|    Mar 19 Mon, 2018 12:39 pm
FLASH NEWS

ഗുണ്ടാ ആക്രമണക്കേസില്‍ പ്രതികളായ ആന്റണി ആശാന്‍പറമ്പിലിനെകണ്ടെത്താനാവാതെ പോലിസ്

Published : 16th November 2016 | Posted By: SMR

കൊച്ചി: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഗുണ്ടാ ആക്രമണക്കേസില്‍ പ്രതികളായ മരട് നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പിലിനെയും ജിന്‍സണ്‍ പീറ്ററിനെയും പിടികൂടാനാവാതെ പോലിസ്. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ഇവരെ പിടികൂടാനാവാത്തത് പോലിസ് ഒത്താശയും പിടിപ്പുകേടാണെന്നും ആക്ഷേപമുയരുന്നു. സംഭവങ്ങള്‍ നടന്നു ദിവസങ്ങള്‍ക്കുള്ളില്‍ മാധ്യമങ്ങളില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടതും പിടികൂടാന്‍ പോലിസിന് അവസരമുണ്ടായിട്ടും രക്ഷപ്പെടാന്‍ സമയം അനുവദിച്ചതുമാണ് അന്വേഷണചുമതലയുള്ള പോലിസിന്റെ വീഴ്ചയായി ചൂണ്ടികാണിക്കുന്നത്. 2013ല്‍ ഐഎന്‍ടിയുസി ചുമട്ടുതൊഴിലാളിയും കരാര്‍ ജോലിക്കാരനുമായ എ എം ശുക്കൂറിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വച്ച് ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ചെന്നാണ് കേസ്. ഷുക്കൂറിന്റെ പരാതിയെത്തുടര്‍ന്ന് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും നാലുപേരെ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ 15പേര് പ്രതികളായുള്ള കേസില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെ നാലുപേരെ മാത്രമേ പോലിസിന് പിടികൂടാന്‍ സാധിച്ചിട്ടുള്ളൂ. പിടികൂടാനുള്ള 11പ്രതികളില്‍ രണ്ടുപേര്‍ മാത്രമാണ് ഒളിവിലുള്ളതായി സൂചനയുള്ളത്. മറ്റ് ഒന്‍പതുപേരെ പിടികൂടാനോ അവരുടെ പേരുകള്‍ പുറത്തുവിടാനോ പോലിസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇവരെയൊന്നും പിടികൂടാനാവാത്തത് പോലിസിന്റെ അലംഭാവമാണെന്നും നാടകം കളിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ദിനംപ്രതി ഒളിവിലുള്ളവര്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും അഭിമുഖം നല്‍കുന്നതും പതിവാകുകയാണ്. ഇതിനിടെ കഴിഞ്ഞദിവസം ആന്റണി ആശാന്‍പറമ്പിലിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ശനിയാഴ്ച ആലുവയിലുള്ള ബന്ധുവീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ നെട്ടൂരില്‍ നിരപരാധികളെ പോലിസ് ക്രൂശിക്കുന്നതായും ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ ലഭിക്കാതിരുന്നിട്ടും കള്ളക്കേസില്‍ ഇവരെ കുടുക്കുകയാണെന്നും പറയുന്നു. ഒളിവില്‍ കഴിയുന്ന ആന്റണി ആശാന്‍പറമ്പിലിന്റെയും ജിന്‍സന്‍ പീറ്ററിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ലെങ്കില്‍ ഇരുവരും കോടതിയില്‍ കീഴടങ്ങാനും സാധ്യതയുണ്ട്. സമാനകേസില്‍ പ്രതികളായ മറ്റ് രാഷ്ട്രീയ പാര്‍ട്ടിനേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിച്ചാലും ജാമ്യം ലഭിക്കുകയില്ലെന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്താന്‍ നിര്‍ബന്ധിതരായത്. കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍തന്നെ ഇരുവരും നിയമപരമായി കേസിനെ നേരിടേണ്ടതായിരുന്നുവെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. കൂടാതെ ആന്റണി ആശാന്‍പറമ്പിലിനോട് മരട് നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ഡിസിസി ആവശ്യപ്പെട്ടിട്ടും ഇതിനെതിരേ പ്രതികരിച്ചിട്ടില്ലെന്നുള്ളതും പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യം രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss