|    Dec 12 Wed, 2018 9:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് വംശഹത്യ നരേന്ദ്ര മോദിക്കെതിരായ ഹരജി പരിഗണിക്കുന്നത് 26ലേക്ക് മാറ്റി

Published : 20th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്‌ലിം കൂട്ടക്കൊലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് സംബന്ധിച്ച് സകിയ ജഫ്‌രി നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. കൂട്ടക്കൊലയിലെ ഗൂഢാലോചന സംബന്ധിച്ച നരേന്ദ്ര മോദിയുടെ പങ്ക് തള്ളിക്കളഞ്ഞുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ റിപോര്‍ട്ട് ശരിവച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് സകിയയും സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് എന്ന സന്നദ്ധ സംഘടനയും സുപ്രിംകോടതിയെ സമീപിച്ചത്.
വംശഹത്യക്കിടെ സംഘപരിവാര അക്രമികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജഫ്‌രിയുടെ ഭാര്യയാണ് സകിയ ജഫ്‌രി. ഭരണകൂടത്തിന്റെ പിന്തുണയോടെ ദിവസങ്ങളോളം നീണ്ടുനിന്ന കൂട്ടക്കൊലകള്‍ക്കും സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കും കൊള്ളകള്‍ക്കും നേരെ നരേന്ദ്ര മോദിയും മറ്റു പ്രതികളും കണ്ണടച്ചുവെന്നും ഗൂഢാലോചന വീണ്ടും അന്വേഷിക്കണമെന്നുമാണ് ഇവര്‍ നല്‍കിയ ഹരജിയിലെ ആവശ്യം.
ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കറും ദീപക് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹരജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. ഈ ബെഞ്ചിലെ ജഡ്ജിമാര്‍ക്ക് മറ്റൊരു പ്രത്യേക ബെഞ്ചിന്റെ ഭാഗമായി വേറൊരു കേസ് കേള്‍ക്കാനുള്ളതിനാലാണ് ഹരജി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി തിങ്കളാഴ്ചത്തേക്കു മാറ്റിവച്ചത്.
ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ, ഹരജി സമര്‍പ്പിക്കാനുള്ള ഇരുവരുടെയും അവകാശത്തെ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) അഭിഭാഷകന്‍ മുകുള്‍ രോഹത്ഗി ചോദ്യം ചെയ്തു. എസ്‌ഐടി റിപോര്‍ട്ട് വസ്തുതയാണെന്നും ഇനിയും ഇത് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കോടതി അനുവദിക്കരുതെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഹൈക്കോടതി നേരത്തേ ഹരജി തള്ളിയതാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം.
എന്നാല്‍, ഹരജി തള്ളണമെന്ന് എസ്‌ഐടിക്ക് കോടതിയിലെത്തി ആവശ്യപ്പെടാനാവില്ലെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു. കേസില്‍ എതിര്‍കക്ഷിയായ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയക്കുന്നതിനെ ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍ എതിര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss