|    Apr 23 Mon, 2018 6:57 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗുരുജയന്തിക്കു പിന്നാലെ അയ്യങ്കാളി- ചട്ടമ്പി സ്വാമി ജയന്തിയുമായി സിപിഎം

Published : 19th July 2016 | Posted By: sdq

 ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: ഹിന്ദുമത വിശ്വാസികള്‍ക്കിടയില്‍ ആര്‍എസ്എസ് പിടിമുറുക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ അയ്യങ്കാളി-ചട്ടമ്പി സ്വാമി ജയന്തി ആഘോഷവുമായി സിപിഎം. ശ്രീകൃഷ്ണ ജയന്തിയും ശ്രീനാരായണഗുരു ജയന്തിയും ആഘോഷിച്ചതിനും ചേതനയോഗ സംഘടിപ്പിച്ചതിനും പിന്നാലെയാണ് നവോത്ഥാന നേതാക്കളായ ചട്ടമ്പി സ്വാമികളെയും അയ്യങ്കാളിയെയും സിപിഎം കൂട്ടുപിടിക്കുന്നത്. ചട്ടമ്പിസ്വാമി ജയന്തി ദിനമായ ആഗസ്ത് 24 മുതല്‍ അയങ്കാളി ദിനമായ 28 വരെ സംസ്ഥാന വ്യാപകമായി വിവിധ പരിപാടികളാണു സിപിഎം ആലോചിക്കുന്നത്. ശ്രീനാരായണഗുരു നടത്തിയ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന വേളയില്‍ ‘നമ്മളൊന്ന്’ എന്ന പേരില്‍ സിപിഎം വര്‍ഗീയ വിരുദ്ധ പ്രചാരണ പരിപാടി നടത്തും. ഇതിന്റെ ഭാഗമായി സാംസ്‌കാരിക പ്രഭാഷണം, മതനിരപേക്ഷ ഘോഷയാത്രകള്‍ എന്നിവയാണു നടത്തുക.
മതപരമായ ആഘോഷങ്ങളുടെ മറവില്‍ ആര്‍എസ്എസ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും സിപിഎം കേന്ദ്രങ്ങളിലടക്കം സ്വാധീനം ചെലുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജയന്തി ആഘോഷവുമായി സിപിഎം രംഗത്തെത്തിയത്.
കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ ബിജെപി വിട്ടെത്തിയ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തളാപ്പ് അമ്പാടിമുക്കില്‍ ഗണേശോല്‍സവവും പോഷകസംഘടനകളുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ശ്രീനാരായണഗുരു ജയന്തിയും ആഘോഷിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞവര്‍ഷം ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎമ്മിന്റെ ബാലസംഘടനയായ ബാലസംഘത്തിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഘോഷയാത്രകളും നടത്തിയിരുന്നു. വര്‍ഷങ്ങളായി ആര്‍എസ്എസ് ബാലസംഘടനയായ ബാലഗോകുലത്തിന്റെ ബാനറില്‍ ശോഭായാത്രകള്‍ നടത്താറുണ്ട്. ഇതുവഴി അമ്പലങ്ങളിലും സിപിഎം പ്രവര്‍ത്തകരിലും വരെ സ്വാധീനം ചെലുത്തി ഹിന്ദുത്വം പ്രചരിപ്പിക്കുന്നുവെന്ന് മനസ്സിലാക്കിയാണ് ബാലസംഘത്തിലൂടെ പ്രതിരോധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, സംഘര്‍ഷാന്തരീക്ഷത്തിലാണ് കഴിഞ്ഞവര്‍ഷം കണ്ണൂരില്‍ ഇരുവിഭാഗത്തിന്റെയും റാലികള്‍ നടന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷം ചട്ടമ്പി സ്വാമിയുടെയും അയ്യങ്കാളിയുടെയും ജന്‍മദിനം പാര്‍ട്ടി നേരിട്ടു നടത്തുന്നത്.
പരിപാടിയുടെ സന്ദേശമെത്തിക്കാന്‍ കൃഷ്ണപിള്ള ദിനമായ ആഗസ്ത് 19 മുതല്‍ വിപുലമായ പ്രചാരണവും സിപിഎം ആസൂത്രണം ചെയ്തിട്ടുണ്ട്. പരിപാടികളില്‍ സാംസ്‌കാരിക നായകരെയും ഇതര രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും സന്ന്യാസി, ക്ഷേത്ര ഭരണാധികാരികള്‍ തുടങ്ങിയവരെയും ക്ഷണിക്കാനും പദ്ധതിയുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 206 കേന്ദ്രങ്ങളില്‍ വര്‍ണശബളമായ മതനിരപേക്ഷ ഘോഷയാത്രകളും പ്രഭാഷണവും നടത്തുമെന്നാണ് ഔദ്യോഗിക വിശദീകരണം.
നേരത്തേ, മുസ്‌ലിം ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരില്‍ നമസ്‌കാരസൗകര്യത്തോടെ ന്യൂനപക്ഷ സെമിനാര്‍ സംഘടിപ്പിച്ചതും മുഖ്യധാര മാസിക പുറത്തിറക്കിയതും ഗുജറാത്ത് വംശഹത്യയിലെ ഇര ഖുത്ബുദ്ദീന്‍ അന്‍സാരിയെ പങ്കെടുപ്പിച്ചതും ഏറെ ചര്‍ച്ചയായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss