|    Nov 22 Wed, 2017 9:52 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍; അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണം- സുപ്രിംകോടതി

Published : 11th September 2016 | Posted By: SMR

SUPREME_COURT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അരങ്ങേറിയ വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലുള്ള അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. 2003-2006 കാലയളവിലെ 24 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസുകളിലാണ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടത്.
വിരമിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് എച്ച് എസ് ബേദിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി. സാമൂഹിക പ്രവര്‍ത്തകന്‍ ജാവീദ് അഖ്തര്‍, മഗ്‌സാസെ പുരസ്‌കാര ജേതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ബിജി വര്‍ഗീസ് എന്നിവരുടേത് ഉള്‍പ്പെടെ ഒരുകൂട്ടം ഹരജികളിലാണ് നടപടി. 24 വ്യാജ ഏറ്റുമുട്ടല്‍ കേസുകളും സിബിഐ അന്വേഷിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്.
24 കേസുകളില്‍ 22 എണ്ണം അവസാനിച്ചതായാണ് വിവരമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. 2012 മാര്‍ച്ചിലാണ് എച്ച് എസ് ബേദിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിനായി നിയോഗിച്ചത്. 24 കേസുകളില്‍ ഏതാണ്ട് എല്ലാ കേസുകളിലും നരേന്ദ്ര മോദിയെ കൊലപ്പെടുത്താനെത്തിയ നിരോധിത സംഘടനകളായ ജയ്‌ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ എന്നിവയുടെ പ്രവര്‍ത്തകരെന്ന് ആരോപിച്ചാണ് പോലിസ് വെടിവച്ചു കൊന്നത്.
കൊല്ലപ്പെട്ടവരില്‍ മിക്കവരും മുസ്‌ലിം യുവാക്കളാണെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. വ്യാജ ഏറ്റുമുട്ടലുകളും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കാനും അന്വേഷണം നടത്താനുമായി ഗുജറാത്ത് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നതായി സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. സംഘത്തിനു സ്വയംഭരണാധികാരം നല്‍കിയിട്ടുണ്ട്.
നിഷ്പക്ഷമായി കേസുകള്‍ അന്വേഷിച്ചുവരുന്നതായും പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സാവകാശം വേണമെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് മൂന്നു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക