|    Jan 18 Wed, 2017 7:37 pm
FLASH NEWS

ഗുണഭോക്തൃ സമിതികളെ ഒഴിവാക്കി പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യണമെന്ന് കരാറുകാര്‍

Published : 1st July 2016 | Posted By: SMR

പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ഗുണഭോക്തൃസമിതികളെ ഒഴിവാക്കി ടെന്‍ഡര്‍ നടപടി സ്വീകരിക്കാനുള്ള എല്‍ഡിഎഫ് തീരുമാനം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കണമെന്ന് കരാറുകാര്‍. 2015 മാര്‍ച്ചില്‍ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് ലഭിച്ച 16 കോടിയോളം രൂപയുടെ ബില്ലുകള്‍ ഇതുവരെ മാറിയിട്ടില്ലെന്നും കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഒരു കോടിയോളവും പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 15 കോടിയോളം രൂപയുമാണ് ലഭിക്കാനുള്ളത്. പ്രളയദുരിതവുമായി ബന്ധപ്പെട്ട് ജോലികള്‍ പൂര്‍ത്തിയാക്കിയതിന്റെ പേരില്‍ എട്ടുകോടിയോളം രൂപ ലഭിക്കാനുണ്ടെന്നും കരാറുകാര്‍ പറഞ്ഞു. മരാമത്ത് പ്രവൃത്തികള്‍ ഗുണഭോക്തൃ സമിതികളെ ഏല്‍പ്പിച്ച് നടത്തിക്കൊണ്ടിരിക്കുന്ന നിര്‍വഹണത്തില്‍ അഴിമതി വ്യാപകമാണെന്ന് കരാറുകാര്‍ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളുടെ ബിനാമികളാണ് പല സമിതികളുടെയും കണ്‍വീനര്‍മാരായി വരുന്നത്.
പുറത്തു നിന്നുള്ള കരാറുകാര്‍ എത്തുന്നതോടെ വന്‍തോതിലുള്ള വിലപേശലാണ് നടക്കുന്നത്. കരാറുകാര്‍ ഏറ്റെടുക്കുന്ന ജോലികള്‍ക്ക് രണ്ടുവര്‍ഷത്തെ ഗ്യാരന്റിയും ഗുണനിലവാര പരിശോധനയും ഉറപ്പാക്കുമ്പോള്‍, ഗുണഭോക്തൃസമിതികള്‍ നടത്തുന്ന ജോലികളില്‍ ഇതു രണ്ടും ഉണ്ടാവുന്നില്ല.
അഞ്ചുലക്ഷവും അതിനു മുകളിലോട്ടും ഉള്ള പ്രവൃത്തികള്‍ക്ക് ഇ-ടെണ്ടര്‍ നടപ്പാക്കണമെന്ന ഹൈക്കോടതി വിധി പ്രാബല്യത്തില്‍ വന്നതിന്റെ നേട്ടം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ 21 കോടി രൂപയുടെ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്തപ്പോള്‍ 4.5 കോടി രൂപ ടെണ്ടര്‍ സേവിങ്‌സായി ജില്ലാ പഞ്ചായത്തിനു ലഭിച്ചു.
ഈ മിച്ചം പുതിയ പദ്ധതികള്‍ക്ക് വിനിയോഗിക്കാന്‍ കഴിഞ്ഞുവെന്നും കരാറുകാര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തുകളിലും ഈ രീതിയില്‍ മിച്ചം കണ്ടെത്തി പുതിയ പദ്ധതികള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞു. ഗ്രാമപഞ്ചായത്തുകളിലും ഇത് നടപ്പാക്കണം. ഇ-ടെണ്ടറിന്റെ അഭാവത്തില്‍ സാധാരണ ടെണ്ടര്‍ നടപടി സ്വീകരിക്കണം. അഞ്ചുലക്ഷം എന്ന പരിധി ഒഴിവാക്കി എല്ലാ പ്രവൃത്തികളും ടെണ്ടര്‍ ചെയ്യാന്‍ സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ജില്ലാ നേതൃത്വം എടുത്ത തീരുമാനം, യുഡിഎഫ്, ബിജെപി നേതൃത്വം അവര്‍ ഭരിക്കുന്ന പഞ്ചായത്തുകളിലും നടപ്പാക്കണമെന്ന് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കി ലൈസന്‍സ് പുതുക്കുന്നതിനുള്ള കേപ്പബിലിറ്റി സര്‍ട്ടിഫിക്കേറ്റ് ഒഴിവാക്കുക, ബില്‍ ഡിസ്‌കൗണ്ടിങ് സിസ്റ്റം പുനസ്ഥാപിക്കുക, ഇ-ടെണ്ടര്‍ നടപ്പാക്കുമ്പോള്‍ സിങ്കിള്‍ ടെണ്ടര്‍ വന്നാലും അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കരാറുകാര്‍ ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് കെ ജി വില്‍സണ്‍, സെക്രട്ടറി കെ ആര്‍ കൃഷ്ണകുമാര്‍, ജോയിന്റ് സെക്രട്ടറി രാജു തോമസ്, ട്രഷറര്‍ ജിജി വര്‍ഗീസ്, ജില്ലാ കമ്മിറ്റിയംഗം ഉണ്ണികൃഷ്ണന്‍ പന്തളം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക