|    Jan 18 Wed, 2017 9:47 am
FLASH NEWS

ഗുരുവായൂര്‍ ദേവസ്വം: ഭരണ സമിതിയും സര്‍ക്കാരും തുറന്ന പോരിലേക്ക്

Published : 4th July 2016 | Posted By: SMR

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതിയും സര്‍ക്കാരും തുറന്ന പോരിലേക്ക്. ദേവസ്വം അഡ്മിനിസ്‌ട്രേറ്ററെ സര്‍ക്കാര്‍ മാറ്റി. സബ് കലക്ടര്‍ ഹരിത വി കുമാറിന് താല്‍ക്കാലിക ചുമതല നല്‍കി. അഡ്മിനിസ്‌ട്രേറ്ററായിരുന്ന സി എന്‍ അച്യുതന്‍ നായരെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കി മാതൃവകുപ്പിലേക്ക് സര്‍ക്കാര്‍ തിരിച്ചുവിളിക്കുകയായിരുന്നു.
ഇതോടെ ഭരണസമിതിയും സര്‍ക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തെത്തി. സെക്രേട്ടറിയറ്റില്‍ പൊതുഭരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു അച്യുതന്‍ നായര്‍. ഒരു വര്‍ഷത്തെ കാലാവധിയുള്ള അഡ്മിനിസ്‌ട്രേറ്ററെയാണ് സര്‍ക്കാര്‍ പകുതി കാലാവധിയാവുന്നതിന് മുമ്പ് തിരിച്ചുവിളിച്ചത്. അഡ്മിനിസ്‌ട്രേറ്ററുടെ താല്‍ക്കാലിക ചുമതല സബ് കലക്ടര്‍ ഹരിത വി കുമാറിന് നല്‍കി. വെള്ളിയാഴ്ച ഗുരുവായൂരിലെത്തിയ മന്ത്രിയുമായി ജീവനക്കാരുടെ സംഘടനകള്‍ ചര്‍ച്ച നടത്തി. നിലവിലെ ഭരണസമിതിക്കെതിരായ ആരോപണങ്ങള്‍ സംഘടനകള്‍ മന്ത്രിക്ക് മുന്നില്‍ നിരത്തി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ വിവാദമായ ക്യൂ കോംപ്ലക്‌സ് നടപ്പാക്കരുതെന്ന് ഇടതു സംഘടനകള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
നേരത്തേ എല്‍ഡിഎഫിന്റെ കാലത്ത് തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനായിരിക്കെ തെക്കേനടയില്‍ ക്യൂ കോംപ്ലക്‌സിനായി ഏറ്റെടുത്ത സ്ഥലത്ത് തന്നെ ക്യൂ കോംപ്ലക്‌സ് വേണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററോട് മന്ത്രി ആവശ്യപ്പെട്ടു.
മന്ത്രി പങ്കെടുത്ത എംപ്ലോയീസ് സഹകരണ സംഘം ഓഫിസ് ഉദ്ഘാടനത്തിനെതിരേ ഭരണസമിതിയെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് ജീവനക്കാരുടെ യൂനിയന്‍ രംഗത്തെത്തിയിരുന്നു.
ഭരണസമിതി ചെയര്‍മാന്‍ ഒഴികെയുള്ള ഭരണസമിതി അംഗങ്ങളെയൊന്നും ചടങ്ങില്‍ പങ്കെടുപ്പിക്കാതെ പാര്‍ട്ടി ചടങ്ങാക്കി മാറ്റിയെന്നാണ് ആക്ഷേപമുന്നയിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ചുമതലയേറ്റ എന്‍ പീതാംബരക്കുറുപ്പ് ചെയര്‍മാനായ ഭരണസമിതിക്ക് ഇനിയും ഒന്നര വര്‍ഷത്തെ കാലാവധിയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക