|    Apr 24 Tue, 2018 2:25 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഗുല്‍ബര്‍ഗ് വിധി നല്‍കുന്ന വിപത് സൂചനകള്‍

Published : 4th June 2016 | Posted By: SMR

ഗുജറാത്തിലെ ഗുല്‍ബര്‍ഗ് ഹൗസിങ് കോളനിയില്‍ മുസ്‌ലിംകള്‍ കൂട്ടക്കൊലയ്ക്കിരയായ കേസില്‍ 36 പേരെ കുറ്റവിമുക്തരാക്കിയ അഹ്മദാബാദ് പ്രത്യേക എസ്‌ഐടി കോടതി വിധി അങ്ങേയറ്റം നിരാശാജനകവും നിര്‍ഭാഗ്യകരവുമാണ്. പ്രതികളില്‍ പകുതിയിലധികം പേരെയും വെറുതെവിട്ടെന്നു മാത്രമല്ല, പ്രതികള്‍ക്കെതിരേ ചുമത്തിയ ഗൂഢാലോചനക്കുറ്റം കോടതി തള്ളിക്കളയുകയും ചെയ്തിരിക്കുന്നു. കേസിന്റെ ഇത്തരത്തിലുള്ള പരിണതി അപ്രതീക്ഷിതമല്ലെങ്കിലും വിധി നീതിന്യായവ്യവസ്ഥയില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസത്തിനേല്‍പ്പിച്ച ആഘാതം ഗുരുതരമാണ്. നിയമപാലന സംവിധാനത്തിന്റെ നിസ്സഹായത മാത്രമല്ല, മുഴുവന്‍ ഭരണസംവിധാനത്തെയും വംശീയവെറിപൂണ്ട ഒരുപറ്റം മതഭ്രാന്തന്മാര്‍ കുടിലമായി ഉപയോഗപ്പെടുത്തിയതിന്റെ ഭീകരതകൂടിയാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊലയിലൂടെ രാജ്യം കണ്ടത്.
കോണ്‍ഗ്രസ് എംപിയായിരുന്ന ഇഹ്‌സാന്‍ ജഫ്‌രിയടക്കം 69 പേരാണ് 2002 ഫെബ്രുവരി 28ന് അഹ്മദാബാദ് നഗരത്തിലെ ഗുല്‍ബര്‍ഗ് ഹൗസിങ് കോളനിയില്‍ ഹിന്ദുത്വ വര്‍ഗീയവാദികളുടെ കൂട്ടക്കൊലയ്ക്ക് ഇരകളായത്. 2002 ഫെബ്രുവരി ഒടുവിലും മാര്‍ച്ച് ആദ്യവുമായി ഗുജറാത്തിന്റെ തെരുവുകളെ രക്തപങ്കിലമാക്കിയ വംശഹത്യ സമാനതകളില്ലാത്തതായിരുന്നു. ഹൗസിങ് കോളനിയിലേക്ക് അതിക്രമിച്ചുകയറിയ സംഘപരിവാര അക്രമികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചും ഡീസലും പെട്രോളുമൊഴിച്ചും മുസ്‌ലിംകളെ ചുട്ടുകൊല്ലുകയായിരുന്നു. ഇഹ്‌സാന്‍ ജഫ്‌രിയുടെ വീട്ടില്‍ അഭയംതേടിയവരെ അക്രമിക്കൂട്ടം കൊല്ലാനൊരുങ്ങുമ്പോള്‍ നിയമപാലകരെയും രാഷ്ട്രീയനേതാക്കളെയും സഹായമഭ്യര്‍ഥിച്ച് മാറിമാറി വിളിച്ച ജഫ്‌രി ഒടുവില്‍ കൊല്ലപ്പെടുന്നതിനു മുമ്പ് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ തന്നെയും വിളിച്ച് സഹായം തേടിയതായി അദ്ദേഹത്തിന്റെ വിധവ സാകിയ ജഫ്‌രി വെളിപ്പെടുത്തുന്നു. താനിപ്പോഴും ചത്തില്ലേ എന്ന് മോദി പ്രതികരിച്ചതായി കേട്ടിട്ടുണ്ട്.
14 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വിധി വന്നിരിക്കുന്നത്. സാകിയ ജഫ്‌രിയുടെയും സാമൂഹികപ്രവര്‍ത്തകയായ ടീസ്താ സെറ്റല്‍വാദിന്റെയുമൊക്കെ നിരന്തര നിയമ പോരാട്ടമാണ് കേസിെന ഈ രൂപത്തിലെങ്കിലും പരിപൂര്‍ത്തിയിലെത്തിച്ചത്. ഭരണസ്വാധീനവും അധികാര ദുര്‍വിനിയോഗവും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കി. സുപ്രിംകോടതിയുടെ ഇടപെടലിന്റെയും മേല്‍നോട്ടത്തിന്റെയും ഫലമായാണ് കേസ് മുന്നോട്ടുനീങ്ങിയത്. ഇതിനിടെ, പ്രതിപ്പട്ടികയിലുണ്ടായിരുന്ന നരേന്ദ്രമോദിയെ അന്വേഷണസംഘം ശുദ്ധിപത്രം നല്‍കി കുറ്റവിമുക്തനാക്കുകയും ചെയ്തു. സംഘപരിവാര സംഘടനകളുടെ തലപ്പത്തുള്ള പലരും ഇപ്പോള്‍ കോടതിവിധിയിലൂടെ രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. ഇരകളുടെ ബന്ധുക്കളെ സ്വാധീനിച്ചും ഭീഷണിയുപയോഗിച്ച് തെളിവുകള്‍ നശിപ്പിച്ചും കേസ് തേച്ചുമാച്ചുകളയാന്‍ ഇന്നു രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ രംഗത്തുണ്ടായിരുന്നു.
അധികാരവും സ്വാധീനവുമുണ്ടെങ്കില്‍ രാജ്യത്ത് ഏത് കൂട്ടക്കൊലയാളിക്കും രക്ഷപ്പെടാമെന്നുള്ള സന്ദേശമാണ് വിധിയിലുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss