|    Sep 22 Sat, 2018 11:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗുരു ചേമഞ്ചേരി: കഥകളിയിലെ അദ്ഭുത മനുഷ്യന്‍

Published : 26th January 2017 | Posted By: fsq

 

കൊയിലാണ്ടി: ഒടുവില്‍ അനുയോജ്യമായ പത്മശ്രീ പുരസ്‌കാരം നല്‍കി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ രാജ്യം ആദരിച്ചു. ഇന്നലെ പത്തോടെയാണ് ചേലിയയിലെ വസതിയിലേക്ക് പത്മശ്രീ വാര്‍ത്തയെത്തിയത്. വാര്‍ത്തയറിഞ്ഞതോടെ ജീവിതത്തിന്റെ വിവിധ മേഖലയില്‍പെട്ട ആളുകള്‍ വീട്ടിലേക്ക് പ്രവഹിക്കുകയായിരുന്നു. ആശാനെപ്പോലെ ഈ വയസ്സിലും വേഷംകെട്ടി അരങ്ങത്ത് ശോഭിക്കാന്‍ കഴിഞ്ഞ ആചാര്യന്‍മാര്‍ കഥകളിയുടെ ചരിത്രത്തിലുണ്ടാവില്ല. അദ്ഭുതമനുഷ്യന്‍ എന്നാണ് കലാമണ്ഡലം ഗോപി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പതിനഞ്ചാം വയസ്സിലാണ് കഥകളി അഭ്യസിക്കാന്‍ തുടങ്ങിയത്. ഒപ്പും നൃത്തവും. പഠനശേഷം കൃഷ്ണന്റെ നിത്യയൗവനം സ്വയം സ്വാംശീകരിച്ചുകൊണ്ട് അദ്ദേഹം വേദിയിലും ജീവിതത്തിലും സഞ്ചരിച്ചു. അഭിനയത്തിലെ ഭാവശില്‍പ ലയവും സൂക്ഷ്മ രസാവിഷ്‌കാര കൗതുകങ്ങളും മുദ്രയുടെ പൂര്‍ണശ്രീയും കുഞ്ഞിരാമന്‍ നായരുടെ ഗുണങ്ങളാണെന്ന് കഥകളി ആസ്വാദകര്‍ വിലയിരുത്തുന്നു. സൂക്ഷ്മമായ സാത്വികാഭിനയസിദ്ധികൊണ്ട് അദ്ദേഹം നാട്യത്തിന്റെ നാനാര്‍ഥമൊരുക്കുന്നു. നാടായ ചേലിയയില്‍ ഒരു കഥകളി വിദ്യാലയം സ്ഥാപിക്കാനും അനന്തരതലമുറകള്‍ക്ക് കഥകളിയുടെ വെളിച്ചം പകരാനും ചേമഞ്ചേരിക്ക് കഴിഞ്ഞു. തന്റെ കലാജീവിതം കൊണ്ട് ക്ഷേത്രങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കും അപ്പുറത്തെ വെളിമ്പുറങ്ങളിലേക്ക് കഥകളിയെ അദ്ദേഹം കൈപിടിച്ചു നടത്തിച്ചു. ഹൈസ്‌കൂള്‍ മലയാള പാഠപുസ്തകത്തിലെ നളചരിതഭാഗം നിരവധി സ്‌കൂളുകളില്‍ ഗുരു അവതരിപ്പിച്ചിട്ടുണ്ട്. ഇതൊന്നും സാമ്പത്തിക ലാഭത്തിനായിരുന്നില്ല. കഥകളിയെ ജനകീയമാക്കണം. നടന്‍ മോഹന്‍ലാല്‍, വിനീത് തുടങ്ങി പ്രമുഖരടക്കം ജാതിമതഭേദമന്യേ ആയിരക്കണക്കിന് ശിഷ്യര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ലാളിത്യത്തിന്റെ പ്രതിരുപം കുടിയായിരുന്നു ആശാന്‍. മുമ്പ് പലതവണ പത്മ പുരസ്‌കാര പട്ടികയില്‍ പേരു പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണ് പുരസ്‌കാരലബ്ധി.  ഇന്നലെ  സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ വിജയിച്ച കുട്ടികളുമായി ഭരതാഞ്ജലി മധുസൂദനനും ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളും ഗുരുവിന്റെ വീട്ടിലെത്തിയിരുന്നു. ആ സമയത്താണ് പത്മശ്രീ അവാര്‍ഡ് ലഭിച്ച വിവരം ഗുരു അറിയുന്നത്. കലയുടെ കാമ്പും കൂമ്പും അവിടെ സംഗമിക്കുകയായിരുന്നു. ഗുരുവിന് രണ്ട് ആഗ്രഹം മാത്രമേയുള്ളൂ. ഒന്നു കിടക്കാതെ അങ്ങ് പോകണം. മറ്റൊന്ന് നഷ്ടമായ ഗതകാല പ്രൗഢിയിലേക്ക് കഥകളിയെ തിരിച്ചുകൊണ്ടുവരണം. ഈ പ്രാര്‍ഥനകളോടെയാണ് ഗുരുവിന്റെ ശിഷ്ട ജീവിതം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss