|    Nov 14 Wed, 2018 1:58 am
FLASH NEWS

ഗുണഭോക്തൃ പട്ടികയില്‍നിന്ന് പുറത്തായത് ആയിരങ്ങള്‍

Published : 29th August 2018 | Posted By: kasim kzm

മഞ്ചേരി: ക്ഷേമ പെന്‍ഷനിലെ ക്രമക്കേട് തിരുത്താന്‍ ജില്ലയില്‍ തയ്യാറാക്കിയ പുതിയ ഗുണഭോക്തൃ പട്ടികയില്‍ നിന്നു അകാരണമായി ഒഴിവാക്കിയത് ആയിരക്കണക്കിനെ അവശരെ. ജനക്ഷേമം ഉറപ്പാക്കാന്‍ നല്‍കിവന്ന പെന്‍ഷനുകള്‍ അവശ വിഭാഗങ്ങള്‍ക്ക് നിഷേധിച്ചത് കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്. വര്‍ഷങ്ങളായി വാര്‍ധക്യ പെന്‍ഷന്‍, വിധവ പെന്‍ഷന്‍, അംഗപരിമിതര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമുള്ള പെന്‍ഷനുകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ തുക കൈപറ്റുന്നവരെയാണ് ഗുണഭോക്തൃ പട്ടികയില്‍നിന്നു അകാരണമായി ഒഴിവാക്കിയത്. ജീവിച്ചിരിക്കുന്നവര്‍ മരിച്ചെന്നും സ്വന്തമായി കാറും ആഢംബര വീടുകളും ഉണ്ടെന്ന കാരണങ്ങള്‍ നിരത്തിയുമാണ് പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവരെ ഗുണഭോക്തൃ പട്ടികയില്‍ നിന്നു ഒഴിവാക്കിയിരിക്കുന്നത്.
അനര്‍ഹരായവരും മരിച്ചവരുടെ പേരിലും ജില്ലയില്‍ ക്ഷേമപെന്‍ഷനുകള്‍ വ്യാപകമായി കൈപ്പറ്റുന്നുണ്ടെന്നും ഇത് തിരുത്താന്‍ നടപടിയെടുക്കുമെന്നും നേരത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ആയിരക്കണക്കിനാളുകള്‍ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ നിന്നു ഒഴിവാക്കപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. ജില്ലയിലെ മിക്ക തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ആയിരക്കണക്കിനാളുകളാണ് പട്ടികയില്‍ നിന്നു പുറത്തായിരിക്കുന്നത്. മഴക്കെടുതികളാല്‍ ദുരിതം പേറുന്ന സമയത്ത് മാരക രോഗങ്ങള്‍ക്കടിപ്പെട്ടവരും ഭിന്നശേഷിക്കാരും വിധവകളും മറ്റു അവശ വിഭാഗത്തില്‍പ്പെട്ടവരും പരിശോധനകളേതുമില്ലാതെ പെന്‍ഷന് അയോഗ്യരെന്ന് നിശ്ചയിക്കുകയായിരുന്നെന്നാണ് നിലവില്‍ ഉയരുന്ന പരാതികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
പെന്‍ഷന്‍ കിട്ടാതെ ആശങ്കയിലായവര്‍ നിരന്തരം തദ്ദേശഭരണ സ്ഥാപനങ്ങളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എന്തടിസ്ഥാനത്തിലാണ് പെന്‍ഷന്‍ മുടങ്ങിയതെന്ന് ബന്ധപ്പെട്ട അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉത്തരം നല്‍കാനാവുന്നില്ല. മരുന്നു വാങ്ങാന്‍ പോലും പണമില്ലാതെ വലയുകയാണ് പ്രായമായവരടക്കമുള്ള അവശ വിഭാഗങ്ങള്‍. 100 സിസിയില്‍ അധികമുള്ള കാര്‍, 1200 ചതുരശ്രഅടിയ്ക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീട് എന്നിവയാണ് പെന്‍ഷന് അര്‍ഹതയില്ലാത്തവരെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന മാനദണ്ഡം.
നിയതമായ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് നിലവിലെ ഗുണഭോക്താക്കളെ പട്ടികയില്‍ നിന്നു പുറത്താക്കിയിരിക്കുന്നത്. ഇതുവരെ കാറില്‍ കയറാത്തവരാണ് സ്വന്തമായി വാഹനമുണ്ടെന്ന പേരില്‍ പട്ടികയില്‍നിന്ന് അകറ്റി മാറ്റപ്പെട്ടവരില്‍ ഭൂരിഭാഗവും.
ജീവിച്ചിരിക്കുമ്പോള്‍ മരിച്ചവരെന്നു മുദ്രചാര്‍ത്തപ്പെട്ടവരും കുറവല്ല. ഇതോടെ ജീവിച്ചിരിപ്പുണ്ടെന്നും വാഹനമില്ലെന്നുമുള്ള സാക്ഷ്യപത്രം ഹാജരാക്കി അര്‍ഹതപ്പെട്ട പെന്‍ഷന്‍ പുനഃസ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണു ഇത്തരക്കാര്‍. എന്നാല്‍, അവശ വിഭാഗങ്ങളെ പരിഗണനയ്‌ക്കെടുത്ത് പ്രശ്‌നം പരിഹരിക്കാനാവശ്യമായ ഊര്‍ജിത ഇടപെടലുകളും വൈകുകയാണ്.
പ്രതിഷേധം വ്യാപകമായതോടെ തള്ളിയവരുടെ പേരില്‍ വാഹനമുണ്ടോ എന്നും വീടുകളുടെ നിജസ്ഥിതിയും പരിശോധിക്കാന്‍ തദ്ദേശ ഭരണ വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. വ്യക്തമായ മറുപടി ലഭിക്കുമ്പോള്‍ പെന്‍ഷന്‍ പുസ്ഥാപിക്കാനാവുമെന്ന ഉദ്യോഗസ്ഥരുടെ മറുപടിയില്‍ ഗുണഭോക്താക്കള്‍ തൃപ്തരല്ല. ഈ സാഹചര്യത്തില്‍ നിയമ വഴിയില്‍ അവകാശ പുനസ്ഥാപനത്തിനുള്ള ശ്രമങ്ങളും പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കൂട്ടായ്മ നടപ്പാക്കി വരികയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss