|    Oct 21 Sun, 2018 3:30 pm
FLASH NEWS
Home   >  National   >  

ഗുണ്ടല്‍പ്പേട്ടില്‍ തക്കാളിക്ക് രണ്ടര രൂപ

Published : 22nd August 2016 | Posted By: Navas Ali kn

tomatoകിലോക്ക് എണ്‍പതുരൂപ വരെ ഉയര്‍ന്ന തക്കാളിക്ക് വിളവെടുപ്പ് കാലമായതോടെ ഗുണ്ടല്‍പ്പേട്ടില്‍ വില രണ്ടര രൂപ. കനത്ത വിളവു ലഭിച്ചതോടെയാണ് കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടിലും പരിസര ഗ്രാമങ്ങളിലും തക്കാളി വില കുത്തനെ ഇടിഞ്ഞത്. കൂമ്പാരമായി കൂട്ടിയിട്ട തക്കാളിയുമായി റോഡരികില്‍ ആവശ്യക്കാരെ കാത്തിരിക്കുന്ന കര്‍ഷകര്‍ ഇപ്പോള്‍ ഗുണ്ടല്‍പ്പെട്ടിലെ സ്ഥിരം കാഴ്ച്ചയാണ്. പഴുത്ത തക്കാളിയാണ് പത്തുരൂപക്ക് നാലു കിലോ എന്ന തോതില്‍ വില്‍ക്കുന്നത്. കുറഞ്ഞ പഴുപ്പുള്ള തക്കാളി പത്തുരൂപക്ക് രണ്ട് കിലോ ലഭിക്കും. തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ ജാം, സോസ്, കെച്ചപ്പ് നിര്‍മാതാക്കാള്‍ ഇവിടെയെത്തി വലിയ അളവില്‍ തക്കാളി വാങ്ങുന്നുണ്ട്. കിലോക്ക് രണ്ടര രൂപക്ക് വാങ്ങുന്ന തക്കാളി സോസ് ആക്കി വില്‍ക്കുമ്പോള്‍ 35- 40 രൂപവരെയാണ് 250 ഗ്രാമിന് വില വരുന്നത്.
തക്കാളിക്കു മാത്രമല്ല മറ്റു പച്ചക്കറി ഇനങ്ങള്‍ക്കും ഗുണ്ടല്‍പ്പേട്ടില്‍ വില കുറഞ്ഞിട്ടുണ്ട്. വെണ്ട, ബീന്‍സ്, എന്നിവ 20 രൂപക്ക് ഒരു കിലോ ലഭിക്കും. മത്തനും ചെറിയ ഉള്ളിക്കും 15 രൂപയാണ് വില.മുരിങ്ങക്ക, പച്ചമുളക് എന്നിവ കിലോക്ക് 30 രൂപക്കും ഇവിടെ നിന്നും ലഭിക്കും. തോട്ടത്തില്‍ നിന്നും പറിച്ചെടുന്ന ഫ്രഷ് കാബേജിന് 10 രൂപയേ വിലയൂള്ളൂ. തണ്ണിമത്തന്റെ വിലയാണ് ഏറെ ഇടിഞ്ഞിട്ടുള്ളത്. കേരളത്തിലെ മാര്‍ക്കറ്റില്‍ കിലോക്ക് 20 രൂപ വിലയില്‍ ലഭിക്കുന്ന ഇറാനിയന്‍ തണ്ണിമത്തന്‍ നാലു രൂപക്കാണ് ഇവിടെ വില്‍ക്കുന്നത്. 25 കിലോയുള്ള ഒരു ചാക്ക് തണ്ണിമത്തന് 120 രൂപയാണ് വില. ഇവയെല്ലാം കൃഷിയിടത്തോടു ചേര്‍ന്ന് റോഡരികിലിട്ടാണ് കര്‍ഷകര്‍ വില്‍പ്പന നടത്തുന്നത്. പരിപ്പ്, കടല ഇനങ്ങള്‍ക്കും ഗുണ്ടല്‍പ്പേട്ടില്‍ വില കുറവാണ്. ഗുണ്ടല്‍പ്പേട്ടിലെ മല്ലികപ്പാടങ്ങള്‍ കാണാനെത്തുന്ന സഞ്ചാരികളും മൈസൂരില്‍ പോയി മടങ്ങുന്നവരുമെല്ലാം വിലക്കുറവു കാരണം ഇവിടെ നിന്നും പച്ചക്കറികളും മറ്റ് അവശ്യ വസ്തുക്കളും വാങ്ങുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss