|    Feb 22 Thu, 2018 4:22 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് സര്‍ക്കാരിന്റെ വിവാദ ഭീകര വിരുദ്ധ ബില്ലിന് കേന്ദ്ര അംഗീകാരം

Published : 10th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രണ്ടു മുന്‍ രാഷ്ട്രപതിമാര്‍ മൂന്നു തവണ  തള്ളിയ ഏറെ വിവാദമായ ഗുജറാത്ത് ഭീകരവിരുദ്ധ ബില്ലിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്ത് സര്‍ക്കാര്‍ നാലാമതും പാസാക്കി കേന്ദ്രത്തിന്റെ അനുമതിക്കായി അയച്ച ബില്ല്, ആഭ്യന്തര മന്ത്രാലയം 2015 സപ്തംബറില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പ്രസിഡന്റിന്റെ സെക്രേട്ടറിയറ്റ് ബില്ലിന്‍മേല്‍ തീരുമാനം എടുക്കാത്തതിനാല്‍ മന്ത്രാലയം ഈ ബില്ല് കഴിഞ്ഞ വര്‍ഷം തിരിച്ചുവാങ്ങിയിരുന്നു. ഈ ബില്ലില്‍ പരിഷ്‌കരണങ്ങള്‍ വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സമര്‍പ്പിക്കുകയായിരുന്നു. പുതുക്കിയ ബില്ല് മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്നും ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്.രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കുന്നതിന് മുമ്പ് നിയമ മന്ത്രാലയം, ഐടി മന്ത്രാലയം എന്നിവയുടെ വിദഗ്ധാഭിപ്രായം തേടുന്ന നടപടികളാണ് നടക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2014ല്‍ ഗുജറാത്ത് അസംബ്ലി പാസാക്കിയ ഗുജറാത്ത് ഭീകരവിരുദ്ധ ബില്ലിലെ (ഗുജറാത്ത് ഭീകരതയും സംഘം ചേര്‍ന്നുള്ള കുറ്റകൃത്യവും നിയന്ത്രിക്കുന്ന ബില്ല്) വകുപ്പുകള്‍ സ്വകാര്യ ആശയവിനിമയങ്ങള്‍ നിരീക്ഷിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് അനിയന്ത്രിതമായ അധികാരം നല്‍കുന്നതാണ്. അന്വേഷണ ഏജന്‍സികള്‍ക്ക് സംശയം തോന്നുന്ന ആരുടെയും ഫോണ്‍കോളുകള്‍ ഒരു അനുമതിയും കൂടാതെ ചോര്‍ത്താനും ഇത് തെളിവായി സ്വീകരിക്കാനും ഈ ബില്ല് പ്രകാരം അനുമതി നല്‍കുന്നുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയുടെ സെക്രേട്ടറിയറ്റില്‍ നിന്ന് ബില്ല് തിരിച്ചുവാങ്ങിയത്. തിരുത്തലുകള്‍ വരുത്താനും സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം തേടാനുമായാണ് ബില്ല് പിന്‍വലിക്കുന്നതെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം.  എന്നാല്‍, തിരുത്തലുകള്‍ വരുത്തി വീണ്ടും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനിരിക്കുന്ന ബില്ലിന്റെ ശൈലിയില്‍ മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നതെന്നും വിവാദ വ്യവസ്ഥകള്‍ മാറ്റിയിട്ടില്ലെന്നുമാണ് മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2003ലാണ് ഗുജറാത്ത് അസംബ്ലിയില്‍ ഈ വിവാദ ബില്ല് ആദ്യമായി പാസാക്കിയത്. സ്വകാര്യ ആശയവിനിമയങ്ങള്‍ നിരീക്ഷിക്കുന്നത് അടക്കമുള്ള വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇത് 2004ല്‍ എപിജെ അബ്ദുല്‍കലാം തിരിച്ചയച്ചിരുന്നു. പിന്നീട് പ്രതിഭാ പാട്ടീല്‍ പ്രസിഡന്റായ സമയത്തും ബില്ല് തള്ളിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss