|    Jan 22 Sun, 2017 1:14 am
FLASH NEWS

ഗുണ്ടാ ആക്രമണം; എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പോലിസുകാര്‍ക്കു പരിക്ക്

Published : 14th August 2016 | Posted By: SMR

തൃശൂര്‍: അരണാട്ടുകരയില്‍ വ്യാപാരിയുടെ വീടിനുനേരേ നാടന്‍ ബോംബ് എറിഞ്ഞ പ്രതികളെ പിടിക്കാനെത്തിയ പോലിസുകാര്‍ക്കുനേരെ ആക്രമണം. എസ്‌ഐ ഉള്‍പ്പെടെ മൂന്നു പോലിസുകാര്‍ക്ക് പരിക്കേറ്റു. ഒല്ലൂര്‍ എസ്‌ഐ പ്രശാന്ത് ക്ലിന്റ്, സിപിഒമാരായ ധനേഷ്, ഷിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലു പേരടങ്ങുന്ന പോലിസ് സംഘം രണ്ടു പ്രതികളെ സാഹസികമായി പിടികൂടി. അക്രമിസംഘത്തിലെ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.
അരണാട്ടുകരയിലെ വ്യാപാരിയുടെ വീട്ടില്‍ ബൈക്കിലെത്തി ബോംബ് എറിഞ്ഞ കേസില്‍ അഞ്ചേരി സ്വദേശികളായ നെയ്മറെന്ന നിനോ, കറുമ്പൂസ് എന്ന നെല്‍സണ്‍ എന്നിവരെയാണ് പോലിസ് പിടികൂടിയത്. വിയ്യൂരില്‍ പോലിസ് ഡ്രൈവറുടെ വീടിനു നേരെ നാടന്‍ ബോംബ് എറിഞ്ഞതും ഇവര്‍ തന്നെയാണെന്ന് പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാസംഘത്തലവന്‍ കടവി രഞ്ജിത്തിന്റെ സംഘാംഗങ്ങളായ പ്രതികള്‍ കാച്ചേരിയിലെ ഒരു വീട്ടിലുണ്ടെന്നു രാവിലെ പോലിസിന് വിവരം ലഭിച്ചു. ഇതനുസരിച്ച് ഒല്ലൂര്‍ എസ്‌ഐ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കാച്ചേരിയിലെ വീട്ടിലെത്തിയപ്പോഴാണ് നാലംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണമുണ്ടായത്. പോലിസിനു നേരേ വടിവാള്‍ വീശിയും പന്നിപ്പടക്കം എറിഞ്ഞും ഗുണ്ടകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
പരിക്കേറ്റ പോലിസുകാരായ ഷിജു, ധനേഷ് എന്നിവരെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ ഉപയോഗിച്ച ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരണാട്ടുകര പടിഞ്ഞാറേ അങ്ങാടിയിലുള്ള കുന്നംകുമരത്ത് വീട്ടില്‍ ജോണ്‍സന്റെ വീടിനുനേരെ ഇന്നലെ രാവിലെയാണ് ആക്രമണം നടന്നത്. ശക്തന്‍മാര്‍ക്കറ്റില്‍ ഇറച്ചി വ്യാപാരം നടത്തുന്ന ഇയാളുടെ വീട്ടിലേക്ക് ബൈക്കിലെത്തിയ സംഘം പന്നിപ്പടക്കം എറിയുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് വെസ്റ്റ് സിഐ വി കെ രാജു പറഞ്ഞു.
എന്നാല്‍, പതിനായിരം രൂപ ഗുണ്ടാപിരിവു നല്‍കണമെന്ന് ആവശ്യപ്പെട്ട്  ഈ സംഘം ഏതാനും ദിവസമായി ഭീഷണിപ്പെടുത്തിയിരുന്നതായി ജോണ്‍സന്റെ മകന്‍ പറഞ്ഞു. വ്യാഴാഴ്ച അര്‍ധരാത്രി വിയ്യൂര്‍ പോലിസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ മനോജിന്റെ വീടിനു നേരെയും സംഘം പന്നിപ്പടക്കം എറിഞ്ഞിരുന്നു. കുറച്ചുനാള്‍ മുമ്പ് കുറ്റുമുക്കിലെ ഫഌറ്റില്‍ അക്രമമുണ്ടാക്കിയ കടവി രഞ്ജിത്തിനെ വിയ്യൂര്‍ പോലിസ് പിടികൂടിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് പോലിസ് ഡ്രൈവര്‍ മനോജിന്റെ വീടിനുനേരെ ആക്രമണം നടത്താന്‍ പ്രതികളെ പ്രേരിപ്പിച്ചത്. ഒരിടവേളയ്ക്കു ശേഷം തൃശൂരില്‍ ഗുണ്ടാ സംഘങ്ങള്‍ സജീവമാവുന്നതിന്റെ സൂചനകളാണ് തുടര്‍ച്ചയായ സംഭവത്തിലൂടെ പുറത്തുവരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക