|    Feb 25 Sat, 2017 5:42 pm
FLASH NEWS

ഗുരുവായൂര്‍ ടൗണില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

Published : 31st October 2016 | Posted By: SMR

ഗുരുവായൂര്‍: വേനല്‍ കടുത്തതോടെ ഗുരവായൂര്‍ ടൗണില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വേനല്‍ ശക്തി പ്രാപിക്കുമ്പോള്‍ ഒരിറ്റ് വെളളത്തിനായി പരിസര പ്രദേശങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്  ക്ഷേത്രനഗരം.കാലവര്‍ഷം വേണ്ടത്ര രീതിയില്‍ കനിയാത്തതിനാല്‍ ഈ വര്‍ഷം തെളിനീരിനായി നെട്ടോട്ടമോടേണ്ടി വരുമോയെന്ന ആശങ്ക ഗുരുവായൂരുകാരെ വേട്ടയാടുന്നു. ഗുരുവായൂര്‍ ക്ഷേത്രനഗരിയുടെ ഒരു ദിവസം കടന്നുപോകുമ്പോള്‍ ദേവസ്വത്തിന്റേതടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് എത്ര വെള്ളം വേണ്ടി വന്നു ചോദിച്ചാല്‍ ഉത്തരം കേട്ട് ആരുമൊന്ന് ഞെട്ടും. നൂറ് ലോഡ് വെള്ളം ഇന്നത്തെ അവസ്ഥയില്‍ വേണ്ടി വരുന്നുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ചാകുമ്പോഴേക്കും ഇത് ഇരട്ടിയാകും. ദേവസ്വത്തിന്റെ താമരയൂര്‍, നെമിനി എന്നിവിടങ്ങളിലെ ക്വാര്‍ട്ടേഴ്‌സുകളിലേക്കാണ് പ്രധാനമായും വെള്ളം വേണ്ടി വരുന്നത്. ശരാശരി എണ്‍പതിനായിരം ലിറ്റര്‍ വെള്ളമാണ് ഇവിടങ്ങളിലേക്ക് വേണ്ടി വരുന്നത്. കൂടാതെ പാഞ്ചജന്യം, ശ്രീവല്‍സം, കൗസ്തുഭം റസ്റ്റ്ഹൗസുകളിലേക്കും ഇതിന്റെ പതിമടങ്ങ്‌വെള്ളം വേണ്ടി വരുന്നുണ്ട്.  എന്നാല്‍ ഇത് ഭക്തരുടെ തിരക്കിനനുസരിച്ചായിരിക്കുമെന്ന് മാത്രം. ഇതിനു പുറമെ ദേവസ്വത്തിന്റെയും നഗരസഭയുടെയും കംഫര്‍ട്ട് സ്‌റ്റേഷനുകളിലേക്കും നഗരത്തിലെ 300ഓളം വരുന്ന ലോഡ്ജുകളിലേക്കും ഹോട്ടലുകളിലേക്കുമായി, ദശലക്ഷകണക്കിന് ലിറ്റര്‍ വെള്ളം വേണ്ടി വരുന്നുണ്ട്. ദേവസ്വം മെഡിക്കല്‍ സെന്റര്‍, ആനത്താവളം, പോലിസ് സ്‌റ്റേഷന്‍ എന്നിവിടങ്ങിലേക്കും ദേവസ്വം തന്നെയാണ് വെള്ളമെത്തിച്ചു നല്‍കുന്നത്. ഇതിനായി കണ്ടാണശേരിയിലും മണത്തല ദ്വാരക കടപ്പുറത്തും ദേവസ്വത്തിന് സ്വന്തമായി ജല സ്‌ത്രോതസ്സുകളുണ്ട്. വേനല്‍ ശക്തമായാല്‍ കണ്ടാണശേരിയില്‍ നിന്ന് വെള്ളം ലഭിക്കാതെയാവും. പിന്നെ സ്വകാര്യ കമ്പനികളെയാണ് ആശ്രയിക്കാറ്. ചൊവ്വല്ലൂര്‍പടി, മുല്ലശേരി എന്നിവിടങ്ങളില്‍ നിന്ന് സ്വകാര്യ വ്യക്തികളാണ് നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നത്. വേനലില്‍ നഗരത്തിലൂടെ കുടിവെള്ള ടാങ്കറുകള്‍ ചീറിപായുന്ന കാഴ്ച പതിവാണ്. ദേവസ്വത്തിന് പതിമൂന്നരയും പതിനാലരയും ടണ്‍ സംഭരണ ശേഷിയുള്ള രണ്ട് വാഹനങ്ങളാണ് ഉള്ളത്. ദിവസവും ഈ, രണ്ട് വാഹനങ്ങളിലായി 30 തവണയെങ്കിലും നഗരത്തില്‍ വെള്ളമെത്തുന്നുണ്ട്. നഗരത്തിലെ വലിയ ലോഡ്ജുകള്‍ക്കെല്ലാം വെള്ളമെത്തിക്കാന്‍ സ്വന്തമായി വാഹനങ്ങളുണ്ട്. 1200 ലിറ്റര്‍ മുതല്‍ 25000 ലിറ്റര്‍ വെള്ളം സംഭരിക്കുന്ന പത്തിലധികം വാഹനങ്ങളാണ് നഗരത്തിലുള്ളത്. ഭക്തരുടെ തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് നഗരത്തില്‍ വെള്ളത്തിന്റെ ആവശ്യം വര്‍ധിക്കുകയും എന്നാല്‍ ഇതിനാവശ്യമായ സ്‌ത്രോതസ്സ് കുറഞ്ഞു വരികയും ചെയ്യുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.  ശബരിമല സീസണ്‍ ആരംഭിച്ചാല്‍ കംഫര്‍ട്ട് സ്‌റ്റേഷനുകളില്‍ വെള്ളം റേഷന്‍ സമ്പ്രദായത്തിന് തുല്യമാകാറുണ്ട്. ഭാരതപുഴയില്‍ നിന്ന് പമ്പ് ചെയ്യുന്ന ജല അതോറിറ്റിയുടെ വെള്ളമാണ് പ്രധാനമായും ഗുരുവായൂരുകാര്‍ ആശ്രയിക്കുന്നത്. എന്നാല്‍ ഇത് ആവശ്യത്തിന് തികയില്ലെന്ന കാരണത്താല്‍ വര്‍ഷങ്ങളായി നടപ്പാക്കാനിരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ കരുവന്നൂര്‍ കുടിവെള്ള പദ്ധതിയാകട്ടെ താളം തെറ്റി കിടക്കുകയാണ്. അമൃതില്‍ മുന്നോട്ട് വെക്കുന്ന കുടിവെള്ളപദ്ധതിയിലേക്കാണിപ്പോള്‍ കണ്ണുംനട്ടിരിക്കുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ വരള്‍ച്ച ഗുരുവായൂരിനെ ബാധിക്കില്ലെന്നാണ് പ്രതീക്ഷ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക