|    Sep 19 Wed, 2018 12:21 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിന് ഊര്‍ജതന്ത്ര നൊബേല്‍

Published : 4th October 2017 | Posted By: fsq

 

സ്‌റ്റോക്ക്‌ഹോം: ഭൗതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് അമേരിക്കന്‍ ഗവേഷകര്‍ക്ക്. ഗുരുത്വതരംഗങ്ങ ള്‍ കണ്ടെത്തിയ ‘ലിഗോ (ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷനല്‍ വേവ് ഒബ്‌സര്‍വേറ്ററി) പരീക്ഷണം’ വിഭാവനം ചെയ്ത് നടപ്പാക്കിയ റെയ്‌നര്‍ വെയ്‌സ്, ബാറി ബാരിഷ്, കിപ് തോണ്‍, എന്നിവര്‍ക്കാണു പുരസ്‌കാരം. 100 വര്‍ഷം മുമ്പ് സാമാന്യ ആപേക്ഷിക സിദ്ധാന്തത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ പ്രവചിച്ച ഗുരുത്വ തരംഗങ്ങളെ 2016 ഫെബ്രുവരിയിലാണ് ലിഗോ നിരീക്ഷണകേന്ദ്രം കണ്ടെത്തിയത്. ലിഗോ ഡിറ്റെക്ടര്‍ സ്ഥാപിക്കുന്നതിനും ഗുരുത്വ തരംഗങ്ങള്‍ കണ്ടെത്തുന്നതിലും നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് മൂവര്‍ക്കും പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് അറിയിച്ചു. ഏഴ് കോടി രൂപയോളം വരുന്ന സമ്മാന തുകയില്‍ പകുതി ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടുപിടിക്കുന്നതി ല്‍ നിര്‍ണായക പങ്ക് വഹിച്ച റെയ്‌നര്‍ വെയ്‌സിനു ലഭിക്കും. ബാക്കി തുക മറ്റു രണ്ടു പേരും പങ്കിടും. ഗാലക്‌സികളുടെ കൂട്ടിയിടി, തമോഗര്‍ത്തങ്ങള്‍ പരസ്പരം നിഗ്രഹിച്ച് ഒന്നാവുക, ന്യൂട്രോണ്‍ തരംഗങ്ങളുടെ കൂട്ടിയിടി, തുടങ്ങി അത്യന്തം പ്രക്ഷുബ്ധമായ പ്രാപഞ്ചിക സംഭവങ്ങള്‍ അരങ്ങേറുമ്പോ ള്‍ സൃഷ്ടിക്കപ്പെടുന്ന പ്രകമ്പനങ്ങള്‍, സ്ഥലകാല ജ്യാമിതിയില്‍ ഓളങ്ങളായി പ്രകാശവേഗത്തില്‍ സഞ്ചരിക്കുമെന്നാണ് 1915ല്‍ ഐന്‍സ്റ്റിന്‍ പ്രവചിച്ചത്. അതാണ് ഗുരുത്വ തരംഗങ്ങള്‍. 1994ല്‍ യുഎസില്‍ ആരംഭിച്ച ലിഗോ ആണ് ഗുരുത്വതരംഗങ്ങളെ ആദ്യമായി നിരീക്ഷിച്ചതും തിരിച്ചറിഞ്ഞതും. ഭൂമിയില്‍ നിന്ന് 290 കോടി പ്രകാശവര്‍ഷമകലെ രണ്ട് തമോഗര്‍ത്തങ്ങള്‍ അത്യന്തം സംഘര്‍ഷഭരിതമായി കൂടിച്ചേര്‍ന്നപ്പോഴുണ്ടായ ഗുരുത്വതരംഗങ്ങള്‍ ഭൂമിയെ കടന്നുപോയ കാര്യം ‘ലിഗോ’ രേഖപ്പെടുത്തുകയായിരുന്നു. ആയിരത്തോളം ഗവേഷകരുടെ പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമമാണ് ഫലം കണ്ടത്. അതിനു നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരാണ് ഇപ്പോള്‍ നൊബേല്‍ പുരസ്‌കാരത്തിന് അ ര്‍ഹരായത്. ലിഗോ ഡിറ്റെക്ടര്‍ വിഭാവനം ചെയ്യുന്നതിലും രൂപകല്‍പ്പനയിലും ഫണ്ടിങിലും പ്രധാന പങ്ക് വഹിച്ചത് മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ങകഠ) എമിറൈറ്റ്‌സ് പ്രഫസറായ വെയ്‌സ് ആയിരുന്നു. കാലഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (കാല്‍ടെക്) ഗവേഷകനായ കിപ് തോണ്‍, ഗുരുത്വതരംഗം എങ്ങനെ കണ്ടെത്താം എന്നതു സംബന്ധിച്ച സൈദ്ധാന്തിക സംഭാവനകള്‍ നല്‍കി. കാല്‍ടെകിലെ ഗവേഷകനായ ബാരിഷ്, ലിഗോ പദ്ധതി നടപ്പില്‍ വരുത്തുന്നതില്‍ പ്രധാന സംഭാവന നല്‍കി. ലിഗോ പദ്ധതിയുടെ രണ്ടാമത്തെ ഡയറക്ടറായിരുന്നു ബാറി ബാരിഷ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss