|    Nov 24 Fri, 2017 12:06 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ പ്രത്യേക പോലിസ് സംഘത്തെ നിയോഗിക്കും

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: ഗുണ്ടകളെ അമര്‍ച്ചചെയ്യുന്നതിന് സംസ്ഥാനത്ത് പ്രത്യേക പോലിസ് സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളെക്കുറിച്ചു സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തുനിന്ന് പി ടി തോമസ് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഗുണ്ടകളെ പ്രത്യേകമായി നിരീക്ഷിക്കുകയും കരുതല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സംസ്ഥാനത്ത് ഗുണ്ടകള്‍ക്ക് സര്‍ക്കാര്‍ രാഷ്ട്രീയകവചമൊരുക്കില്ല. തന്റെ പാര്‍ട്ടിക്കാരനോ തന്നോട് അടുപ്പമുള്ള ആളോ ആണെങ്കിലും അങ്ങനെത്തന്നെ ആയിരിക്കും.
പോലിസും ഗുണ്ടകളുമായി അവിശുദ്ധബന്ധമുണ്ടെന്ന തരത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഗുണ്ടാപ്രവര്‍ത്തനം നടത്തിയ 271 പേര്‍ക്കെതിരേ കാപ്പ നിയമം ചുമത്തി. ഇത്തരം കേസില്‍ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും ഷാഡോ പോലിസും നിരീക്ഷിച്ച് തുടര്‍നടപടിയെടുക്കുന്നുണ്ട്.
ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരായ പരാതി ലഭിക്കുമ്പോള്‍ തന്നെ പോലിസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുണ്ടാത്തലവന്‍മാര്‍ക്ക് എന്തുമാവാമെന്ന സ്ഥിതിയാണ് ഇപ്പോള്‍ വളര്‍ന്നുവന്നിരിക്കുന്നത്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നു പറഞ്ഞ് എറണാകുളം സ്വദേശിനി സാന്ദ്രാ തോമസ് നേരിട്ടുതന്ന പരാതിയിന്മേല്‍ താന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പോലിസ് നടപടിയെടുത്തതെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കൊച്ചിയിലെ ഗുണ്ടാ ആക്രമണങ്ങള്‍ക്ക് കണ്ണൂര്‍ ബന്ധമുണ്ടെന്ന് നോട്ടീസ് അവതരിപ്പിച്ച പി ടി തോമസ് ആരോപിച്ചു. കൊച്ചിയിലെ സിപിഎം നേതാക്കളാണ് ഇത്തരം ഗുണ്ടകള്‍ക്കു കാവല്‍നില്‍ക്കുന്നത്.ഒരു ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട യുവാവിനോട് മര്യാദയ്ക്കു നടന്നില്ലെങ്കില്‍ തീവ്രവാദക്കേസില്‍ കുടുക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും തോമസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സിപിഎം നേതാക്കള്‍ക്ക് ഗുണ്ടാബന്ധമുണ്ടെന്ന പരാമര്‍ശം സഭാരേഖകളില്‍നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് ഇ പി ജയരാജനും എസ് ശര്‍മയും ഉന്നയിച്ച ക്രമപ്രശ്‌നത്തില്‍, പരിശോധിച്ചു നടപടിയെടുക്കാമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സഭയെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക