|    Oct 21 Sun, 2018 2:40 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗുഡ്‌ബൈ റിയോ… സീ യൂ ഇന്‍ ടോക്കിയോ….

Published : 23rd August 2016 | Posted By: SMR

എ പി ഷഫീഖ്

ലോക കായിക മാമാങ്കത്തോട് റിയോ ഗുഡ്‌ബൈ പറഞ്ഞു കഴിഞ്ഞു. 17 ദിവസം ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ റിയോയിലായിരുന്നു. മതവും വംശീയതയും ചെറുപ്പവും വലുപ്പവും എല്ലാം മറന്ന് ഒരേ മനസ്സോടെ അവരവരുടെ രാജ്യത്തിനു വേണ്ടി പോരാടിയ നിമിഷങ്ങള്‍. ആനന്ദത്തിന്റേയും കണ്ണീരിന്റേയും അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് റിയോ ഒളിംപിക്‌സ് ഗുഡ്‌ബൈ പറഞ്ഞിരിക്കുന്നു. ഇനി അടുത്ത തട്ടകമായ ടോക്കിയോയില്‍ കാണാമെന്ന് പറഞ്ഞ്. 2020ലാണ് ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ ഒളിംപിക്‌സ് മാമാങ്കത്തിന് വേദിയാവുന്നത്.
207 രാജ്യങ്ങളില്‍ നിന്ന് 11,544 താരങ്ങളാണ് റിയോയെ ആവേശം കൊള്ളിക്കാനെത്തിയത്. 28 കായിക ഇനങ്ങളില്‍ 974 മെഡലുകള്‍ വിജയികള്‍ക്കു വേണ്ടി റിയോ ഒരുക്കി. ഇതില്‍ 307 വീതം സ്വര്‍ണവും വെള്ളിയും 360 വെങ്കല മെഡലും ഉള്‍പ്പെടുന്നു. ആവേശത്തിനൊപ്പം പല വിവാദങ്ങളും ആശങ്കകളും റിയോ തരണം ചെയ്തു. സിക്ക വൈറസ് ഭീതിയും ഒളിംപിക്‌സ് വില്ലേജ് ഒരുക്കുന്നതിലെ വീഴ്ചയും ഉത്തേജകമരുന്ന് വിവാദവും റിയോ ഒളിംപിക്‌സിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളായിരുന്നു.
തുടര്‍ച്ചയായ രണ്ടാം തവണയും അമേരിക്ക കിരീടം നിലനിര്‍ത്തിയപ്പോള്‍ ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായെത്തിയ ഇന്ത്യക്ക് റിയോ സമ്മാനിച്ചത് കടുത്ത നിരാശയായിരുന്നു. ലോകകപ്പ് ഫുട്‌ബോൡലെ തോല്‍വിക്ക് നാട്ടില്‍ വച്ച് തന്നെ ബ്രസീല്‍ പകരം ചോദിച്ചത് റിയോയെ ആവേശം കൊള്ളിച്ചു. റിയോയിലൂടെ ഒളിംപിക്‌സിനോട് ഗുഡ്‌ബൈ പറഞ്ഞ ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ടും ദീര്‍ഘദൂര ഓട്ടക്കാരനായ ബ്രിട്ടന്റെ മോ ഫറായും നീന്തല്‍ കുളത്തിലെ സുവര്‍ണ മല്‍സ്യം മൈക്കല്‍ ഫെല്‍പ്‌സും ഇനി വരാനിരിക്കുന്ന ലോക കായിക മാമാങ്കത്തിന്റെ തീരനഷ്ടങ്ങളാണ്.
ഈ ഇതിഹാസങ്ങള്‍ക്കു പുറമേ അവരവരുടെ മല്‍സരവിഭാഗത്തിലെ പല സൂപ്പര്‍താരങ്ങളും ഒളിംപിക്‌സ് കരിയറിനോടും അന്താരാഷ്ട്ര കരിയറിനോടും വിടവാങ്ങിയത് റിയോ കായിക മേളയിലൂടെയായിരുന്നു. എന്നാല്‍, പുത്തന്‍ പ്രതീക്ഷകളുമായി ഒരുപറ്റം യുവതാരങ്ങളുടെ പിറവിക്കും റിയോ സാക്ഷിയായി. ജിംനാസ്റ്റിക്‌സില്‍ റിയോയില്‍ നാല് സ്വര്‍ണവും ഒരു വെങ്കലവും നേടി അമേരിക്കന്‍ യുവ സെന്‍സേഷന്‍ സിമോണ ബിലസാണ് യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത്.
17 ദിനരാത്രങ്ങള്‍ റിയോയെ പ്രകമ്പനം കൊള്ളിച്ച പല വാര്‍ത്തകളും നാം കേള്‍ക്കുകയും വായിക്കുകയും ചെയ്തു. അവയില്‍ ചില പ്രധാനപ്പെട്ടതിലൂടെ ഒന്ന് കണ്ണോടിക്കാം…
വെല്ലുവിളികളില്ലാതെ അമേരിക്ക
തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും വെല്ലുവിളിയില്ലാതെയാണ് അമേരിക്ക ലോക കായിക സിംഹാസനപട്ടം ഒരിക്കല്‍ കൂടി നിലനിര്‍ത്തിയത്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സിനേക്കാള്‍ 18 മെഡല്‍ അധികം നേടിയാണ് അമേരിക്ക റിയോയോട് വിടപറഞ്ഞത്. 46 സ്വര്‍ണവും 37 വെള്ളിയും 38 വെങ്കലവും ഉള്‍പ്പെടെ 121 മെഡലുകളാണ് റിയോയില്‍ അമേരിക്ക വാരിക്കൂട്ടിയത്.
ലണ്ടന്‍ ഒളിംപിക്‌സില്‍ 103 മെഡലുകളായിരുന്നു അമേരിക്കയുടെ സമ്പാദ്യം. സ്വര്‍ണ വേട്ട മാത്രമാണ് ലണ്ടനിലും റിയോയിലും ഒപ്പത്തിനൊപ്പം നിന്നത്. ലണ്ടനിലും 46 സ്വര്‍ണ മെഡലുകളാണ് അമേരിക്ക നേടിയത്. എന്നാല്‍, 28 വെള്ളിയും 29 വെങ്കലവുമായിരുന്നു ലണ്ടനില്‍ അമേരിക്കയ്ക്ക് ലഭിച്ചത്.
അതേസമയം, 2008 ബെയ്ജിങ് ഒളിംപിക്‌സില്‍ ചാംപ്യന്‍മാരായ ചൈനയ്ക്ക് ഇത്തവണ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളൂ. ചൈനയെ പിന്തള്ളി ബ്രിട്ടനാണ് റിയോയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 27 സ്വര്‍ണവും 23 വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ 67 മെഡലുകളാണ് ബ്രിട്ടന് ലഭിച്ചത്. ലണ്ടന്‍ ഒളിംപിക്‌സില്‍ 29 സ്വര്‍ണവും 17 വെള്ളിയും 19 വെങ്കലവും ഉള്‍പ്പെടെ 65 മെഡലുമായി മൂന്നാം സ്ഥാനത്തായിരുന്നു ബ്രിട്ടന്‍. 26 സ്വര്‍ണവും 18 വെള്ളിയും 26 വെങ്കലവും ഉള്‍പ്പെടെ 70 മെഡലുകളാണ് ചൈനയ്ക്ക് റിയോയില്‍ ആകെ നേടാനായത്. ലണ്ടനില്‍ 38 സ്വര്‍ണവും 29 വെള്ളിയും 21 വെങ്കലവും ഉള്‍പ്പെടെ 88 മെഡലുകള്‍ ചൈനയ്ക്ക് ലഭിച്ചിരുന്നു.
410 പേരുമായി റിയോയിലേക്ക് തിരിച്ച ചൈന 20 വര്‍ഷത്തെ ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. 1996 അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ 24 സ്വര്‍ണമായിരുന്നു ചൈനയ്ക്ക് ലഭിച്ചത്. ചൈനീസ് മേധാവിത്വമുള്ള ഇനങ്ങളായ ബാഡ്മിന്റണ്‍, ജിംനാസ്റ്റിക്‌സ് എന്നിവയിലാണ് റിയോയില്‍ പ്രധാന തിരിച്ചടി നേരിട്ടത്. ലണ്ടനില്‍ അഞ്ചു സ്വര്‍ണവും നാല് വെള്ളിയുമടക്കം 12 മെഡല്‍ പിറന്ന ജിംനാസ്റ്റിക്‌സ് ടീമിന് റിയോയില്‍ ഒരു സ്വര്‍ണം പോലും നേടാനായില്ല.
ഉത്തേജകമരുന്ന് വിവാദത്തില്‍ കുടുങ്ങിയെങ്കിലും ലണ്ടന്‍ ഒളിംപിക്‌സിലെ നാലാം സ്ഥാനം റഷ്യ റിയോയിലും നിലനിര്‍ത്തി. 19 സ്വര്‍ണവും 18 വെള്ളിയും 19 വെങ്കലവും ഉള്‍പ്പെടെ 56 മെഡലുകളാണ് റിയോയില്‍ റഷ്യക്ക് ലഭിച്ചത്. ലണ്ടനില്‍ 22 സ്വര്‍ണവും 23 വെള്ളിയും 32 വെങ്കലവും ഉള്‍പ്പെടെ 77 മെഡലുകള്‍ റഷ്യ നേടിയിരുന്നു.
ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാനും ദക്ഷിണ കൊറിയയും വന്‍ മുന്നേറ്റമാണ് റിയോയില്‍ നടത്തിയത്. ജപ്പാന്‍ 12 സ്വര്‍ണവും എട്ട് വെള്ളിയും 21 വെങ്കലവും ഉള്‍പ്പെടെ 41 മെഡലുമായി ആറാം സ്ഥാനത്തെത്തിയപ്പോള്‍ ദക്ഷിണ കൊറിയ ഒമ്പത് സ്വര്‍ണവും മൂന്ന് വെള്ളിയും ഒമ്പത് വെങ്കലവും ഉള്‍പ്പെടെ 21 മെഡലുമായി എട്ടാം സ്ഥാനത്തെത്തുകയായിരുന്നു. ആതിഥേയരായ ബ്രസീല്‍ 13ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഏഴ് സ്വര്‍ണവും ആറ് വെള്ളിയും ആറ് വെങ്കലവും ഉള്‍പ്പെടെ 19 മെഡലുകളാണ് ബ്രസീലിന് ലഭിച്ചത്.
ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ച് പെണ്‍കരുത്ത്
ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി റിയോയിലെത്തിയ ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് പെണ്‍കരുത്ത്. 66 പുരുഷന്‍മാരും 54 വനിതകളുമായാണ് ഇന്ത്യ ബ്രസീലിലെത്തിയത്. 15 കായിക വിഭാഗങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ പ്രതിനിധീകരിക്കുകയും ചെയ്തു.
എന്നാല്‍, പുരുഷ വിഭാഗത്തില്‍ ഒരു മെഡല്‍ പോലും ഇന്ത്യക്ക് നേടാനായില്ല. വനിതകളില്‍ നിന്ന് ലഭിച്ച രണ്ട് മെഡലുകളാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി വി സിന്ധു വെള്ളിയും ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കലവും നേടി രാജ്യത്തിന്റെ അഭിമാനം കാക്കുകയായിരുന്നു. മെഡല്‍ നേടാനായില്ലെങ്കിലും ദീപ കര്‍മാക്കറും ലളിത ബാബറും അവസാനം വരെ ഇഞ്ചോടിഞ്ച് പോരാടി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
കഴിഞ്ഞ രണ്ട് ഒളിംപിക്‌സിനെ അപേക്ഷിച്ച് ഇന്ത്യയുടെ മോശം പ്രകടനമാണ് റിയോയില്‍ കണ്ടത്. 2012 ലണ്ടനില്‍ രണ്ട് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകള്‍ ഇന്ത്യ കരസ്ഥമാക്കിയിരുന്നു. 2008 ബെയ്ജിങില്‍ ഒരു സ്വര്‍ണവും രണ്ട് വെങ്കലവും ഉള്‍പ്പെടെ മൂന്ന് മെഡലുകളാണ് ഇന്ത്യ നേടിയിരുന്നു. ഷൂട്ടിങ്, ഗുസ്തി, ടെന്നിസ് എന്നി ഉറച്ച മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഇനത്തില്‍ ഇന്ത്യ തീര്‍ത്തും നിറംമങ്ങുകയായിരുന്നു.
ലണ്ടന്‍ ഗെയിംസിനെ അപേക്ഷിച്ച മെഡല്‍ പട്ടികയിലും ഇന്ത്യക്ക് കനത്ത തിരിച്ചടി നേരിട്ടു. ലണ്ടനില്‍ 55ാം സ്ഥാനത്തായിരുന്ന ഇന്ത്യ റിയോയില്‍ 67ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
ഇതിഹാസങ്ങള്‍ പടിയിറങ്ങുമ്പോള്‍
വേഗതയുടെ രാജകുമാരനായ ജമൈക്കയുടെ ബോള്‍ട്ടും അമേരിക്കയുടെ സുവര്‍ണ മല്‍സ്യം ഫെല്‍പ്‌സും ബ്രിട്ടന്റെ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഫറായും ചരിത്രം രചിച്ചാണ് റിയോയോടും ഒളിംപിക്‌സിനോടും വിടപറഞ്ഞത്. മൂവരുടെയും അവസാന ഒളിംപിക്‌സായിരുന്നു റിയോയിലേത്. സ്വര്‍ണ നേട്ടത്തില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ തികച്ച് റെക്കോഡിട്ടാണ് ബോള്‍ട്ട് റിയോയിലും താരമായത്.
2008 ബെയ്ജിങില്‍ തുടങ്ങിയ 100, 200, 4-100 റിലേ എന്നിവയിലെ സ്വര്‍ണ നേട്ടം ലണ്ടനിലും റിയോയിലും ബോള്‍ട്ട് നിലനിര്‍ത്തുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം ഒളിംപിക്‌സിലും ഹാട്രിക്ക് തികയ്ക്കുന്ന ആദ്യ അത്‌ലറ്റ് കൂടിയാണ് താരം. ഒമ്പത് സ്വര്‍ണ മെഡലുകളാണ് 100, 200 മീറ്ററുകളില്‍ നിലവിലെ ലോക റെക്കോഡിനുടമയായ ഇതിഹാസ താരം മൂന്ന് ഒളിംപിക്‌സുകളിലായി നേടിയത്.
ഫെല്‍പ്‌സിന്റെ മെഡല്‍ നേട്ടം കണ്ടാല്‍ ഒരു രാജ്യമെന്ന് കരുതിയാല്‍ പോലും തെറ്റില്ല. ഒളിംപിക്‌സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരമാണ് സുവര്‍ണ മല്‍സ്യമെന്ന് അറിയപ്പെടുന്ന ഫെല്‍പ്‌സ്. 23 സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ 28 മെഡലുകളാണ് നാല് ഒളിംപിക്‌സുകളില്‍ നിന്നായി ഫെല്‍പ്‌സ് നീന്തിയെടുത്തത്.
2004 ഏതന്‍സില്‍ തുടങ്ങിയ സുവര്‍ണ വേട്ട 31 കാരനായ താരം റിയോയിലും ആവര്‍ത്തിക്കുകയായിരുന്നു. റിയോയില്‍ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയുമാണ് ഫെല്‍പ്‌സ് വാരിക്കൂട്ടിയത്.
ദീര്‍ഘദൂരത്തില്‍ ഡബിള്‍ ഡബിള്‍ തികച്ചാണ് ഫറാ റിയോയോട് സലാം പറഞ്ഞത്. ലണ്ടനില്‍ തുടങ്ങിയ 10000, 5000 മീറ്ററുകളിലെ സുവര്‍ണ നേട്ടം താരം റിയോയിലും നിലനിര്‍ത്തുകയായിരുന്നു. ദീര്‍ഘദൂര ഓട്ടത്തില്‍ ഡബിള്‍ ഡബിള്‍ തികയ്ക്കുന്ന ഒളിംപിക്‌സ് ചരിത്രത്തിലെ രണ്ടാമത്തെ താരം കൂടിയാണ് ഫറാ.
വിസ്മയം തീര്‍ത്ത് സമാപനച്ചടങ്ങുകള്‍
ബ്രസീലിന്റെ പരമ്പരാഗത നൃത്തരൂപങ്ങള്‍ വിസ്മയം തീര്‍ത്ത രാവില്‍ അടുത്ത ഒളിംപിക്‌സിന് വേദിയാവുന്ന ജപ്പാന്റെ കലാപരിപാടയും ഉണ്ടായിരുന്നു. ഒളിംപിക്‌സ് പതാക ടോക്കിയോ ഗവര്‍ണര്‍ യുറീക്കോ കോയിക്കെയ്ക്കു കൈമാറുകയും ചെയ്തു. വര്‍ണാഭമായ ചടങ്ങുകളോടെ ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ 4.30നാണ് സമാപനച്ചടങ്ങുകള്‍ ആരംഭിച്ചത്.
റിയോയില്‍ ഇന്ത്യക്കു ആദ്യ മെഡല്‍ സമ്മാനിച്ച സാക്ഷിയാണ് സമാപനച്ചടങ്ങില്‍ ദേശീയ പതാകയേന്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss