|    Jan 25 Wed, 2017 3:11 am
FLASH NEWS

ഗുജറാത്ത്: രാഷ്ട്രീയത്തിലിറങ്ങുമെന്ന് ഹാര്‍ദിക്; ഹാര്‍ദിക് പട്ടേലിനെ സ്വാധീനിക്കാന്‍ പ്രതിപക്ഷ മല്‍സരം

Published : 18th July 2016 | Posted By: SMR

അഹ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെ സ്വാധീനിക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ കിടമല്‍സരം. കോണ്‍ഗ്രസ്, എന്‍സിപി, എഎപി കക്ഷികളാണ് അദ്ദേഹത്തെ പാട്ടിലാക്കാനുള്ള ശ്രമം തുടങ്ങിയത്. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് ഹാര്‍ദിക് സൂചിപ്പിച്ചിട്ടുണ്ട്. സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലിലായ ഹാര്‍ദിക് ഗുജറാത്ത് ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മോചിതനായത്.
പട്ടേല്‍ സമുദായത്തിന് ഒബിസി സംവരണം അനുവദിക്കണമെന്നാണ് ആവശ്യം. താന്‍ രാഷ്ട്രീയത്തില്‍ ചേരണമോയെന്നത് പട്ടേല്‍ സമുദായാംഗങ്ങള്‍ തീരുമാനിക്കുമെന്നാണ് ഹാര്‍ദിക് പറഞ്ഞത്. ഇതെത്തുടര്‍ന്ന് ചില കക്ഷികള്‍ നേരിട്ടും മറ്റു ചിലര്‍ മധ്യസ്ഥര്‍ മുഖേനയും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. ഗുജറാത്തിലെ ജനസംഖ്യയില്‍ 18 ശതമാനം പട്ടേല്‍ സമുദായക്കാരാണ്. സംവരണപ്രക്ഷോഭം വരെ ഇവര്‍ ബിജെപിയെ ആണ് തുണച്ചിരുന്നത്.
ജയില്‍ മോചിതനായ ഹാര്‍ദികിനെ ആദ്യം അഭിവാദ്യം ചെയ്തത് എന്‍സിപി നേതാവ് ജയന്ത് പട്ടേലാണ്. ഹാര്‍ദികിന് വേണ്ടി തന്റെ പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നിട്ടതായി അദ്ദേഹം പറഞ്ഞു. സൂറത്തില്‍ ഹാര്‍ദിക്കിന്റെ ചിത്രങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹം ജയില്‍ മോചിതനായപ്പോള്‍ സ്വീകരിക്കാനുമെത്തി. കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്രം അംഗീകരി ക്കുന്ന ആര്‍ക്കും തന്റെ പാര്‍ട്ടിയില്‍ ചേരാമെന്ന് ഹാര്‍ദിക്കിനെയും സഹപ്രവര്‍ത്തകരെയും ബോധ്യപ്പെടുത്തിയതായി കോണ്‍ഗ്രസ് വക്താവ് മനിഷ് ദോഷി പറഞ്ഞു. എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും ഹാര്‍ദിക്കിനെ പിന്തുണച്ചിട്ടുണ്ട്. പട്ടേല്‍ പ്രക്ഷോഭത്തെ തുണച്ചതിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട നളിന്‍ കോട്ടാഡിയയുമായി കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തി. പട്ടേല്‍ പ്രക്ഷോഭ നേതാക്കളെ എഎപിയില്‍ അണിനിരത്താന്‍ കെജ്‌രിവാള്‍ ആവശ്യപ്പെട്ടുവെന്നാണറിയുന്നത്. ഹാര്‍ദിക്കിനെ കണ്ട് ചര്‍ച്ച നടത്താന്‍ പാര്‍ട്ടി നേതാക്കളായ അശുതോഷിനെയും കനുഭായ് കല്‍സാരിയയെയും അഹ്മദാബാദിലേക്ക് അയച്ചിരുന്നു.
എന്നാല്‍, ഹാര്‍ദിക് എത്താന്‍ രാത്രി വൈകിയതിനാല്‍ കൂടിക്കാഴ്ച നടന്നില്ല. തങ്ങളുടെ പ്രത്യയശാസ്ത്രം സ്വീകരിക്കുന്നുവെങ്കില്‍ ഹാര്‍ദിക്കിനും കൂട്ടര്‍ക്കും എഎപിയിലേക്ക് സ്വാഗതമെന്ന് കല്‍സാരിയ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 252 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക