|    Jan 18 Wed, 2017 1:36 pm
FLASH NEWS

ഗുലാം അലി നാളെ തിരുവനന്തപുരത്ത്: വിവിധ പരിപാടികള്‍ ഒരുക്കി സര്‍ക്കാരും സ്വരലയയും

Published : 12th January 2016 | Posted By: SMR

തിരുവനന്തപുരം: പാക് ഗസല്‍ ഗായകന്‍ ഗുലാം അലി നാളെ തിരുവനന്തപുരത്തെത്തും. സ്വരലയയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന അദ്ദേഹത്തിന് സംസ്ഥാനസര്‍ക്കാര്‍ വിരുന്നൊരുക്കും. സ്വരലയയും ജികെഎസ്എഫും ചേര്‍ന്ന് സംസ്ഥാനത്ത് വിവധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സ്വരലയ ചെയര്‍മാന്‍ എം എ ബേബി, മന്ത്രി എ പി അനില്‍ കുമാര്‍, കവി ഒഎന്‍വി കുറുപ്പ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
13ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഗുലാം അലിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള വെബ്‌സൈറ്റ് ഉദ്ഘാടനം, ഗൂലാം അലിയുടെ ജീവിതത്തെപ്പറ്റി ടി കെ രാജീവ് കുമാര്‍ തയ്യാറാക്കുന്ന ഡോക്യുമെന്ററി പ്രകാശനം എന്നിവ 13ന് വൈകീട്ട് 5ന് മാസ്‌ക്കോട്ട് ഹോട്ടലില്‍ നടക്കും.
ഗുലാം അലിക്ക് സ്വരലയയുടെ പ്രഥമ ലെജന്ററി പുരസ്‌കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി ഒഎന്‍വി കുറുപ്പ്, മുന്‍ മന്ത്രി എം എ ബേബി, സംഗീതജ്ഞരായ ഡോ. കെ ഓമനക്കുട്ടി, എം ജയചന്ദ്രന്‍, കെ വി മോഹന്‍കുമാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 14ന് വൈകീട്ട് 5.30ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിക്കും. സ്പീക്കര്‍ എന്‍ ശക്തന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും.
14ന് രാത്രി ഗുലാം അലിക്ക് സംസ്ഥാന സര്‍ക്കാര്‍ വിരുന്ന് ഒരുക്കിയിട്ടുണ്ട്. 15ന് വൈകുന്നേരം നിശാഗന്ധിയില്‍ ഗുലാം അലിയുടെ നേതൃത്വത്തല്‍ പ്രശസ്ത ഗസല്‍ ഗായകന്‍ പണ്ഡിറ്റ് വിശ്വനാഥ് ഉള്‍പ്പെടെയുള്ള ഗായകസംഘം ഒരുക്കുന്ന ‘ചാന്ദ്‌നി രാത്ത്’ എന്ന ഗസല്‍ ആലാപനം പരിപാടി നടക്കും.
ജികെഎസ്എഫിന്റെ ‘അവര്‍ക്കായി നമുക്ക് വാങ്ങാം’ പദ്ധതിയുടെ ഭാഗമായി അമ്മത്തൊട്ടിലില്‍ കുഞ്ഞുങ്ങള്‍ക്ക് ഗുലാം അലി വീണ കൈമാറും. 14ന് മാസ്‌ക്കോട്ടില്‍ നടക്കുന്ന ചടങ്ങിലും 15ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങിലും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി എന്‍ട്രി പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 17ന് വൈകുന്നേരം കോഴിക്കോട് പൗരാവലിയുടെ നേത്യത്വത്തില്‍ ഒരുക്കിയിരിക്കുന്ന ചടങ്ങില്‍ ചാന്ദ്‌നി കെ രാത്ത് പരിപാടി അവതരിപ്പിക്കും. 18ന് സംഘം ഡല്‍ഹിക്ക് മടങ്ങും.
ഗുലാം അലിയെ സ്വീകരിക്കുന്നത് ഇന്ത്യയുടെ പാരമ്പര്യമാണെന്ന് കവി ഒഎന്‍ വി കുറുപ്പ് പറഞ്ഞു. ഇന്ത്യയുടെ പഴയകാലത്തെ ത്യാഗവും ഇന്നത്തെ യാഥാര്‍ഥ്യവും മനസ്സിലാക്കുന്നതിന് ഗുലാം അലിയുടെ വരവ് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. ടാന്‍സനെയും കബീറിനെയുമെല്ലാം ഇന്ത്യയിലെ ഹിന്ദുവും മുസ്‌ലിമും ഒന്നാകെ സ്‌നേഹിച്ചിരുന്നു. ഗുലാം അലി സംഗീതത്തിന്റെ വിശ്വപൗരനാണ്. ചെല്ലുന്നിടത്തെല്ലാം സ്‌നേഹം വിളമ്പുന്ന, ലോകമെമ്പാടും പാടിയ വിശ്വപൗരന്‍. അവശതകള്‍മറന്ന് വര്‍ധിത വീര്യത്തോടെ താനും ഗുലാം അലിയെ സ്വീകരിക്കുന്നതിന് എത്തുമെന്ന് ഒഎന്‍വി പറഞ്ഞു.
സ്വരലയ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജി രാജ്‌മോഹന്‍, ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ അനില്‍ മുഹമ്മദ്, സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, ആര്‍ എസ് ബാബു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക