|    Aug 19 Sat, 2017 9:16 am
FLASH NEWS

ഗുരുവായൂരില്‍ കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍

Published : 13th August 2017 | Posted By: fsq

 

ഗുരുവായൂര്‍: റേസില്‍ കമ്പം മൂത്ത് ബൈക്ക് മോഷണം പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. നാല് ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ ഗുരുവായൂര്‍ നെന്മിനി പുതുക്കോട് വീട്ടില്‍ സുഭാഷിനേ(21)യാണ്  ഗുരുവായൂര്‍ ടെമ്പിള്‍ പോലിസ് അറസ്റ്റു ചെയ്തത്. ടെമ്പിള്‍ സിഐ യു എച്ച് സുനില്‍ദാസിന്റെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ 4.15നായിരുന്നു അറസ്റ്റ്. രാത്രികാല പട്രോളിങ്ങിന്റെ ഭാഗമായി ബാലകൃഷ്ണാ തിയ്യറ്ററിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെ പോലിസ് കൈകാട്ടിയിട്ടും നിര്‍ത്താതെ പോയ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മറ്റം പന്നിശ്ശേരി ജോമോന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്കെന്ന് പ്രതി പോലിസിനോട് സമ്മതിച്ചു. കൂടുതല്‍ ചോദ്യംചെയ്യലിലാണ് മോഷണ പരമ്പര പുറത്തായത്. എളവള്ളി കറുത്തേടത്ത് വീട്ടില്‍ രാധാകൃഷ്ണന്റെ ബൈക്ക്, പെരുമ്പിലാവ് പ്ലാക്കല്‍ വീട്ടില്‍ സലീമിന്റെ ബൈക്ക്, എളവള്ളി ചക്കാലപറമ്പ് ധനേഷിന്റെ ബൈക്ക് എന്നിവയും താന്‍ മോഷ്ടിച്ചിട്ടുള്ളതായി പ്രതി പോലിസിനോട് സമ്മതിച്ചു. മോഷ്ടിച്ചെടുത്ത ബാക്കി മൂന്ന് ബൈക്കുകളും പോലിസ് കണ്ടെടുത്തു. പിടിച്ചെടുത്തതില്‍ മൂന്നെണ്ണവും ന്യൂജനറേഷന്‍ ബൈക്കുകളാണ്. ബൈക്കുകള്‍ നഷ്ടപ്പെട്ടതിന് ഗുരുവായൂര്‍ പോലിസ് സ്റ്റേഷനിലും, പാവറട്ടി പോലിസ് സ്റ്റേഷനിലുമായി കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവേയാണ് പ്രതി ടെമ്പിള്‍ പോലിസിന്റെ പിടിയിലായതെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു എച്ച് സുനില്‍ദാസ് അറിയിച്ചു. പ്രതിയെ പിടികൂടിയ സംഘത്തില്‍ ഗുരുവായൂര്‍ ടെമ്പിള്‍ എസ്‌ഐ പി എം വിമോദ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ പി എസ് അനില്‍കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ എം എന്‍ പ്രീബു, സി ബി മനോജ്, സുരേഷ്ബാബു എന്നിവരുമുണ്ടായിരുന്നു. ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്റ്റ്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക