|    May 26 Fri, 2017 7:34 am
FLASH NEWS

ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ കൊമ്പന്‍ രാമന്‍കുട്ടി ചരിഞ്ഞു

Published : 16th September 2016 | Posted By: SMR

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ ലക്ഷണമൊത്ത കൊമ്പന്മാരിലൊരാളായ രാമന്‍കുട്ടി (71) ചരിഞ്ഞു. വാര്‍ദ്ധക്യസഹജമായ അസുഖംമൂലം കുറച്ചുനാളായി രാമന്‍കുട്ടി അവശനായി നില്‍പ്പായിരുന്നു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടേമുക്കാലോടേയാണ് രാമന്‍കുട്ടി ചരിഞ്ഞത്. രാമന്‍കുട്ടിയുടെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വം ആനകോട്ടയില്‍ ആനകളുടെ എണ്ണം 53 ആയി. 1956 മെയ് മാസം 17ന് കോഴിക്കോട് സാമുതിരിരാജയാണ് ഗുരുവായൂരപ്പന്റെ തിരുസന്നിധിയില്‍ രാമന്‍കുട്ടിയെ നടയിരുത്തിയത്.
വാതാലയേശന്റെ ചാരത്ത് കണ്ണന്റെ സേവകനായി എത്തിചേര്‍ന്ന രാമന്‍കുട്ടിയെന്ന ആനതറവാട്ടിലെ ഇപ്പോഴത്തെ ഈ കാരണവര്‍, വൈകുണ്ഠനാഥന്റെ തിരുസന്നിധിയില്‍ പിന്നിട്ടത് ആറ് പതിറ്റാണ്ടാണ്. ഇക്കാലയളവില്‍ കേരളത്തിനകത്തും, പുറത്തുമായി ശ്രീ ഗുരുവായൂരപ്പന്റെ മേല്‍വിലാസത്തില്‍ രാമന്‍കുട്ടി എത്തിച്ചേരാത്ത ക്ഷേത്രങ്ങളില്ല. തൃശ്ശൂര്‍ പൂരം, പാര്‍ക്കാടി പൂരം, മരുതയൂര്‍ പൂരം, നെന്മാറ-വല്ലങ്കി വേല തുടങ്ങിയ സ്ഥലങ്ങളില്‍ നിറ സാന്നദ്ധ്യമായിരുന്നു രാമന്‍കുട്ടി. ആയിരകണക്കിന് ആരാധകരുള്ള രാമന്‍കുട്ടിയുടെ വിയോഗമറിഞ്ഞ് ആനകോട്ടയിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു ഇന്നലെ.
ഇന്നലെ രാത്രിയോടെ ആനയുടെ ജഡം എറണാകുളം കോടനാട് വനത്തിലേക്ക് കൊണ്ടുപോയി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കുന്നതോടെ രാമന്‍കുട്ടിയുടെ ആരാധകര്‍ക്ക് അവന്‍ വേദനിക്കുന്ന ഓര്‍മ്മയാകും. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കുവേണ്ടി ഭരണസമിതി അംഗം കെകുഞ്ഞുണ്ണി പുഷ്പചക്രമര്‍പ്പിച്ചു.
കഴിഞ്ഞ 17 വര്‍ഷമായി രാമന്‍കുട്ടിയുടെ ഒന്നാംപാപ്പാനായി കൊപ്പം പി രാധാകൃഷ്ണനും, ഏഴുവര്‍ഷമായി രണ്ടാം പാപ്പാന്‍ എം കെ മോഹനും, കഴിഞ്ഞ ഒരുവര്‍ഷമായി എം ആര്‍ ശ്രീനാഥുമാണ് രാമന്‍കുട്ടിയുടെ പാപ്പാന്മാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day