്രതിനിധികള്‍, അസി. കളക്ടര്‍ കെ ഇമ്പശേഖര്‍, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ ഷീല എം എ, ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക