|    Jan 23 Mon, 2017 8:29 pm
FLASH NEWS

ഗുരുവചനങ്ങള്‍ ഉരുവിട്ട് ധനമന്ത്രി

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തില്‍ പൊതുവെ ധനമന്ത്രിമാര്‍ വിശുദ്ധഗ്രന്ഥങ്ങളിലെയോ മഹാന്‍മാരുടെയോ വചനങ്ങള്‍ പലതും ഉരുവിടുക പതിവാണ്. എന്നാല്‍, മറ്റെല്ലാവരേയും ഒഴിവാക്കി ശ്രീനാരായണഗുരു വചനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യത്യസ്തനായത്. ബജറ്റിന്റെ ആദിമധ്യാന്തം അദ്ദേഹം ഗുരുവചനങ്ങള്‍ സാന്ദര്‍ഭികമായി ഉള്‍പ്പെടുത്തി. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല എന്ന ഗുരുവിളംബരം കൊണ്ടാണ് അദ്ദേഹം ബജറ്റിന്റെ ആമുഖം ആരംഭിച്ചതുതന്നെ. തന്റെ വിദ്യാഭ്യാസകാലത്തെ പഠനവിഷയങ്ങളിലൊന്ന് ശ്രീനാരായണഗുരു പ്രസ്ഥാനത്തിലെ ജാതീയതയും വിപ്ലവാത്മകതയുമായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ വചനങ്ങള്‍ ഉരുവിടാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് തോമസ് ഐസക് ആമുഖത്തില്‍തന്നെ പറഞ്ഞു. താന്‍ പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല എന്നതാണ് ഗുരുവിന്റെ പ്രഖ്യാപനമെന്നും എന്നാല്‍, ജാതീയ തിമിരം ബാധിച്ച ചില പ്രമാണിമാര്‍ ഇക്കാലത്ത് ഗുരുവിനെ തിരസ്‌കരിക്കുകയും അദ്ദേഹത്തിനെതിരായി കേസ് ഫയല്‍ ചെയ്യുകയും ചെയ്‌തെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സമ്പൂര്‍ണ സാമൂഹിക സുരക്ഷയ്ക്കുള്ള പ്രഖ്യാപനങ്ങള്‍ ആരംഭിച്ചത് അന്നവസ്ത്രാതി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ എന്ന ഗുരുവചനം കൊണ്ടാണ്.
ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തോടൊപ്പം എല്ലാവര്‍ക്കും വീട്, വെള്ളം, വെളിച്ചം, കക്കൂസ് എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും എന്നതാണ് ഈ വചനത്തിന്റെ ഉദ്ദേശ്യം. വിദ്യാഭ്യാസം ചെയ്ത് അഭിവൃദ്ധിപ്പെടുക എന്ന സന്ദേശം അണ്‍ എയ്ഡഡ് സ്‌കൂളുകളേക്കാള്‍ സൗകര്യം പൊതുവിദ്യാലയങ്ങളില്‍ ഒരുക്കും എന്ന പ്രഖ്യാപനത്തെ എടുത്തുകാട്ടാന്‍ ഉപയോഗിച്ചു. ലൈബ്രറികള്‍ക്കു വേണ്ടിയുള്ള ഭാഗത്തിലും മന്ത്രി ഗുരുവചനം ഉള്‍പ്പെടുത്തി. സാഹിത്യസംഘടനകളും വായനശാലകളും ഓരോരോ പ്രദേശങ്ങളില്‍ പ്രത്യേകം പ്രത്യേകം ഉണ്ടായിരിക്കേണ്ടതാണ് എന്ന വചനമാണ് ഇവിടെ പറഞ്ഞത്. വ്യവസായം സംബന്ധിച്ച ഭാഗത്തായിരുന്നു അടുത്ത വചനം. വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃദ്ധി ഉണ്ടാക്കാന്‍ സാധിക്കുന്നതല്ല എന്നതായിരുന്നു അത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാക്കാന്‍ 100 കോടിയാണ് മന്ത്രി ഈ വചനം ഉരുവിട്ടശേഷം പ്രഖ്യാപിച്ചത്. ഒടുവില്‍ ഒഎന്‍വി കുറുപ്പിന്റെ ദിനാന്ത്യം എന്ന കാവ്യത്തിലെ അവസാന വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രി തന്റെ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 163 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക