|    Oct 21 Sat, 2017 9:10 pm
FLASH NEWS

ഗുരുനാഥന്‍മണ്ണില്‍ വളര്‍ത്തുനായയെ പുലി പിടിച്ചുകൊണ്ടുപോയി; ജനം ഭീതിയില്‍

Published : 15th August 2016 | Posted By: SMR

പത്തനംതിട്ട: ചിറ്റാര്‍ ഗുരുനാഥന്‍മണ്ണില്‍ പുലിയിറങ്ങി  വളര്‍ത്തു നായയെ പിടിച്ചുകൊണ്ടു പോയതോടെ ജനങ്ങള്‍ ഭീതിയിലായി. കഴിഞ്ഞ ദിവസം ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് സ്‌റ്റേഷനു സമീപം ഇറങ്ങിയ പുലി നായയെ  പിടിച്ചുകൊണ്ടുപോയിരുന്നു. കൂടു തകര്‍ത്ത പുലി കന്യകയില്‍ ലാലു കുരുവിളയുടെ വളര്‍ത്തു നായയേയും പിടിച്ചു കൊണ്ടുപോയതോടെ ജനങ്ങള്‍ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. സംഭവമറിഞ്ഞ് കൊച്ചുകോയിക്കലേയും ഗുരുനാഥന്‍ മണ്ണിലേയും വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം ബൈക്കില്‍ യാത്ര ചെയ്തവരേയും പുലി ആക്രമിച്ചു. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. ഗുരുനാഥന്‍മണ്ണ്, കുന്നം, ആനച്ചന്ത മേഖലകളില്‍ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. വനംവകുപ്പ് പുലിയെ പിടികൂടാനായി ആനച്ചന്തയില്‍ ഇരുപത്തിരണ്ടാം ബ്ലോക്കില്‍ ചെറുതോമ്പില്‍ ബിനുവിന്റെ പറമ്പില്‍ മുന്നു മാസംമുമ്പ് പുലിക്കൂടും ഇതിന്
സമീപത്ത് 150 മീറ്റര്‍ അകലെയായി റബര്‍ തോട്ടത്തില്‍ രണ്ടു വശങ്ങളിലുമായി രണ്ട് കാമറകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവിടെ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇരുപത്തിരണ്ടാം ബ്ലോക്കില്‍ മുളങ്കൂട്ടം മലയ്ക്കടുത്തായാണ് പുലിയുടെ സാന്നിധ്യം കണ്ടത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കാര്‍ഷിക മേഖലയായ ഇവിടെ പുലിയെ പേടിച്ച് പുലര്‍ച്ചെയുള്ള റബര്‍ ടാപ്പിങ് നിര്‍ത്തി വച്ചിരിക്കുകയാണ്. ഈ ഭാഗങ്ങളില്‍ കോലിഞ്ചികള്‍ വളര്‍ന്നും കാടുപിടിച്ചും കിടക്കുന്നതിനാല്‍ പുലി ഒളിച്ചിരുന്നാലും ആരുമറിയില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക