|    Jan 23 Mon, 2017 6:08 am
FLASH NEWS

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം

Published : 30th August 2016 | Posted By: SMR

കെ വിജയന്‍മേനോന്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരെ മോശമായി ചിത്രീകരിക്കാന്‍ ആസൂത്രിത ശ്രമം. പിന്നാമ്പുറങ്ങളിലൂടെ ക്ഷേത്രദര്‍ശനത്തിനും, പ്രസാദ ഊട്ടിനും ശ്രമം നടത്തുമ്പോള്‍ ഉത്തരവാദിത്വമുള്ള സെക്യൂരിറ്റി ജീവനക്കാരാല്‍ തടയപ്പെട്ടിട്ടുള്ള ചിലരാണ് സെക്യൂരിറ്റി ജീവനക്കാരെ മോശക്കാരാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. ക്ഷേത്ര പരിസരം അലങ്കോലമാക്കുകയെന്ന ലക്ഷ്യത്തോടെയെത്തിയ ചിലരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞത് ഭക്തനെ മര്‍ദ്ദിച്ചുവെന്ന രീതിയില്‍ ചിത്രീകരിക്കാനാണ് ശ്രമം നടത്തുന്നത്. എന്നാല്‍ പോലിസ് സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ മര്‍ദ്ദന ദൃശ്യം ഇല്ലെന്നാണ് വിവരം. സ്ത്രീകളുടെ വരിയിലൂടെ ഇടിച്ചു കയറുന്നവരെ മാറ്റി നിര്‍ത്തിയാല്‍ പോലും സെക്യൂരിറ്റിക്കാര്‍ക്ക് പഴി കേള്‍ക്കുന്ന അവസ്ഥയാണുള്ളത്.
ഭരണസമിതി അംഗങ്ങളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് സെക്യൂരിറ്റി ജീവനക്കാര്‍. എന്നാല്‍ തങ്ങള്‍ക്ക് പ്രത്യേക അവകാശമുണ്ടെന്ന മട്ടില്‍ ക്ഷേത്രത്തിലെത്തുന്ന ചിലരെ പ്രീതിപ്പെടുത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണ് സെക്യൂരിറ്റിക്കാര്‍ക്കുള്ളത്. തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ചിലരെ സെക്യൂരിറ്റിക്കാര്‍ക്ക് പ്രീതിപ്പെടുത്താന്‍ കഴിയാറില്ല.
ഇങ്ങനെ പിണങ്ങുന്നവരാണ് തരം കിട്ടുമ്പോള്‍ വ്യാജ ആരോപണങ്ങളുമായി സെക്യൂരിറ്റിക്കാര്‍ക്കെതിരേ തിരിയുന്നത്. ഉത്തരവാദിത്വത്തോടെ ജോലി ചെയ്താല്‍ പോലിസ് കേസില്‍ പ്രതിയാകുന്ന സാഹചര്യമാണ് ഗുരുവായൂരിലുള്ളതെന്ന് ദേവസ്വം സെക്യൂരിറ്റിക്കാര്‍ പറയുന്നു. ക്ഷേത്ര ചൈതന്യം നഷ്ടപ്പെടുന്ന പ്രവര്‍ത്തി ചെയ്യാന്‍ തങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാവില്ലെന്നും വ്യാജപ്രചരണങ്ങളുടെ നിജസ്ഥിതി അറിയാതെ പ്രസ്താവനകളുമായി ഇറങ്ങുന്ന കടലാസു സംഘടനകള്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അഭിപ്രായമുണ്ട്. ക്ഷേത്രത്തില്‍ ഡ്യൂട്ടി ചെയ്താല്‍ പോലിസ് കേസും, മാനനഷ്ടവുമാണ് ഫലം എന്ന സ്ഥിതി മാറാന്‍ ഭരണസമിതി മുന്‍കൈയെടുക്കണമെന്നും സെക്യൂരിറ്റി ജീവനക്കാര്‍ അഭിപ്രായപ്പെട്ടു. അഷ്ടമിരോഹിണി നാളില്‍ വരിയിലൂടെ അല്ലാതെ പിറന്നാള്‍ സദ്യയില്‍ പങ്കെടുക്കാനെത്തിയ ചിലരെ തടഞ്ഞതാണ് ഇപ്പോഴത്തെ കോലാഹലങ്ങള്‍ക്ക് കാരണമെന്ന് പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക