|    Jan 21 Sat, 2017 7:46 am
FLASH NEWS

ഗുജറാത്ത് വംശഹത്യക്കേസ് പ്രതിയെ ബ്രിട്ടന്‍ ഇന്ത്യക്ക് കൈമാറി

Published : 19th October 2016 | Posted By: SMR

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യാക്കേസിലെ പ്രതി സമിര്‍ഭായി വിനുഭായ് പട്ടേലിനെ ബ്രിട്ടന്‍ ഇന്ത്യക്ക് കൈമാറി. ആഗസ്തില്‍ അറസ്റ്റിലായ പട്ടേലിനെ ഇന്നലെയാണ് നാടുകടത്തിയതെന്ന് സ്‌കോട്ട്‌ലന്‍ഡ്‌യാര്‍ഡ് പോലിസ് പ്രസ്താവനയില്‍ പറഞ്ഞു. കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യയും ബ്രിട്ടനും 1992ല്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് നടപടി. കരാര്‍ നിലവില്‍ വന്ന ശേഷം ആദ്യം നാടുകടത്തപ്പെടുന്നയാളാണ് സമിര്‍ പട്ടേല്‍.
വംശഹത്യയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന വിചാരണയ്ക്ക് പട്ടേലിനെ വിട്ടുകിട്ടണമെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കേന്ദ്ര സര്‍ക്കാരും ആവശ്യപ്പെട്ടതു പ്രകാരമാണ് 40കാരനായ ഇയാളെ അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വം കൊലപാതകം നടത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം തുടങ്ങിയ ഐപിസി നിയമത്തിലെ ഗുരുതരമായ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
2002 മാര്‍ച്ച് ഒന്നിന് ഒമ്പതു സ്ത്രീകളും കുട്ടികളും അഞ്ചു പുരുഷന്മാരും ഉള്‍പ്പെടുന്ന മുസ്‌ലിം കുടുംബങ്ങളെ ജീവനോടെ ചുട്ടുകൊന്നുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്. അറസ്റ്റിലായ സമിറിന് വിചാരണ പൂര്‍ത്തിയാവും മുമ്പേ ജാമ്യം ലഭിച്ചതോടെ ഇയാള്‍ വിദേശത്തേക്കു കടക്കുകയായിരുന്നു. കേസില്‍ 2012 ഏപ്രില്‍ ഒമ്പതിന് 23 പേരെ കുറ്റക്കാരായി സ്‌പെഷ്യല്‍ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍, സമിര്‍ പട്ടേലിന്റെ വിചാരണ പൂര്‍ത്തിയായിരുന്നില്ല. ഇയാളുടെ കൂട്ടുപ്രതികളായ രാകേഷ് പട്ടേല്‍, നാഥു പട്ടേല്‍ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വ്യാജ പാസ്‌പോര്‍ട്ടുപയോഗിച്ചാണ് മൂന്നുപേരും രാജ്യം വിട്ടത്. ഇതേത്തുടര്‍ന്ന് മൂന്നു പേര്‍ക്കുമെതിരേ ഇന്ത്യന്‍ ഏജന്‍സികള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ ഹോണ്‍സ്ലോവില്‍ താമസിച്ചു വരുന്നതിനിടെ ആഗസ്ത് ഒമ്പതിനാണ് സമിര്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ വലയിലാവുന്നത്. പിന്നീട് ആഗസ്ത് 10ന് ഇയാളെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്കു മുമ്പാകെ ഹജരാക്കുകയും ചെയ്തു. ശേഷം കഴിഞ്ഞമാസം 22ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആംബര്‍ റുഡ്ഡ് നാടുകടത്തല്‍ സംബന്ധിച്ച ഉത്തരവില്‍ ഇന്ത്യന്‍ അധികൃതരുമായി ഒപ്പുവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യക്ക് കൈമാറുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക