|    Aug 21 Mon, 2017 8:14 am
FLASH NEWS

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദ ഊട്ടിലെ പായസത്തിലെ പാമ്പ് : ഭക്തജനങ്ങള്‍ ആശങ്കയില്‍

Published : 12th August 2017 | Posted By: fsq

 

കെ. വിജയന്‍മേനോന്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദഊട്ടിന് വിളമ്പിയ പായസത്തില്‍ പാമ്പിനെ കണ്ടതില്‍ ഭക്തജനങ്ങള്‍ ആശങ്കയില്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പ്രസാദഊട്ടിലെ പാല്‍പായസത്തില്‍ രണ്ടടിയോളം നീളമുള്ള ഉഗ്രവിഷമുള്ള വെള്ളിക്കെട്ടന്‍ ഇനത്തിലുള്ള ചത്തപാമ്പിനെ കണ്ടത്. പായസം വിളമ്പുന്ന കീഴശാന്തിക്കാരനാണ് പായസപാത്രത്തില്‍ പാമ്പിനെ കണ്ടത്. പ്രസാദഊട്ടിന്റെ പാത്രങ്ങള്‍ കഴുകി വെക്കുന്ന സ്ഥലം ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടേയും വിഹാരകേന്ദ്രമാണ്. ഭക്ത ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന കോടികള്‍ ക്ഷേത്രത്തിന്റെ പുരോഗതിക്ക് ഉപയോഗപ്പെടുത്തില്ലെന്ന് ആക്ഷേപത്തിനിടേയാണ് പായസത്തില്‍ പാമ്പിനെ കണ്ടത്.  മൂന്ന് പതിറ്റാണ്ടിലേറെ ഭക്തജനങ്ങള്‍ക്ക് ഭക്തിപുരസരം പ്രസാദ ഊട്ട് നല്‍കിയിരുന്ന ക്ഷേത്രത്തിനകത്തെ മുകളിലെ ഊട്ടുപുരയില്‍നിന്നും ഒരാക്ഷേപവും ഇല്ലാതിരിക്കേ നിയമജ്ഞനായ ഒരു ദേവസ്വം ഭരണാധികാരിയുടെ നിര്‍ദ്ദേശപ്രകാരം  പരിഷ്‌ക്കാരം വരുത്തിയാണ് ക്ഷേത്രത്തിന് പുറത്ത് ക്ഷേത്ര കുളത്തിന് പടിഞ്ഞാറ് ഭാഗത്തായി അന്നലക്ഷ്മി ഹാളെന്ന ക്ഷേത്രം ഊട്ടുപുര നിലവില്‍ വന്നത്. ക്ഷേത്രത്തിന് പുറത്ത് ഊട്ടുപുര നിലവില്‍ വന്ന സമയത്ത് പരിസരം വൃത്തി ഹീനമാണെന്ന് തുടക്കത്തിലെ ശക്തമായ ആരോപണമുയര്‍ന്നിട്ടും ഭരണാധികാരികള്‍ അത് ഗൗനിച്ചില്ലെന്നും പരാതിയുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക