|    Feb 22 Wed, 2017 2:13 pm
FLASH NEWS

ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ക്കെതിേര കര്‍ശന നടപടി തുടങ്ങി: മുഖ്യമന്ത്രി

Published : 1st November 2016 | Posted By: SMR

തൃശൂര്‍: സൈ്വരജീവിതത്തിന് ഭംഗം വരുത്തുന്ന ഗുണ്ടാ മാഫിയാസംഘങ്ങളെ അമര്‍ച്ച ചെയ്യാനുളള ശക്തമായ നടപടികള്‍ പോലിസ് സേന ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ രാമവര്‍മപുരം പോലിസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പോലിസ് സേനാംഗങ്ങളുടെ പാസിങ്ഔട്ട് പരേഡില്‍  അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മര്യാദയോടെ, മാന്യമായി പെരുമാറുകയും അഴിമതിക്ക് വശംവദരാവാതിരിക്കുകയുമാണ് പോലിസ് സേനാംഗങ്ങളുടെ കടമ. ഇങ്ങനെയുളള സേനാംഗങ്ങള്‍ പോലിസ് സേനയുടെ അഭിമാനമാണ്. എന്നാല്‍, അങ്ങിനെ അല്ലാത്തവരുമുണ്ട്. അവരെക്കുറിച്ച് നിരവധി പരാതികളുമുണ്ട്. അഴിമതിരഹിത പ്രവര്‍ത്തനങ്ങള്‍ ശരിയായി നടത്തുമ്പോള്‍ അതിന് തടസ്സം നില്‍ക്കുന്നവരെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരായേ കണാനാവൂ. അത്തരക്കാരോട് സര്‍ക്കാരിന് മ്യദുസമീപനം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏത് സാധാരണക്കാരനും കടന്നുചെല്ലാവുന്ന ഇടമായി പോലിസ്‌സ്റ്റേഷനുകളെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സാമ്പത്തിക സാമൂഹിക പരിമിതികള്‍ക്കുളളില്‍ നിന്ന് അതിനുളള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പ് വരുത്തും. സേനയെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടൂതല്‍ പോലിസ് സ്‌റ്റേഷനുകള്‍ അനുവദിക്കുമെന്നും അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്താനും പോലിസ് സ്റ്റേഷന്‍ അന്തരീക്ഷം ജനസൗഹൃദമാക്കാനും സേനാംഗങ്ങള്‍ ശ്രദ്ധിക്കണം. സമ്പൂര്‍ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുന്നവിധം പോലിസ് സ്റ്റേഷനുകളും ഓഫിസുകളും മാറണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കേരള ആംഡ് പോലിസ് ഒന്ന്, രണ്ട്, അഞ്ച് ബറ്റാലിയനുകളില്‍നിന്നും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 464 അംഗങ്ങള്‍ രാമവര്‍മപുരം കേരള പോലിസ് അക്കാദമി പരേഡ്ഗ്രൗണ്ടിലെ പാസ്സിങ്ഔട്ട് പരേഡില്‍ പങ്കെടുത്തു. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ആംഡ് പോലിസ് ബറ്റാലിയന്‍ എഡിജിപി നിതിന്‍ അഗര്‍വാള്‍, ട്രെയ്‌നിങ് ഐജി പി മഹിപാല്‍ യാദവ്, ട്രെയിനിങ് ഡിഐജി പി വിജയന്‍, മേയര്‍ അജിത ജയരാജന്‍, കൗണ്‍സിലര്‍ വി കെ സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 62 ബിരുദാനന്തര ബിരുദധാരികള്‍, 204 ബിരുദധാരികള്‍, 12 എന്‍ജിനീയറിങ് ബിരുദധാരികള്‍, ഒരു പിഎച്ച്ഡി ബിരുദധാരി എന്നിവര്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ ഉള്‍പ്പെടുന്നു. പരിശീലന കാലയളവില്‍ മികച്ച ഷൂട്ടര്‍മാരായി എം എസ് ഹരീഷ് കുമാര്‍, പി എസ് ശ്യാം, കെ പി അശോക് കുമാര്‍ എന്നിവരെയും ബെസ്റ്റ് ഓള്‍ റൗണ്ടര്‍മാരായി പി എസ് ശങ്കര്‍, പ്രശാന്ത് സോമന്‍, എം നവീന്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഇവര്‍ക്കും വിവിധ പ്ലാറ്റൂണുകള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫികള്‍ സമ്മാനിച്ചു.
കെഎപി ഒന്നാം ബറ്റാലിയനിലെ 102 പേര്‍ തൃശൂര്‍ രാമവര്‍മപുരം ആസ്ഥാനത്തും 115 പേര്‍ പാലക്കാട് ജില്ലയില്‍ മുട്ടിക്കുളങ്ങരയിലുളള കെഎപി രണ്ടാം ബറ്റാലിയന്‍ ആസ്ഥാനത്തും കെഎപി അഞ്ചാം ബറ്റാലിയനിലെ 179 പേര്‍ പത്തനംതിട്ടയിലെ മണിയാര്‍ പരിശീലന കേന്ദ്രത്തിലും ആണ് 9 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയത്. കൂടാതെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ 68 പരിശീലനാര്‍ഥികള്‍ക്ക് പാണ്ടിക്കാട് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലായിരുന്നു 18 മാസത്തെ പരിശീലനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക