|    Mar 28 Tue, 2017 7:44 pm
FLASH NEWS

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: ഫാഷിസ്റ്റുകളെ വിടാതെ പിന്‍തുടര്‍ന്ന കേസ് ; പുറത്തു വന്നത് വംശഹത്യയിലെ രാഷ്ട്രീയ ഗൂഢാലോചന

Published : 3rd June 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗുല്‍ബര്‍ഗ് ഹൗ സിങ് സൊസൈറ്റി കേസില്‍ സാകിയ ജഫ്‌രി നടത്തിയ നിയമപോരാട്ടം ഫലം കണ്ടില്ലെങ്കിലും അത് വെളിച്ചം വീശിയത് ഗുജറാത്ത് വംശഹത്യയിലെ രാഷ്ട്രീയ ഗൂഢാലോചനയിലേക്ക്. സാകിയയും സാമൂഹിക പ്രവര്‍ത്തക ടീസ്താ സെറ്റല്‍വാദും ചേര്‍ന്ന് നല്‍കിയ ഹരജികള്‍ ഇഹ്‌സാന്‍ ജഫ്‌രിയുടെ കൊലപാതകത്തി ല്‍ ഒതുങ്ങി നിന്നില്ല.
കേസ് അന്വേഷണം നടത്തിയ എസ്‌ഐടി മോദിക്കെതിരേ തെളിവില്ലെന്നു കണ്ടെത്തിയെങ്കിലും കോടതി അന്വേഷണം സംബന്ധിച്ച രേഖകള്‍ എല്ലാം സാകിയക്കു കൈമാറാന്‍ ഉത്തരവിട്ടു. 2013ല്‍ എസ്‌ഐടി കണ്ടെത്തലിനെ ചോദ്യം ചെയ്ത് സാകിയ വീണ്ടും ഹരജി സമര്‍പ്പിച്ചു. ഈ ഹരജിയില്‍ അക്രമികള്‍ക്കു വേണ്ടി സര്‍ക്കാര്‍ അതിന്റെ സംവിധാനങ്ങളെ മരവിപ്പിച്ച് നിര്‍ത്തിയതിന്റെ വ്യക്തമായ വിവരങ്ങളുണ്ടായിരുന്നു. തുടര്‍ന്നങ്ങോട്ട് കേസില്‍ നിരവധി തവണ സുപ്രിംകോടതിയുടെ ഇടപെടലുണ്ടായി. സര്‍ക്കാരിന്റെ കീഴിലുള്ള മുഴുവന്‍ മെഷിനറിയും ഉപയോഗിച്ചു സാക്ഷികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കേസ് ഒതുക്കാന്‍ ശ്രമം നടന്നു.
പ്രതികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടില്ലെന്ന് ഒരുഘട്ടത്തില്‍ സൂചന ലഭിച്ചെങ്കിലും മനുഷ്യാവകാശ കമ്മീഷന്റെയും സത്യസന്ധരായ ഉദ്യോഗസ്ഥരുടെയും സുപ്രിംകോടതിയുടെയും ശക്തമായ ഇടപെടലാണ് പകുതിയോളം പേരെയെങ്കിലും കുറ്റക്കാരെന്നു കണ്ടെത്തിയ വിധി പുറത്തുവരുന്നതിലേക്കു കാര്യങ്ങളെത്തിച്ചത്. ഇരകള്‍ക്കൊപ്പം തുടക്കം മുതല്‍ നിലകൊണ്ട മനുഷ്യാവകാശപ്രവര്‍ത്തക ടീസ്താ സെറ്റല്‍വാദിനെ ഗുജറാത്ത് പോലിസ് കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാനും ശ്രമം നടത്തി. ഇരകളുടെ ബന്ധുക്കളെ വരെ വിലയ്ക്കു വാങ്ങി ടീസ്തയ്‌ക്കെതിരേ പരാതി കൊടുപ്പിക്കാനും പോലിസ് മുതിര്‍ന്നു.
നരേന്ദ്ര മോദിക്കെതിരെയും അഹ്മദാബാദ് പോലിസ് മേധാവികള്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളുയര്‍ന്ന കേസാണിത്. കൃത്യവിലോപം നടത്തിയ അന്നത്തെ ഡിവൈഎസ്പി എര്‍ദയെ ഇന്നലെ കേസില്‍ നിന്നു കുറ്റവിമുക്തനാക്കിയെങ്കിലും അദ്ദേഹത്തിനെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. പോലിസ് ഇടപെടുന്നതിനു നാലുമണിക്കൂര്‍ മുമ്പ് നിങ്ങള്‍ക്കു സമയം ഉണ്ട്’ എന്ന് എര്‍ദ ആര്‍എസ്എസ് പ്രവര്‍ത്തകരോട് പറഞ്ഞതായി കൂട്ടക്കൊല നടത്തിയവരില്‍പ്പെട്ടവര്‍ തെഹല്‍ക്കയുടെ ഒളികാമറ ഓപറേഷനില്‍ വെളിപ്പെടുത്തിയിരുന്നു. കലാപസമയത്ത് മോദിയും ഉദ്യോഗസ്ഥരും നിഷ്‌ക്രിയരായിരുന്നുവെന്ന് അന്നത്തെ ഗുജറാത്ത് ഇന്റലിജന്‍സ് മേധാവി മലയാളിയായ ആര്‍ ബി ശ്രീകുമാര്‍ അന്വേഷണ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.
മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടും മോദിക്കെതിരേ ശക്തമായ മൊഴികള്‍ നല്‍കി. മോദിക്കെതിരേ വിചാരണക്കോടതിയില്‍ രൂപ മോദി, ഇംതിയാസ് പഥാന്‍ എന്നീ ദൃക്‌സാക്ഷികളുടെ മൊഴികളും ഉണ്ട്. മോദിക്കെതിരെ അന്നത്തെ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് വി എന്‍ ഖാരെ ശക്തമായ അഭിപ്രായങ്ങളാണു പ്രകടിപ്പിച്ചിരുന്നത്. തനിക്ക് അധികാരം ഉണ്ടായിരുന്നുവെങ്കില്‍ മോദിക്കെതിരേ പ്രഥമവിവര റിപോര്‍ട്ടനുസരിച്ച് കേസെടുക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day