|    Jan 22 Sun, 2017 1:20 am
FLASH NEWS

ഗുജറാത്ത്: 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 24th August 2016 | Posted By: SMR

ഗാന്ധിനഗര്‍: ഉനയില്‍ ദലിതുകള്‍ക്കു നേരെ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു സഭാ നടപടികള്‍ തടസ്സപ്പെടുത്തിയ 50 കോണ്‍ഗ്രസ് എംഎല്‍എമാരെ ഗുജറാത്ത് നിയമസഭയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ദലിത് ആക്രമണത്തെക്കുറിച്ചു ചര്‍ച്ച നടക്കുന്നതിനിടയില്‍ പ്ലക്കാര്‍ഡുകളുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി. ബിജെപി സര്‍ക്കാര്‍ ദലിത് വിരുദ്ധമാണെന്നാരോപിച്ചു മന്ത്രിമാര്‍ക്കു നേരെ അവര്‍ വളയെറിഞ്ഞു.
പ്രതിഷേധ ബാനറുകള്‍ ധരിച്ചെത്തിയ 20ഓളം എംഎല്‍എമാര്‍ സ്പീക്കര്‍ രാമന്‍ ലാല്‍ വോറെയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചു പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്നു സഭയിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് ബലംപ്രയോഗിച്ച് എംഎല്‍എമാരെ പുറത്താക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. അതിനു ശേഷമാണ് 50 എംഎല്‍എമാരെ ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി സ്പീക്കര്‍ പ്രഖ്യാപിച്ചത്. പ്രതിഷേധ സ മയത്ത് സീറ്റില്‍ തന്നെ ഇരിക്കുകയായിരുന്ന പ്രതിപക്ഷനേതാവ് ശങ്കര്‍ സിങ് വഗേലയെയും മുതിര്‍ന്ന നേതാവ് മോഹന്‍ സിങ് രാത്‌വയെയും സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല.
സഭ സമ്മേളിച്ച ഉടനെതന്നെ ദലിത് ആക്രമണത്തെക്കുറിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ശക്തമായ വാക്കുതര്‍ക്കം നടന്നിരുന്നു. അതേസമയം, ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ മര്‍ദ്ദക നടപടികള്‍ക്കെതിരേ നിയമസഭയിലേക്ക് ജന്‍ ആക്രോശ് റാലി നടത്തിയ 400 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരില്‍ പ്രതിപക്ഷനേതാവ് ശങ്കര്‍സിങ് വഗേല, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി, മുതിര്‍ന്ന നേതാക്കളായ ശക്തി സിങ് ഗോഹില്‍, സിദ്ധാര്‍ഥ് പട്ടേല്‍, രാജ്യസഭാ എംപി മധുസൂദന്‍ മിസ്ത്രി എന്നിവരും 20 എംഎല്‍എമാരും പെടുന്നു. നിയമസഭയിലേക്കു കടക്കാന്‍ ശ്രമിച്ചപ്പോഴാണു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. റാലിക്കായി ആയിരക്കണക്കിന് കോണ്‍ഗ്രസ് അനുകൂലികള്‍ ഗാന്ധി  നഗറില്‍ എത്തിയിരുന്നു. പോലിസ് വലയം ഭേദിച്ച് നിയമസഭയില്‍ കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീടായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരെ പിന്നീടു വിട്ടയച്ചു. ദലിതുകള്‍ക്കും ആദിവാസികള്‍ക്കുമെതിരേ നടക്കുന്ന ആക്രമണം തടയാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു ഭരത് സിങ് സോളങ്കി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക