|    Jul 26 Wed, 2017 9:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസ്‌: ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് എസ്‌ഐടി

Published : 21st August 2016 | Posted By: SMR

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ച 11 പേര്‍ക്കും വധശിക്ഷ നല്‍കണമെന്ന് സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അന്വഷണ സംഘത്തിന്റെ (എസ്‌ഐടി) ശുപാര്‍ശ. പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് എസ്‌ഐടി കഴിഞ്ഞയാഴ്ച ഗുജറാത്ത് സര്‍ക്കാരിനാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്.
കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 11 പേരെ ജീവപര്യന്തം തടവിനും 12 പേരെ ഏഴുവര്‍ഷത്തെയും ഒരാളെ പത്തുവര്‍ഷത്തെയും തടവിനു ശിക്ഷിച്ചുകൊണ്ട് ജൂണ്‍ 17ന് അഹ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി പി ബി ദേശായി വിധി പുറപ്പെടുവിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ മുന്‍ ലോക്‌സഭാംഗം ഇഹ്‌സാന്‍ ജാഫ്‌രി അടക്കം 70ല്‍ അധികം പേരെ കൂട്ടക്കൊല ചെയ്ത കേസാണിത്.  അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വ്യക്തമാക്കി കൊണ്ട് സംഭവം നടന്ന് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രഖ്യാപിച്ചത്.
ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല പൗരസമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനമാണെന്നും വിധി പ്രസ്താവനയ്ക്കിടെ ജസ്റ്റിസ് ദേശായി അഭിപ്രായപ്പെട്ടിരുന്നു.
കൈലാഷ് ഡോബി, യോഗേന്ദ്ര സിങ് ഷെഖാവത്ത്, കൃഷ്ണകുമാര്‍ കലാല്‍, ദിലീപ് കാലു, ജയേഷ് പാര്‍മര്‍, രാജു തിവാരി, നരേന്‍ ടങ്, ലക്ഷ്മണ്‍സിങ്, ദിനേഷ് ശര്‍മ, ഭാരത് ബലോദിയ, ഭരത് രാജ്പുത് എന്നിവരാണ് കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചവര്‍. കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍, മതസ്പര്‍ധ വളര്‍ത്തല്‍, സാമുദായിക ഐക്യം തകര്‍ക്കല്‍, കലാപം ഉണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
11 പേര്‍ക്കും വധശിക്ഷ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിന്റെ മുന്നോടിയായാണ് എസ്‌ഐടി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുന്നത്.
കേസില്‍ ഒരാള്‍ക്കു ലഭിച്ച 10 വര്‍ഷത്തെ തടവും 12 പേര്‍ക്കു ലഭിച്ച ഏഴുവര്‍ഷത്തെ തടവും ജീവപര്യന്തമാക്കണമെന്നും എസ്‌ഐടി ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക